കേരളം ഇന്ന് ഒരു പുതിയ ചരിത്രം കൂടി രചിക്കുന്നു. ഭൂമി സംബന്ധിച്ചുള്ള തർക്കങ്ങളില്ലാത്ത നാടായി മലയാളക്കരയെ മാറ്റുന്നതിന് റവന്യു വകുപ്പ് ജനകീയമായ ഒരു ചുവടുവയ്പിലാണ്. കേരളത്തിന്റെ ഭൂഭരണത്തിൽ പുത്തനധ്യായം രചിച്ച് റവന്യു-സർവേ-രജിസ്ട്രേഷൻ സംയോജിത ഡിജിറ്റൽ പോർട്ടൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനമുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും. ഡിജിറ്റൽ റീ സർവേയിലൂടെ ഭൂമിയുടെ കൈവശം കൃത്യവും സുതാര്യവുമായി അളന്ന് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭൂവുടമകളുടെ പങ്കാളിത്തത്തോടെ അവയെല്ലാം തർക്കമില്ലാത്ത സുരക്ഷിത ഡിജിറ്റൽ രേഖയാകും.
വില്ലേജുകൾ വഴി ഭൂമി സംബന്ധമായ നിരവധി സേവനങ്ങൾ നിലവിൽ റവന്യു വകുപ്പിന്റെ ‘റെലിസ്’ എന്ന പോർട്ടലിലൂടെയാണ് നൽകിവരുന്നത്. റെലിസ്, ഭൂമി കൈമാറ്റങ്ങൾക്ക് സഹായകരമായി രജിസ്ട്രേഷൻ വകുപ്പിന്റെ ‘പേൾ’, ഡിജിറ്റൽ റീസർവേ ഭൂവിവരങ്ങൾ അടങ്ങിയ സർവേ വിഭാഗത്തിന്റെ ‘ഇ മാപ്സ്’ എന്നീ മൂന്ന് പോർട്ടലുകള്‍ സംയോജിപ്പിച്ചുകൊണ്ട് ‘എന്റെ ഭൂമി’ എന്ന പേരിൽ ഒരു ഓൺലൈൻ സംവിധാനം ഇന്ന് മുതൽ നിലവിൽ വരികയാണ്.
ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഏറെ മുന്നിൽ നിൽക്കുന്ന ലോകരാജ്യങ്ങളിൽ വിരലിലെണ്ണാവുന്ന ഇടങ്ങളിൽ മാത്രമേ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം നിലവിലുള്ളൂ. എസ്തോണിയ, സിംഗപ്പൂർ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് ഭൂരേഖകളുടെ ഡിജിറ്റൈസേഷൻ പൂർത്തിയാക്കിയിട്ടുള്ളത്. യുകെ, ഓസ്ട്രേലിയ, കാനഡ, ജർമ്മനി എന്നീ രാജ്യങ്ങൾ ഭാഗികമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇവരോടെല്ലാം കിടപിടിക്കുംവിധം ഭൂരേഖകളുടെ സമഗ്ര ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതിലൂടെ ഒരു പുതിയ കേരള മാതൃക കൂടി യാഥാർത്ഥ്യമാകുകയാണ്. ഇതുവഴി ഈ രംഗത്ത് കേരളം ലോകനിലവാരത്തിലേക്ക് ഉയരുകയാണ്.
സംയോജിത ഡിജിറ്റൽ പോർട്ടല്‍ കേവലം ഒരു ഓൺലൈൻ സംവിധാനം മാത്രമല്ല. ലോകത്തിനാകെ മാതൃകയായി കേരളം നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമത്തിന്റെ തുടർച്ചയും അഭിലഷണീയ കൂട്ടിച്ചേർക്കലുമാണ് ‘ഡിജിറ്റൽ റീ സർവേയും’ ‘എന്റെ ഭൂമി’ എന്ന സംയോജിത പോർട്ടലും. 1970 ജനുവരി ഒന്നിന് കേരളത്തിൽ നിലവിൽ വന്ന സമഗ്ര ഭൂപരിഷ്കരണ നിയമം പോലെ കേരളത്തിന്റെ മറ്റൊരു ചരിത്രമാണ് 2023ൽ എൽഡിഎഫ് തുടര്‍സർക്കാർ ആരംഭിച്ച ഡിജിറ്റൽ ലാൻഡ് സർവേ. ഇതൊരു രണ്ടാം ഭൂപരിഷ്കരണമാണ്. എല്ലാവർക്കും ഭൂമിയും അവയ്ക്ക് കൃത്യമായ രേഖകളും ഉണ്ടാകണമെന്നുള്ള ഇടതുജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യത്തിലൂന്നി പദ്ധതികൾ തയ്യാറാക്കിയാണ് ഈ മുന്നേറ്റം. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി റവന്യു വകുപ്പ് ഏറ്റെടുത്ത ഏറ്റവും ശക്തമായ തീരുമാനമാണ് ഡിജിറ്റൽ റീ സർവേ.
1966ലാണ് കേരളത്തിൽ റീ സർവേ നടപടികൾ ആരംഭിക്കുന്നത്. 57 വർഷം പിന്നിട്ട് തിരിഞ്ഞുനോക്കുമ്പോൾ ആകെയുള്ള 1666 വില്ലേജുകളിൽ 921 എണ്ണത്തിൽ മാത്രമാണ് റീ സർവേ പൂർത്തിയാക്കിയത്. ചങ്ങല ഉൾപ്പെടെയുള്ള പരമ്പരാഗത സർവെ ഉപകരണങ്ങൾ മാത്രമാണ് നമുക്ക് ലഭ്യമായിരുന്നത് എന്നതാണ് ഇത്തരത്തിൽ കാലതാമസം ഉണ്ടാകാൻ കാരണം. 1996 കാലഘട്ടത്തിൽ ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ എന്ന പുതിയ സാങ്കേതിക വിദ്യ നിലവിൽ വന്നെങ്കിലും ഉദ്ദേശിച്ച വേഗത കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല. 16 വർഷംകൊണ്ട് ആകെ 92,000 ഹെക്ടർ ഭൂമി മാത്രമാണ് ഇതിലൂടെ അളന്ന് തിട്ടപ്പെടുത്താനായത്.
ഇതിനിടെ ഭൂമി സംബന്ധമായ തർക്കങ്ങളുടെ എണ്ണം വർധിച്ചു. അതിനനുസൃതമായി സർവെ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യവും സൃഷ്ടിക്കപ്പെട്ടു. ഈ ഘട്ടത്തിലാണ് കേരളത്തെ സമഗ്രവും സുതാര്യവുമായി വേഗത്തിൽ അളന്ന് തിട്ടപ്പെടുത്തുന്ന ഡിജിറ്റൽ ലാൻഡ് സർവേ എന്ന ആശയത്തിലേക്ക് നാം പോയത്. ഇന്ത്യയിലെ ആധുനിക സങ്കേതങ്ങളായ കോർസിന്റെ 28 സ്റ്റേഷനുകളുടെ ജിയോ നെറ്റ്‌വർക്കും, നാവിഗേറ്റർ സാറ്റലൈറ്റ് സിഗ്നലിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആർടികെ ഉപകരണങ്ങളുടെയും റോബോട്ടിക് ടോട്ടൽ സ്റ്റേഷനുകളുടെയും സഹായത്തോടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് മാതൃകയായി ഇപ്പോൾ ഡിജിറ്റൽ സർവേ മുന്നേറുകയാണ്. ഇതിനകം തന്നെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളും, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ഡിജിറ്റൽ സർവേയുടെ കേരള മാതൃക അതത് ഇടങ്ങളിൽ അവലംബിക്കുന്നതിന് മുന്നോടിയായി കേരളത്തിലെത്തി പഠനങ്ങൾ നടത്തിയിരുന്നു.
എന്റെ ഭൂമി എന്ന പോർട്ടലിലൂടെ സംസ്ഥാനത്തെ മുഴുവൻ ഭൂമിയുടെയും ഡിജിറ്റൽ രേഖ പ്രസിദ്ധീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. 2022 നവംബർ ഒന്നിന് ആരംഭിച്ചെങ്കിലും സാങ്കേതിക ഉപകരണങ്ങളുടെ ലഭ്യത, ജീവനക്കാരുടെ നിയമനം എന്നിവ സാധ്യമാക്കുന്നതിനെടുത്ത കാലതാമസം തുടക്കത്തിൽ തടസങ്ങളുണ്ടാക്കിയിരുന്നു. 2023ലാണ് എല്ലാ സംവിധാനങ്ങളോടെയുമുള്ള സർവേ ആരംഭിച്ചത്. 212 വില്ലേജുകളിലെ 35.5 ലക്ഷം ലാൻഡ് പാർസലുകളിലായി 4.87 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവേ ഡിജിറ്റലായി ഇതിനകം പൂർത്തിയാക്കി, 9 (2) വിജ്ഞാപനം പുറപ്പെടുവിച്ചു.
റീസർവേ നടക്കുന്ന വില്ലേജുകളിലെ എല്ലാ വാർഡുകളിലും ഗ്രാമസഭയുടെ മാതൃകയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് സർവേ സഭകളും ഡിജിറ്റൽ സർവേയെ സഹായിക്കാനും നിരീക്ഷിക്കാനുമായി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതികളും രൂപീകരിച്ച് ഭൂവുടമകളുടെ സാന്നിധ്യത്തിലാണ് സർവേ നടപടികൾ നടന്നുവരുന്നത്. നടപടികളിലെ ജനകീയതയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. സർവേ പൂർത്തീകരിച്ച് കരട് പ്രസിദ്ധീകരിക്കുമ്പോൾത്തന്നെ എന്റെ ഭൂമി പോർട്ടലിൽ അത് അപ്‌ലോഡ് ചെയ്യപ്പെടും. ഇതിൽ ആക്ഷേപം ബോധിപ്പിക്കാനുള്ള അവസരം തത്സമയം അതേ പോർട്ടലിൽ തന്നെ ലഭ്യമാണ്. ഇതുമൂലം തുടർ പരാതികളുടെയും ഭൂമി തർക്ക കേസുകളുടെയും എണ്ണം കുറയ്ക്കാൻ കഴിയും എന്നതാണ് പ്രധാന നേട്ടം.
ചുരുങ്ങിയ സമയത്ത് തന്നെ കേരളത്തിൽ ഡിജിറ്റൽ സർവേ നടപടികൾ പൂർത്തീകരിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. സർവേ പൂർത്തീകരിക്കുന്ന വില്ലേജുകളിൽ എന്റെ ഭൂമി എന്ന സംയോജിത പോർട്ടൽ കൂടി യാഥാർത്ഥ്യമാകുന്നതോടെ ഭൂമി കൈമാറ്റ പ്രക്രിയയിൽ അഭിമാനകരമായ നേട്ടം കൈവരിക്കാനാകും.
ഭൂമിയുടെ കൈമാറ്റം, ഭൂമി രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷൻ, ഓട്ടോ മ്യൂട്ടേഷൻ, ലൊക്കേഷൻ സ്കെച്ച്, ബാധ്യതാ സർട്ടിഫിക്കറ്റ്, ഭൂമിയുടെ നികുതി അടവ്, ഭൂമി തരംമാറ്റം, ഭൂമിയുടെ ന്യായവില നിർണയം തുടങ്ങി നിരവധി സേവനങ്ങൾ എല്ലാം ഒറ്റ പോർട്ടലിലൂടെ ലഭ്യമാകുന്ന ഒരു സംസ്ഥാനമായി കേരളം മാറുകയാണ്.
വില്ലേജ്, സർവേ, രജിസ്ട്രേഷൻ ഓഫിസുകള്‍ എന്നിവിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ലഭ്യമാക്കേണ്ടിയിരുന്ന സേവനങ്ങളാണ് ഈവിധം വിരൽത്തുമ്പിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. റവന്യു, സർവേ, രജിസ്ട്രേഷൻ വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിയ ‘എന്റെ ഭൂമി സംയോജിത പോർട്ടലി‘ലൂടെ കാര്യക്ഷമതയും വേഗത്തിലുള്ളതുമായ സേവനമാണ് സർക്കാർ ജനങ്ങൾക്ക് സമ്മാനിക്കുന്നത്. ഒപ്പം സുതാര്യതയും സുരക്ഷയും ഉറപ്പുവരുത്തുകയും ചെയ്യുന്നു.