Site iconSite icon Janayugom Online

അന്ത തന്തയ്ക്ക് ഇന്ത പട്ടിരിക്കട്ടും!

പണ്ട് കവികള്‍ പ്രാസദീക്ഷയ്ക്കും വ്യാക്ഷേപങ്ങള്‍ക്കും അര്‍ത്ഥരഹിതമായ വാക്കുകള്‍ കുത്തിത്തിരുകുന്ന ശീലമുണ്ടായിരുന്നു. അങ്ങനെയൊരു കാലത്ത് കോഴിക്കോട് സാമൂതിരി മാനവിക്രമ ദേവന്റെ പണ്ഡിതസദസിലെ പതിനെട്ടര കവികളില്‍ പുനം നമ്പൂതിരി അരക്കവിയും സംസ്കൃത പണ്ഡിതനായ ഉദണ്ഡശാസ്ത്രി മഴുക്കവിയുമായിരുന്നു. അര്‍ത്ഥരഹിതമാണെങ്കിലും പ്രാസഭംഗിക്കുവേണ്ടി പുനം നമ്പൂതിരി ഹന്ത ഫില്ലറിട്ട് ഒരു കവിതയങ്ങട് കാച്ചി; ‘വിക്രമമനുവരാ, ധാരാ ഹന്ത കല്പാന്തതോയേ’ എന്നവസാനിക്കുന്ന സാമൂതിരിക്കുള്ള വാഴ്ത്തുപാട്ട്. ഉദണ്ഡശാസ്ത്രിക്ക് പുനം നമ്പൂതിരിയുടെ ഹന്തപ്രയോഗം നന്നേ, അങ്ങട് ഇഷ്ടായി. നിമിഷകവിയായ ഉദണ്ഡശാസ്ത്രികള്‍ ‘അന്ത ഹന്തയ്ക്ക് ഇന്ത പട്ടിരിക്കട്ടും’ എന്ന് പ്രശംസിച്ച് പൊന്നാട ചാര്‍ത്തിയെന്നാണ് കഥ. അത് അന്തഹന്തക്കാലം. ഇപ്പോഴാണെങ്കിലോ ഒറ്റത്തന്തക്കാലം. ഒറ്റത്തന്തയ്ക്ക് പിറന്നവനാണെങ്കില്‍ സിബിഐയെ വിളിക്ക് എന്നാണ് മുഖ്യമന്ത്രി പിണറായിക്കെതിരെ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ അധിക്ഷേപം. പ്രയോഗം കേട്ടതോടെ മലയാളക്കരയാകെ ഒറ്റത്തന്ത പ്രയോഗത്തില്‍ നീരാടി. എഡിഎം നവീന്‍ബാബുവിനെ തള്ളിപ്പറഞ്ഞ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് 16 തന്തയുണ്ടെന്ന് പി സി ജോര്‍ജ്, സംസ്ഥാന സ്കൂള്‍ കായികമേളയുടെ ഏരിയയില്‍ സുരേഷ് ഗോപിയെ അടുപ്പിക്കില്ലെന്നും കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന ഭയമാണെന്നും മന്ത്രി ശിവന്‍കുട്ടി. മിതവാദികളായ മറ്റുചിലര്‍ പറയുന്നത് പല തന്തയ്ക്ക് പിറന്നാലേ ഒറ്റത്തന്ത പ്രയോഗം നടത്താനാവൂ എന്ന്. ആകെ ഹന്ത തന്തക്കാലം! തന്തയില്ലാത്തവനെന്ന് സുരേഷ് ഗോപിയെ വിളിച്ചാലെന്താ എന്ന് ചില നാട്ടുകാര്‍ ചോദിക്കും. അരുത് അത് നമ്മുടെ സദാചാരബോധത്തിനെതിരാണ്. പിതൃശൂന്യനാണ് എന്നും വിശേഷിപ്പിക്കരുത്. അത് മലയാളിയുടെ സംസ്കാരസമ്പന്നതയ്ക്ക് നിരക്കാത്തതാണ്. എന്തായാലും തന്തക്കേസില്‍ ഇന്നലെ സുരേഷ് ഗോപി പ്രതിയുമായി.
നമ്മുടെ പൊലീസ് പൊളിയല്ലേ, പൊളിയല്ല അടിപൊളി. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പൂരം കലങ്ങിയിട്ടില്ല, വെടിക്കെട്ട് അല്പം വെെകിപ്പോയേ ഉള്ളൂവെന്നായിരുന്നു. ഉടന്‍തന്നെ പൊലീസ് കേസെടുത്തു. പൂരം കലക്കിയത് കലാപാഹ്വാനമാണ്, സമുദായസ്പര്‍ധ വളര്‍ത്താനുള്ള ഗൂഢാലോചനയാണ്. എന്നാല്‍ കേസില്‍ പ്രതികളാരുമില്ല. കണ്ടാലറിയാവുന്ന പ്രതികളെന്നുപോലും പറയാത്ത മഹസര്‍. വെടിക്കെട്ട് വെെകിയതിന് കേസെടുക്കുന്ന പൊലീസ് എന്ന അന്ത ഹന്തയ്ക്കും ഇന്ത പട്ടിരിക്കട്ടും. കഴിഞ്ഞ ദിവസം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തനിക്ക് കിട്ടിയ സ്തുത്യര്‍ഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലുമായി വീട്ടിലെത്തി നാലാം ക്ലാസുകാരനായ മകനെ മെഡല്‍ ഏല്പിച്ചു. കുഞ്ഞാവ മെഡല്‍ സാകൂതം വായിച്ചു. ‘അയ്യേ അച്ഛാ, ഇത് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലല്ലേ.’ മെഡല്‍ ജേതാവായ പൊലീസുകാരന്‍ പെണ്ണുമ്പിള്ളയെക്കൊണ്ടും മെഡല്‍ നോക്കിച്ചു, ‘ഇതെന്താ മനുഷ്യാ, ഇതെന്ത് കുഴിമന്തി മെഡലാ’ എന്നു ഭാര്യ. ഗമയില്‍ മെഡലുമായെത്തിയ പൊലീസുകാരന്‍ തലതാഴ്ത്തിയിരുന്നിട്ട് ഇനിയും ആ ഇരിപ്പില്‍ നിന്ന് എണീറ്റിട്ടില്ല. മെഡലിലെ അക്ഷരങ്ങള്‍ പോലും കൂട്ടിയെഴുതാനറിയാത്ത പൊലീസിന്റെ പരിശീലന അക്കാദമികള്‍ പൂട്ടി പകരം കുടിപ്പള്ളിക്കൂടങ്ങള്‍ തുറന്ന് നിലത്തിലെഴുത്ത് പഠിപ്പിക്കുകയല്ലേ വേണ്ടത്. മുഖ്യമന്ത്രിയെ നാണിപ്പിക്കാന്‍ അദ്ദേഹത്തിന്റെ പൊലീസുതന്നെ നിരന്തരം ശ്രമിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറയുന്നവരെ സംശയിക്കാനാവുമോ. അല്ലെങ്കില്‍പ്പിന്നെ വെടിക്കെട്ട് സ്വല്പം വെെകിയതിന് കലാപാഹ്വാനത്തിന് കേസെടുക്കുമോ.
കല്യാണം മുടക്കികള്‍ക്കെതിരെ യുവ, മധ്യവയസ്കരായ ഒരുകൂട്ടം നാട്ടുകാര്‍ രംഗത്തുവന്ന വാര്‍ത്ത കഴിഞ്ഞ ദിവസം കണ്ടു. ‘കല്യാണം മുടക്കികളായ പരനാറികളുടെ ശ്രദ്ധയ്ക്ക്’ എന്നാണ് ബോര്‍ഡ്. താഴെ കല്യാണമുടക്ക് ഗുണാണ്ടര്‍മാരുടെ ചിത്രങ്ങളുമുണ്ട്. ഇനി കല്യാണം മുടക്കിയാല്‍ ജാതി, മത, രാഷ്ട്രീയ, ഗ്രൂപ്പ് വ്യത്യാസമില്ലാതെ വീട്ടില്‍ കയറി തല്ലുമെന്നാണ് ബോര്‍ഡിലെ മുന്നറിയിപ്പ്. മുടക്കികളുടെ മാതാപിതാക്കളെയും തല്ലിച്ചതയ്ക്കുമെന്നും ഭീഷണിയുണ്ട്. പൊലീസ് ഇനിയും ഈ ബോര്‍ഡ് എടുത്തുമാറ്റിയില്ല. പൊലീസിലും കല്യാണം മുടക്കികള്‍ സൃഷ്ടിച്ച രക്തസാക്ഷികളുണ്ടാകുമല്ലോ. കല്യാണം മുടക്കികളെപ്പോലെ തന്നെയാണ് രാഷ്ട്രീയത്തിലെ ശകുനംമുടക്കികളും. അത്തരം ഒരു ശകുനം മുടക്കിയെക്കുറിച്ചും ബോര്‍ഡ് വയ്ക്കാനുള്ള കാലം അതിക്രമിച്ചിരിക്കുന്നു- പി വി അന്‍വറെ കാണാനില്ല എന്ന ബോര്‍ഡ്. ഇടതുമുന്നണിയുമായി പിണങ്ങി മഹാനാകാനിറങ്ങിയ അന്‍വറുടെ ഇന്നത്തെ അവസ്ഥ കണ്ടാല്‍ പടച്ചോന്‍ പോലും പൊറുക്കില്ല. സിപിഎമ്മിനെക്കാള്‍ സിപിഐയോടാണ് മേല്‍പ്പടിയാന് കലിപ്പ്. പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിക്കുന്നു, യുവതികളെ ഇന്റര്‍വ്യു ചെയ്യുന്നു, കൂലിക്ക് ആളെ കൂട്ടി കണ്‍വെന്‍ഷന്‍ നടത്തുന്നു, കണ്‍വെന്‍ഷനില്‍ കൂലിക്കെത്തിയ ജൂനിയര്‍ നടിമാരെ അന്‍വറിന്റെ സില്‍ബന്ധികള്‍ അധിക്ഷേപിക്കുന്നു, കടന്നുപിടിക്കുന്നു തുടങ്ങിയ എത്രയെത്ര കലാപരിപാടികള്‍. ഇതെല്ലാം കാട്ടിയിട്ട്. ‘കാട്ടിക്കൊട്, മൂട്ടിക്കൊട് മണ്ടിക്കള’ എന്ന മട്ടില്‍ അന്‍വര്‍ സ്വയം നിഷ്കാസിതനാവുന്നു. പണ്ടാരോ പറഞ്ഞപോലെ ‘ഉമിയില്‍ തീ വീണാല്‍ ദീര്‍ഘകാലം കത്തിക്കൊണ്ടിരിക്കും. വെെക്കോല്‍ കൂനയില്‍ തീപിടിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കത്തിയമരും.’ അങ്ങനെ വെെക്കോല്‍ കൂനയില്‍ തീപിടിച്ച് കത്തിയമര്‍ന്നതുപോലെയായി അന്‍വറിന്റെ രാഷ്ട്രീയം.
‘എമ്പ്രാനല്പം കട്ടുഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും’ എന്നാണല്ലോ പ്രമാണം. അത്തരം ഒരു വാര്‍ത്തയാണ് പഞ്ചാബിലെ ജലന്ധറില്‍ നിന്ന് വരുന്നത്. ഓര്‍മ്മയില്‍ കുളിരുകോരിയിടുന്ന ജലന്ധര്‍. അവിടത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഒരു കന്യാസ്ത്രീയെ നിരന്തരം ലെെംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലായയാള്‍. ഇപ്പോള്‍ ബിഷപ്പിന്റെ കുപ്പായം ഊരിവയ്പിച്ച് സഭ ‘വിശ്രമജീവിതം’ കല്പിച്ചുനല്‍കിയിരിക്കുന്നു. ഇപ്പോഴും ഫ്രാങ്കോയുടെ വലംകെെകളാണ് ജലന്ധര്‍ പള്ളിവികാരി ആല്‍ബിന്‍ ആന്റണിയും കപ്യാര്‍ യാരോബിനും. രണ്ടുപേരും മലയാളികള്‍. പള്ളിവക സെന്റ് ജൂഡ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിനോടനുബന്ധിച്ച മൂത്രപ്പുരയില്‍ ഒളികാമറ ഫിറ്റുചെയ്ത് പെണ്‍കുട്ടികള്‍ മൂത്രമൊഴിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തി ആസ്വദിച്ചു എന്ന ഒരൊറ്റ പോക്സോ കുറ്റമേ ചെയ്തിട്ടുള്ളു. ഒരു മിടുക്കിപ്പെണ്ണ് കാമറ കണ്ടുപിടിച്ചു. പൊലീസില്‍ പരാതിയായി. തടിമാടന്‍മാരായ സര്‍ദാര്‍ജി പൊലീസുകാര്‍ കയ്യോടെ പൊക്കി. ഇരകളില്‍, ഇരുവരെയും അറസ്റ്റുചെയ്ത ഒരു പൊലീസുകാരന്റെ മകളുമുണ്ടായിരുന്നു. പിന്നെപ്പറയണോ പൂരം. ടാറ്റാ 10 വര്‍ഷത്തെ തടവിനുശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ കാണാമെന്നുപറഞ്ഞ് രണ്ട് വികാരക്കുളിരണക്കെട്ടുകളും യാത്രയാവുന്നു. ശേഷം ചിന്ത്യം!

Exit mobile version