Site iconSite icon Janayugom Online

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് വീണ്ടും സുരക്ഷാ മുന്നറിയിപ്പ്

ഗൂഗിളിന്റെ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് വീണ്ടും ഇന്ത്യയില്‍ സുരക്ഷാ മുന്നറിയിപ്പ്. വിൻഡോസിലും മാക്സിലും ക്രോം ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കാണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഹാക്കർമാർക്ക് സുരക്ഷയെ മറികടന്ന് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും എന്ന ഗുരുതരമായ പ്രശ്നത്തെ ചൂണ്ടിക്കാണിച്ചാണ് മുന്നറിയിപ്പ്. ക്രോമിലെ സുരക്ഷാ പിഴവ് സംബന്ധിച്ച് സെപ്റ്റംബര്‍ മാസം രണ്ടാം തവണയാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-IN) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഗൂഗിൾ ക്രോമിൽ സുരക്ഷയില്‍ ചില ദുർബലതകൾ നിലനിൽക്കുന്നതായും ഇത് മുതലാക്കി ഹാക്കര്‍മാര്‍ക്ക് ചൂഷണം ചെയ്യാന്‍ കഴിയുമെന്നും 2025 സെപ്റ്റംബര്‍ 18ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ പരാമര്‍ശിച്ചിരുന്നു. ഈ സുരക്ഷാ പഴുതിനെ കുറിച്ച് ക്രോം അധികൃതരും കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. വിന്‍ഡോസിലും മാക്കിലും 140.0.7339.185/.186‑ന് മുമ്പുള്ള ഗൂഗിള്‍ ക്രോം പതിപ്പുകൾ, ലിനക്‌സില്‍ 140.0.7339.185‑ന് മുമ്പുള്ള ക്രോം പതിപ്പുകള്‍ എന്നിവയിലാണ് സുരക്ഷാമുന്നറിയിപ്പ്.

Exit mobile version