Site iconSite icon Janayugom Online

മണിപ്പൂരില്‍ വീണ്ടും വന്‍ പ്രതിഷേധം

സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ പ്രതിഷേധം ശക്തം. കുക്കി വിമൻ ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നൂറുകണക്കിന് ആളുകൾ പങ്കുചേര്‍ന്നു. ഇന്ന് രാവിലെ 11 മണിയോടെ സിആർപിഎഫിനെതിരായ പ്ലക്കാര്‍ഡുമായി പ്രതിഷേധക്കാര്‍ തെരുവിലേക്കിറങ്ങുകയായിരുന്നു. സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതേസമയം സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇതുവരെ പൊലീസ് വിട്ടുകൊടുത്തിട്ടില്ല.
സംസ്ഥാനത്ത് വംശീയ കലാപത്തിൽ കൊല്ലപ്പെട്ട കുക്കി ജനതയെ സംസ്കരിച്ച സ്ഥലത്തേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി. 

നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സംഘടന കത്ത് നല്‍കി. കാങ്‌പോക്‌പി ജില്ലയിലും തെങ്‌നൗപാൽ ജില്ലയിലെ മോറെയിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
തിങ്കളാഴ്ച മ്യാൻമറിൽ നിന്നുള്ള കുക്കി വിഭാഗക്കാര്‍ അതിർത്തി കടന്നെത്തി പൊലീസ് സ്റ്റേഷനുനേരെ ആക്രമണം നടത്തിയതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തുടര്‍ന്ന് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 11 കുക്കി വിഭാഗക്കാര്‍ കൊല്ലപ്പെടുകയായിരുന്നു. 

Exit mobile version