Site iconSite icon Janayugom Online

ഒരു മന്ത്രികൂടി ബിജെപി വിട്ടു; കലങ്ങി മറിഞ്ഞ് യുപി

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല്‍ നില്ക്കേ ഉത്തര്‍പ്രദേശ് രാഷ്ട്രീയം കലങ്ങി മറിയുന്നു. കനത്ത തിരിച്ചടിയായി ബിജെപിയില്‍ നിന്നുള്ള പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഇന്നലെ സംസ്ഥാന വനം ‑പരിസ്ഥിതി മന്ത്രി ദാരാസിങ് ചൗഹാന്‍ രാജിവച്ചതോടെ മണിക്കൂറുകളുടെ ഇടവേളയില്‍ പാര്‍ട്ടി വിട്ട മന്ത്രിസഭാംഗങ്ങളുടെ എണ്ണം രണ്ടായി. ചൊവ്വാഴ്ച തൊഴില്‍ വകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യ രാജിവച്ചിരുന്നു. തുടര്‍ന്ന് നാല് എംഎല്‍എമാരും പാര്‍ട്ടി വിട്ടു. ഇതോടെ 24 മണിക്കൂറിനുള്ളില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ബിജെപി നേതാക്കളുടെ എണ്ണം ആറായി.
ദളിതരെയും പിന്നാക്ക വിഭാഗങ്ങളെയും അവഗണിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ദാരാസിങ് ചൗഹാന്‍ പറഞ്ഞു. ഇതിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയിലെത്തി.
അതിനിടെ ചൊവ്വാഴ്ച ബിജെപി വിട്ട നിയമസഭാംഗം, കിടപ്പുരോഗിയായ വിനയ് ഷാക്യയെ തട്ടിക്കൊണ്ടുപോയെന്ന് മകളും അല്ലെന്ന് ഷാക്യയും വ്യക്തമാക്കിയത് കൗതുകമായി. അവരുടെ കുടുംബപ്രശ്നമാണ് തട്ടിക്കൊണ്ടുപോകല്‍ പരാതിക്കു പിന്നിലെന്ന് ഇറ്റാവ പൊലീസ് ചീഫിന്റെ വീഡിയോ സന്ദേശവും പുറത്തുവന്നു.
പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി എല്ലാ വിഭാഗങ്ങളും രംഗത്തുണ്ട്.

പാര്‍ട്ടി വിട്ടതിന് പിന്നാലെ അറസ്റ്റ് വാറണ്ട്

ബിജെപി വിട്ടതിന് തൊട്ടുപിന്നാലെ സ്വാമി പ്രസാദ് മൗര്യയ്ക്ക് അറസ്റ്റ് വാറണ്ട്. ഏഴ് വര്‍ഷം പഴക്കമുള്ള കേസിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് സംസ്ഥാന തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ പാര്‍ട്ടി വിട്ടത്.
ദൈവങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് 2014ലാണ് മൗര്യയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രത്യേക എംപി-എംഎല്‍എ കോടതി ജനുവരി 24ന് കേസ് പരിഗണിക്കും.

“ബിജെപിയില്‍ ഭൂകമ്പം”

തന്റെ രാജി ബിജെപിയില്‍ ഭൂകമ്പം സൃഷ്ടിച്ചുവെന്ന് സ്വാമി പ്രസാദ് മൗര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 14 വര്‍ഷത്തെ വനവാസത്തിനുശേഷം ബിജെപിക്ക് യുപിയില്‍ അധികാരത്തിലെത്താനായത് താന്‍ ചേര്‍ന്നതിന് ശേഷമാണ്. കൂടുതല്‍ മന്ത്രിമാരും എംഎല്‍എമാരും ബിജെപി വിടും, ബിജെപിയുടെ പതനം തുടങ്ങിക്കഴിഞ്ഞു. ബിജെപിയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കുമെന്നും വെള്ളിയാഴ്ചവരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എസ്‌പി, കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍

മന്ത്രിമാരുള്‍പ്പെടെ ബിജെപിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെ ഓരോ സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേക്കേറി.
സിര്‍സ ഗഞ്ചില്‍ നിന്നുള്ള എസ്‌പിയുടെ നിയമസഭാംഗം ഹരി ഓം യാദവ്, സഹാറന്‍പുരില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗം നരേഷ് സയിനി എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
മൂന്നുതവണയായി നിയമസഭാംഗമാണ് ഹരി ഓം യാദവ്. എസ്‌പിയില്‍ നിന്ന് മുന്‍ എംഎല്‍എ ധര്‍മപാല്‍ സിങ്ങും ബിജെപിയില്‍ ചേര്‍ന്നു.

Eng­lish Sum­ma­ry: Anoth­er min­is­ter leaves BJP; UP in turmoil

You may like this video also

Exit mobile version