Site iconSite icon Janayugom Online

അഡാനിക്ക് വീണ്ടും ആഘാതം

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം അഡാനി ഗ്രൂപ്പിന് മറ്റൊരു ആഘാതമായി ആഗോള അക്കൗണ്ടിങ്‌ സ്ഥാപനമായ ഡിലോയിറ്റിന്റെ പിന്മാറ്റം. അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് അഡാനി പോര്‍ട്സിന്റെ ഓഡിറ്റര്‍ സ്ഥാനമാണ് ഡിലോയിറ്റ് ഹസ്‌കിന്‍സ് ആന്റ് സെല്‍സ് ഒഴിഞ്ഞിരിക്കുന്നത്. കരാറില്‍ നാലുവര്‍ഷം ബാക്കിനില്‍ക്കെയാണ് പിന്മാറ്റം. അഡാനി ഗ്രൂപ്പിന്റെ വിപണി ഇടപാടുകളെക്കുറിച്ച്‌ ഓഹരിവിപണി റെഗുലേറ്ററായ സെബി സുപ്രീം കോടതിക്ക് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഡിലോയിറ്റിന്റെ രാജി. ഈ മാസം 14 വരെയായിരുന്നു സുപ്രീം കോടതി സെബിക്ക് സമയം അനുവദിച്ചിരിക്കുന്നത്. അഡാനി ഗ്രൂപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളും ഓഡിറ്ററുടെ രാജിയോടെ വീണ്ടും മുഖ്യധാരയിലേക്കെത്തി. ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണം നടത്താൻ അഡാനി പോര്‍ട്സിനോട് ഡിലോയിറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഡാനി പോര്‍ട്സ് ഈ ആവശ്യം അംഗീകരിച്ചില്ല. അഡാനി പോര്‍ട്സിന്റെ ഇടപാടുകളെക്കുറിച്ച്‌ പല സംശയങ്ങളും ഡിലോയിറ്റ് ഉന്നയിച്ചു. 

ഹിൻഡൻബര്‍ഗ് പരാമര്‍ശിച്ച കക്ഷികളുമായി അഡാനി സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് ഡിലോയിറ്റിന്റെ നിഗമനം. രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായാണോ ബിസിനസ് എന്നതിലും ഓഡിറ്റര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അഡാനി ഗ്രൂപ്പിന് കീഴിലെ മറ്റ് കമ്പനികളുടെ വിവരങ്ങളും ഓഡിറ്റിങ് കമ്പനി ആരാഞ്ഞു. എന്നാല്‍ ഓരോ കമ്പനിക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാൻ അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി അഡാനി ഗ്രൂപ്പ് ആ നീക്കം തടഞ്ഞു. ഇതോടെയാണ് ഡിലോയിറ്റിന്റെ പിന്മാറ്റമെന്നാണ് സൂചന.
2018ലാണ് അഡാനി പോര്‍ട്‌സിന്റെ ഓഡിറ്ററായി ഡിലോയിറ്റിനെ നിയമിച്ചത്. 2022ല്‍ അഞ്ച് വര്‍ഷത്തേക്ക് പുനര്‍നിയമിച്ചു.

ഓഡിറ്റര്‍ സ്ഥാനം രാജിവയ്ക്കാൻ ഡിലോയിറ്റ് നല്‍കിയ കാരണങ്ങള്‍ പര്യാപ്തമല്ലെന്ന് അഡാനി പോര്‍ട്സ് പറയുന്നു. എംഎസ്‌കെഎ ആന്റ് അസോസിയേറ്റ്സ് ആണ് അഡാനി പോര്‍ട്സിന്റെ പുതിയ ഓഡിറ്റര്‍മാര്‍. ഓഡിറ്റര്‍ സ്ഥാനത്ത് നിന്ന് ഡിലോയിറ്റ് പിന്മാറിയത് അഡാനി ഗ്രൂപ്പിന്റെ ആഗോള തലത്തിലെ പ്രതിച്ഛായയെ ബാധിക്കാനിടയുണ്ട്. നേരത്തെ ബൈജൂസിന്റെ ഓഡിറ്റര്‍ സ്ഥാനത്തു നിന്ന് ഡിലോയിറ്റ് പിന്മാറിയിരുന്നു. ഓഹരിമൂല്യം പെരുപ്പിച്ച്‌ കാട്ടി അഡാനി ഗ്രൂപ്പ് ഓഹരി ഉടമകളെ വഞ്ചിച്ചെന്നായിരുന്നു അമേരിക്കൻ ഫോറൻസിക് ഫിനാൻഷ്യല്‍ റിസര്‍ച്ച്‌ സ്ഥാപനമായ ഹിന്‍ഡൻബര്‍ഗിന്റെ കണ്ടെത്തല്‍. ഈ ഓഹരികള്‍ വച്ച്‌ വൻതുക വായ്പ എടുത്തു. അഡാനി കുടുംബത്തിന് വിദേശത്ത് ഷെല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്നും ഹിന്‍ഡൻബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിഷയത്തിലാണ് സെബി പുതിയറിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Eng­lish Summary;Another shock for Adani

You may also like this video

Exit mobile version