Site iconSite icon Janayugom Online

എന്റെ സർവകലാശാല എന്റെ ജീവിതം മാത്രം

രയിലും എഴുത്തിലുമായി കേരളത്തിന്റെ കലാസാംസ്കാരിക മണ്ഡലത്തിൽ അരനൂറ്റാണ്ടോളമായി ഗായത്രിയുടെ നിറസാന്നിധ്യമുണ്ട്. ചിത്രങ്ങൾക്കും ശില്പങ്ങൾക്കുമൊപ്പം സർഗാത്മകതയിലുമുണ്ട് നിറങ്ങളുടെ കയ്യൊപ്പ്. ഈ എഴുത്തുകാരന്റെ തൂലികയിൽ നിന്ന് ഉതിർ വീണ കഥ, കവിത, നോവൽ, നിരൂപണം, നാടകം, സിനിമ തുടങ്ങിയ രചനകൾക്കുമുണ്ടായിരുന്നു സവിശേഷതകളേറെ. ആടിയുലഞ്ഞതാണ് ഗായത്രിയുടെ ബാല്യവും യൗവനവും. സമാനകളില്ലാത്ത, സംഭവ ബഹുലവും ഹൃദയസ്പർശിയുമായ ജീവിതകഥയ്ക്ക് കണ്ണീരിന്റെ നിനവും അപമാനത്തിന്റെ കയ്പും പോരാട്ടത്തിന്റെ വീര്യവുമുണ്ട്. നിറം മങ്ങിയ ഭൂതകാലത്തിന്റെ ഒരോ ഫ്രെയിമും ഓർത്തെടുക്കുകയാണ് ഗായത്രി.

ബാല്യകാലദാരിദ്ര്യവും അതിജീവനവും
******************

ഈഴവനായ അച്ഛൻ നായരായ അമ്മയെ സ്നേഹിച്ച് വിവാഹം കഴിച്ചതിനെ തുടർന്ന് ഇരു സമുദായങ്ങളുടെയും ഭ്രഷ്ട് നേരിട്ട് ഒറ്റപ്പെട്ടുപോയ ഗുരുവായൂരിലെ ഒരു കുടുംബത്തിലാണ് ജനനം. പട്ടിണിയും പ്രാരാബ്ദവും നിറഞ്ഞാടിയ കാലം. ഭക്ഷണമില്ലാതെ ക്ഷീണിച്ചു ഉണങ്ങിയതാണ് കുട്ടിക്കാലം. ഉച്ചക്ക് ഗുരുവായൂർ അമ്പലനടയിൽ അനാഥർക്കും ഭിക്ഷക്കാർക്കും കൊടുക്കുന്ന തമ്പുരാന്റെ കഞ്ഞികുടിക്കാൻ അനിയൻമാരടൊപ്പം പോകും. അന്ന് കോഴിക്കോട് സാമൂതിരി രാജാവിന്റേതായിരുന്നു ഗുരുവായൂർ ക്ഷേത്രം. അദ്ദേഹത്തിന്റെ വകയായിരുന്നു കഞ്ഞി. ചേച്ചി പ്രായപൂർത്തിയായതു കൊണ്ടുംസഹോദരൻ നന്നേ ചെറുപ്പമായതുകൊണ്ടും വരാറില്ല. അവർക്കു കൂടി വാങ്ങണം. കിഴക്കെ ഗോപുരനടയിൽ വരിയായി നില്‍ക്കണം. ഉച്ചപൂജ കഴിഞ്ഞാൽ ജീവനക്കാർ വലിയ കുടത്തിൽ നിറയെ ചൂടുള്ള കഞ്ഞിയുമായി വരും. കഞ്ഞി ഒരോ പാത്രത്തിലും ഒഴിച്ചു കൊടുക്കും. കൂട്ടാനൊന്നും ഉണ്ടാവില്ല. ക്ഷേത്രനടയിലുള്ള പണിക്കരുടെ പലചരക്കുകടയിൽ നിന്ന് ഉപ്പുകിട്ടും. സൗജന്യമായി, ഭിക്ഷകാർക്കിടയിൽ നിന്ന് വാങ്ങുന്ന തമ്പുരാന്റെ കഞ്ഞിവാങ്ങി കുടിക്കാൻ നാണക്കേടാണെങ്കിലും വിശപ്പിനു മുമ്പിൽ എല്ലാ അഭിമാനവും അടിയറവ് പറയും.

വീടിനടത്തു വലിയൊരു മുളങ്കാടുണ്ടായിരുന്നു. മുളങ്കാടിന്റെ പൂക്കളായ കതിരുകൾ മൂക്കുമ്പോൾ പൊട്ടിച്ചിതറി നിലത്തു കൊഴിയും. അവ അടിച്ചു വാരിയെടുക്കും. അത് കുത്തി അരിയാക്കി കഞ്ഞിയും പലഹാരങ്ങളുമുണ്ടാക്കും. കൊടിയ ദാരിദ്ര്യത്തിൽ മുളനെല്ല് സ്വാദിഷ്ടമായ നല്ലൊരു ഭക്ഷണവിഭവമായിരുന്നു.

വരയുടെ വഴി തിരിച്ചറിയുന്നു
****************************

അന്നൊരു വെള്ളിയാഴ്ച. നാലാം ക്ലാസ്സിൽ അവസാന ക്ലാസ്, കണക്ക് പഠിപ്പിക്കുന്ന നാരായണൻ മാഷ് വന്നിരുന്നില്ല. പകരം വന്ന കമലാക്ഷി ടീച്ചർ എല്ലാവരോടും സ്ലേറ്റ് എടുക്കാൻ പറഞ്ഞ് ബോർഡിലൊരു ചിത്രം വരച്ചു. ഒരു കുടത്തിനുമുകളിൽ ഒരു കഷണം കല്ലും കൊത്തിയെടുത്തിരിക്കുന്ന കാക്കയുടെ ചിത്രം. എല്ലാവരോടു സ്ലേറ്റിലേക്ക് പകർത്തിയെടുക്കാൻ ടീച്ചർ പറഞ്ഞു. വരച്ചതിനുശേഷം എന്റെ സ്ലേറ്റ് മാത്രം ടീച്ചർ വാങ്ങി വച്ചു. മറ്റുള്ളവരുടെയും വര കഴിഞ്ഞപ്പോൾ ഏറ്റവും അധികം മാർക്ക് എനിക്കാണന്ന ടീച്ചറുടെ പ്രഖ്യാപനം വന്നു. അതുകൊണ്ട് ഞാനൊരു ചിത്രം ബോർഡിൽ വരയ്ക്കണമെന്ന് ടീച്ചർ. എല്ലാ കണ്ണുകളും എന്റെ മേൽ. ഭയമോ സങ്കോചമോ കൊണ്ട് നേരിയ വിറയൽ. അക്കാലത്ത് ഗുരുവായൂരിൽ ലോറിപോലെ കൂർത്ത മുഖമുള്ള രണ്ട് മൂന്ന് ബസുകൾ സർവീസ് നടത്തിയിരുന്നു. അതിലൊരു ബസായിരുന്നു വരച്ചത്. ടീച്ചർ പൊക്കിയെടുത്ത് മേശപ്പുറത്ത് നിർത്തി. ഇവൻ ഭാവിയിൽ നല്ലൊരു ചിത്രകാരനാകും. നിങ്ങളും അവനെ പോലെ കലയിൽ വലിയ ആളാവണമെന്ന് പറഞ്ഞ ടീച്ചർ കുട്ടികളോടൊപ്പം താളത്മകമായി കൈയടിച്ചു.

സങ്കടം തൊണ്ടയിൽ വന്നു മുട്ടി. തേങ്ങി കരയാൻ തുടങ്ങി. കൈയടി ശബ്ദത്തിൽ അമർന്ന കരച്ചിൽ ആരുംകേട്ടില്ല. ബന്ധുക്കളിൽ നിന്നും സമൂഹത്തിൽ നിന്നും ഭ്രഷ്ടും അവഹേളനവും ആട്ടും തുപ്പും മാത്രം കേട്ടു പരിചയിച്ച ഒരാൾക്ക് ലഭിക്കുന്ന അംഗീകാരത്തിന്റെ വലിയ അനുഭവം. തേങ്ങലുകൾ ഉയരുകയും രണ്ടുകൈകൊണ്ടും മുഖം പൊത്തുകയും ചെയ്തപ്പോൾ ടീച്ചർ ചേർത്തുപിടിച്ചു. ലോംങ് ബെൽ അടിച്ച് കുട്ടികൾ ശബ്ദത്തോടെ പുറത്തേക്ക് ഓടുമ്പോഴും ടീച്ചർ എന്റെ കണ്ണുകൾ തുടയ്ക്കുന്നുണ്ടായിരുന്നു. കമലാക്ഷി ടീച്ചറുടെ ആ സാന്ത്വന സ്പർശം മറ്റെന്ത് സമ്മാനത്തെക്കാളും വലുതാണ്. അന്നത്തെ താളാത്മകമായ കൈയടി ആത്മാവിൽ അവിരാമമായി ഇന്നുമുണ്ട്. ഓരോ ശ്വാസവും ആകയ്യടിയുടെ താളത്തിന്റെ മുഴക്കമാണ്.

സ്കൂളിൽ നിന്ന് പടിയിറങ്ങുന്നു
************************

മക്കളിൽ മൂത്തവനായി പിറന്നതുകൊണ്ട് കുടുംബം പോറ്റാൻ ആറാം ക്ലാസിൽ നിന്ന് സ്കൂളിനോട് യാത്ര പറഞ്ഞു. ഉച്ചക്കഞ്ഞിയും കൊള്ളിപുഴുക്കുമായിരുന്നു സ്കൂളിൽ പോകാനുള്ള പ്രചോദനം. പടിയിറങ്ങുമ്പോൾ അറിയാമായിരുന്നു ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന്.
യൂണിഫോറമില്ലാത്തതിന് സ്ഥിരമായി ക്ലാസിൽ പുറത്തു നിർത്തും. കുറച്ച് ദിവസങ്ങൾ തുടർച്ചയായി ശിക്ഷിക്കപ്പെട്ടപ്പോൾ മനസിൽ അടങ്ങാത്ത സങ്കടമായി. കുട്ടികൾ സ്ഥിരമായി കളിയാക്കാൻ തുടങ്ങിയപ്പോൾ സങ്കടം ഇരട്ടിയായി. ക്ലാസിന് പുറത്ത് കാവൽക്കാരനുള്ളത് നല്ലതാണെന്ന് ടീച്ചറുടെ കമന്റും.

അന്നൊരിക്കൽ ഉച്ചയൂണ് കഴിഞ്ഞ് ശേഷമുള്ള ആദ്യ പിര്യേഡിൽ ടീച്ചർ ക്ലാസിൽ വരുമ്പോൾ ഞാൻ എത്തിയിരുന്നില്ല. ഓടിക്കിതച്ചു വന്ന് ക്ലാസുമുറിയുടെ വാതിൽക്കൽ പാറാവുകാരനെപ്പോലെ നിന്നു. കുട്ടികളുടെ പരിഹാസം കലർന്ന മുറുമുറുപ്പുകളുയർന്നു. ക്ലാസിനൊരു പാറാവുകാരൻ നല്ലതാണന്ന് ടീച്ചറുടെ ആവർത്തനം മനസിലേക്ക് തീ കോരിയിട്ടു. അപമാനഭാരത്താൽ നീറി. തലക്കുനിച്ചങ്ങനെനിന്നു. പിന്നെ മെല്ലെ നിറഞ്ഞ കണ്ണുകളോടെ ക്ലാസ് മുറികൾക്കഭിമുഖമായ നീണ്ട ഇടനാഴിലൂടെ സ്കൂൾ കെട്ടിടത്തിന്റെ അറ്റത്തേക്കും അവിടെ നിന്ന് മുറ്റത്തേക്കുമിറങ്ങി. ആരും ശ്രദ്ധിച്ചിരുന്നില്ല. പടി കടക്കുമ്പോൾ തിരിഞ്ഞു നിന്നു. സ്കൂൾ എന്നെ നിശ്ചലമായി, നിർവികാരമായി നോക്കുന്നതു പോലെ. സങ്കടം നിയത്രിക്കാനായിരുന്നില്ല.

ആദ്യത്തെ എണ്ണഛായ ചിത്രം
****************************

ആത്മഹത്യയെപ്പറ്റി ഏറ്റവുമേറെ ചിന്തിച്ചിരുന്നു. പക്ഷെ മരണത്തിന്‌ കീഴ്പ്പെടാൻ മടിയായിരുന്നു. മരണ ചിന്ത കടന്നുവരുമ്പോൾ സ്വപ്നസന്നിഭമായ ജീവിതാരവങ്ങൾകൊണ്ട് എതിരിട്ടു. മരണവും ജീവിതവും ഒളിച്ചുകളി നടത്തുന്ന രാത്രികളിൽ ഒരു കടങ്കഥ പോലെ പ്രത്യാശയുടെ ഒരു മിന്നാമിനുങ്ങുപോലെ ആഹ്ലാദത്തിന്റെ വിസ്മയങ്ങൾ നിറച്ചുകൊണ്ട് ആദ്യത്തെ എണ്ണഛായ ചിത്രം ‘അമ്മ’ പിറവിയെടുത്തു. മാർക്സിംഗോർക്കിയുടെ അമ്മയുടെ പരിഭാഷ വായിച്ചപ്പോഴാണ് ജീവിതത്തോടുള്ള പ്രതിബദ്ധതയും സ്നേഹവും കൂടുതൽ പൊതിഞ്ഞിരുന്നത് അമ്മയെന്നതിന് പെറ്റെ തള്ളയെന്നതിലപ്പുറം ചില സവിശേഷ നിർവ്വചനങ്ങളുണ്ടെന്നു പഠിച്ചത്. അന്നത്തെ വിചാരങ്ങളെ അടയാളപ്പെടുത്തലായിരുന്നു അമ്മയെന്ന ചിത്രം. വരച്ചുതീർക്കാൻ എട്ടു ദിവസമെടുത്തു. ഒരു മണിക്കൂറിലേറെയിരിക്കാൻ പറ്റാത്ത മനോനിലയായിരുന്നു. മനഃസങ്കീർണതകളെ ഇഴ ചേർത്തെടുക്കാൻ വരയ്ക്കാതെ മണിക്കൂറുകൾ തപസിരുന്നു. എണ്ണച്ചായം ആദ്യമായുപയോഗിക്കുന്നതിലെ അജ്ഞതയും രചനയെ തടസപ്പെടുത്തി. ആരുടെയും അടുത്തുപോയി പഠിക്കാൻ അവസരം കിട്ടിയിരുന്നില്ല. ചിത്രരചന സ്വയം പഠിച്ചതാണ്. ഒരേ സമയം ഗുരുവും ശിഷ്യനുമായിച്ചമഞ്ഞ ദ്വന്ദ്വവ്യക്തിത്വം.

നാടുവിടുന്നു
***********

നാട് വിടാൻ പ്രേരിപ്പിച്ചത് മുട്ടത്തുവർക്കിയെന്ന എഴുത്തുകാരാനാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഉപപാഠപുസ്തകം ഒരു കുടയും കുഞ്ഞുപെങ്ങളുമായിരുന്നു. കഥകളിലെ കമ്പം, പുസ്തകം കിട്ടിയ അന്നുതന്നെ വായിച്ചു. വായന കഴിഞ്ഞപ്പോൾ ബേബിയും ലില്ലിയും ചങ്ങാതികളായി. അന്ന് മുതൽ മുട്ടത്തുവർക്കിയോട് ഇഷ്ടമായി. അതിനുമുമ്പ് ചങ്ങമ്പുഴയെയായിരുന്നു. അച്ഛൻ രമണൻ വായിപ്പിക്കും. വാക്കുകൾ പിഴക്കുമ്പോൾ അച്ഛൻ തന്നെ ആ വരികൾ ഈണത്തിൽ ചൊല്ലും. ചങ്ങമ്പുഴയുടെ നായകൻ ജീവിതത്തോട് അടിയറവ് പറഞ്ഞ് മരണത്തിലേക്ക് മടങ്ങിയപ്പോൾ വർക്കിയുടെ നായകൻ വിധിക്കെതിരെ പോരാടി ജീവിതത്തെ കീഴ്പ്പെടുത്തി. എനിക്ക് ജീവിക്കാൻ ആഗ്രഹമായതുകൊണ്ടാവാം ബേബിയെ സ്നേഹിച്ചത്. നാടുവിട്ടുപോകാനും എന്തും നേരിട്ട് വലിയ ആളായി തിരിച്ചെത്താനുമുള്ള ഉൾപ്രേരണ ബേബിയുടെ ജീവിതമായിരുന്നു. വീട് വിട്ട് പോകാൻ വലിയ സങ്കടമായിരുന്നു. പോയപ്പോൾ മരണവീട് പോലെയായെന്ന് പിന്നീട് അമ്മ പറയാറുണ്ടായിരുന്നു. മറുനാട്ടിൽ ജീവിക്കാനൊരു തൊഴിൽ ആ പ്രായത്തിലും കിട്ടുമെന്നായിരുന്നു ആശ. വലിയ ആളായി തിരിച്ചുവന്ന് കുടുംബത്തിന്റെ പട്ടിണിക്കൊരറുതി വരുത്താമെന്ന മോഹം. നാടുവിട്ട് കഷ്ടപ്പെട്ടതല്ലാതെ കുടുംബത്തിന്റെ പട്ടിണിമാറ്റാനൊന്നും കഴിഞ്ഞില്ല. മൂന്നര വർഷം അലഞ്ഞു. മദ്രാസിൽ വീട്ടുവേലക്കാരനായി. മുംബെയിൽ ഇളനീർ വില്പനക്കാരനായി. ഓട്ടകയ്യുമായി തിരിച്ചെത്തി. പിന്നെയും പഴയപടി ജീവിതം.

അച്ഛനോര്‍മ്മകള്‍
******************

അത്ര സുഖകരമല്ല ആ ഓർമ്മ. ഇല്ലിക്കോലിൽ കെട്ടിയുണ്ടാക്കിയ ചാരിൽ വച്ച് ചിത്രത്തിൽ ചായം തേക്കുമ്പോഴാണ് പണി കഴിഞ്ഞുള്ള അച്ഛന്റെ വരവ്. ചിത്രപ്പണി ഒട്ടുംരസിച്ചില്ലെന്ന് മുഖഭാവം കണ്ടാലറിയാം. വന്നപാടെ അമ്മയെ ഉറക്കെ വിളിച്ചു. അമ്മ ഓടിയെത്താൻ കുറച്ചുസമയം എടുത്തപ്പോഴെക്കും അച്ഛന്റെ ദേഷ്യം കൂടി. ശകാരം കേട്ടതോടെ അമ്മ തിരിച്ചു നടന്നു. കോപം ആളിക്കത്തി. പിന്നിൽ ചെന്ന് പിടിച്ചുവലിച്ചു. അമ്മ താഴെ വീണു. മുടിക്കെട്ടിൽ പിടിച്ചുവലിച്ചു. അമ്മയെ ആഞ്ഞുതള്ളി. അമ്മയെ പിടിച്ചു മാറ്റാൻ ചെന്ന എന്റെ മുഖത്തും ശരീരത്തിലുംഅച്ഛന്റെ കൈ തുടരെ വീണു. അദ്ദേഹത്തിന്റെ ആഞ്ഞൊരു തള്ളിൽ ഞാൻ കമിഴ്ന്നടിച്ചു വീണു. എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ പണിക്കത്തിയുമായി എനിക്കുനേരെ അച്ഛൻ പാഞ്ഞുവന്നു. അമ്മ നിലവിളിച്ചുകൊണ്ട് എന്നെയും പിടിച്ച് പുറത്തേക്കോടി. ചേച്ചിയും അനിയൻമാരും അച്ഛനെ പിടിച്ചു നിലവിളിച്ചു. അച്ഛന്റെ കൺവെട്ടത്ത് നിന്ന് പോകാൻ അമ്മ കെഞ്ചിപ്പറഞ്ഞു. അന്ന് രാത്രി അനേകം ഭിക്ഷക്കാരും അനാഥരും തെരുവ് വേശ്യകളുമൊക്കെ അന്തിയുറങ്ങുന്ന ഗുരുവായൂർ തിരുനടയിൽ അവരിലൊരാളായി കഴിഞ്ഞു. എന്നോടുള്ള ദേഷ്യം തീർക്കാൻ വരച്ചു കൊണ്ടിരുന്ന ചിത്രമെടുത്ത് അച്ഛന്‍ അടുത്ത ഞാറ്റുകണ്ടത്തിലേക്കെറിഞ്ഞു. ചിത്രം ചളിയിൽ കുഴഞ്ഞു. മുളങ്കമ്പുകൊണ്ട് കെട്ടിയുണ്ടാക്കിയ ചാര് ചവിട്ടിയൊടിച്ച് നുറുക്കി. പെയിന്റ് ട്യൂബുകൾ വാരി ദുരെയെറിഞ്ഞു. മുറ്റത്ത് ഒടിഞ്ഞു കിടക്കുന്ന ചാരും ഉമ്മറ തിണ്ണയിൽ ചളിപറ്റിയ ചിത്രവും നേരം പുലർന്നപ്പോൾ അമ്മ ഞാറ്റു കണ്ടത്തിൽ നിന്ന് പെറുക്കി വയ്ക്കുകയായിരുന്നു. പറമ്പിൽ ചിതറിക്കിടന്ന മണ്ണുപറ്റിയ പെയിന്റ് ട്യൂബുകൾ ഞാൻ തന്നെ പെറുക്കിയെടുത്തു. ചളി പറ്റിയ ചിത്രം അച്ഛനിൽ നിന്ന് ചങ്കിനേറ്റ ഒരു കുത്തുപോലെ അലോസരപ്പെടുത്തി.

ആദ്യ പുരസ്കാരം
***************

പതിനെട്ട് വയസുള്ളപ്പോഴാണ് ലളിതകലാ അക്കാദമി പുരസ്കാരം അമ്മയെന്ന ചിത്രത്തിന് കിട്ടുന്നത്. അക്കാദമിയുടെ വാർഷിക പ്രദർശനത്തിൽ എത്തിക്കാൻ നിർബന്ധിച്ചത് ബാല്യകാല സുഹൃത്ത് സുന്ദരനായിരുന്നു. ഊരു കറക്കം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ കാലം. ഒരു പാട് വരയ്ക്കാൻ തുടങ്ങി. ടെമ്പറ പൗഡർ പശയുമായി കുഴച്ച് കുഴമ്പുരൂപത്തിലാക്കി അതുപയോഗിച്ച് പേപ്പറിലാണ് രചന. പശ മാത്രം പേപ്പറിൽ അടിച്ച് അതിനുമുകളിൽ ടെമ്പറ പൗഡർ വിതറിയും രചന നടത്താറുണ്ട്. കൂട്ടത്തിൽ ജലച്ചായവും. ഒരു ട്യൂട്ടോറിയലിന് ബോർഡ് എഴുതികൊടുത്ത പ്രതിഫലം കൊണ്ടാണ് എണ്ണച്ചായവും കാൻവാസും വാങ്ങുന്നത്. റെഡിമെയ്ഡ് കാൻവാസിനുപകരം കോട്ടൺ തുണിയും കോട്ടിങ് മെറ്റിരിയലും വാങ്ങി സ്വയം കാൻവാസുണ്ടാക്കുമായിന്നു അന്ന്. ചെറിയ ശംബളത്തിനാണ് കടയിൽ ജോലി നോക്കിയിരുന്നത്. അതുകൊണ്ടാന്നുംഅച്ഛനെ സഹായിക്കാൻ കഴിഞ്ഞിരുന്നില്ല. അച്ഛന്റെ മനസിൽ ഉപകാരമില്ലാത്ത മകനെന്ന അമർഷവും പകയും എന്നും പുകഞ്ഞിരുന്നു.

കടയിലെ ജോലികഴിഞ്ഞു വന്ന് രാത്രിയാണ്ചിത്രംവര. ചിമ്മിനി വിളക്കിന്റെ വെളിച്ചം പരമാവധി കാൻവാസിനോട് ചേർത്ത് പിടിച്ചാണ് വരപ്പ്. രാത്രി പന്ത്രണ്ട് മണി വരെ നീളും. പാതിരാത്രിവരെ മണ്ണെണ്ണ വിളക്ക് തെളിയുന്നതു കാണുമ്പോൾ അച്ഛന് കലിയിളകും. ഞാൻ വിളക്ക് അണച്ച് കുളക്കരയിൽ ചെന്നിരിക്കും. ഒരു പാഴ് ജന്മത്തിന് ഈ ഭൂമിയിൽ എന്താണ് കാര്യമെന്ന് ഓർത്ത് പരിതപിക്കും. ആ രാത്രികളിൽ ഉമ്മറത്തൊരു ജീവച്ഛവം പോലെഎത്ര വൈകിയാലും അമ്മ കാത്തിരിക്കും. അക്കാദമി പുരസ്കാരം ജീവിതത്തെ പൂർണമായി മാറ്റിത്തീർത്തു. പുരസ്കാരം സ്വീകരിക്കുന്നത് ഒരു സ്വപ്നത്തിലെന്നവണ്ണം അച്ഛനും അമ്മയും കണ്ടു നിന്നു. അവാർഡ് കിട്ടിയ പണം അച്ഛന്റെ കൈയിൽ കൊടുത്ത് ആത്മാവിന് മുറിവേല്പിച്ചതിന് മധുരമായി പകരം വീട്ടി. പൂർണമായും കലയുടെ ലോകത്തേക്ക് കടന്നു ചെല്ലാനുള്ള സങ്കോചവും ആത്മനിന്ദയിൽ നിന്നുണ്ടായ അന്തർമുഖത്വവും മറികടക്കാൻ ഈ അംഗീകാരം സഹായിച്ചു. ആധികാരികമായി ചിത്രകല പഠിക്കാത്ത ഒരാളെന്ന നിലയ്ക്ക് അക്കാലത്തെ ചിത്രകാരന്മാരുടെ മുന്നിൽ സ്വയം ചെറുതാണെന്ന വിചാരമുണ്ടായി. പുരസ്കാര വാർത്ത പത്രത്തിൽ പടമടക്കം അച്ചടിച്ചുവന്നപ്പോൾ അതുവരെ ശ്രദ്ധിക്കാതിരുന്നവർ കൺമിഴിച്ച് അത്ഭുതത്തോടെ നോക്കി. അതോടെ ശശീരത്തിൽ പുതിയ ചോരനീരോട്ടമുണ്ടായി. ഒരു വാശിയോടെ പല പണികളും ചെയ്തു ജീവിക്കുമ്പോൾ വര ഉപേക്ഷിക്കരുതെന്ന് ഉറപ്പിച്ചു.

എഴുത്തിലേക്കുള്ള വഴി
**********************

എഴുത്തിലേക്ക് തിരിഞ്ഞത് യാദൃച്ഛികം. 1982 ൽ കുങ്കുമം കലാലയം മാഗസിനിൽ ആദ്യകഥ അറുമുഖം ചെട്ട്യാരുടെ ജീവചരിത്ര സംഗ്രഹം പ്രസിദ്ധീകരിച്ചു. കഥയെഴുത്തിൽ നിന്ന് ലേഖനമെഴുത്തിലേക്ക്. വിദ്യാഭ്യാസം ഇല്ലാത്ത അപകർഷതാബോധം ആളുകളെ അഭിമുഖീകരിക്കുന്നതിൽ വിമുഖ കാണിച്ചു. അക്ഷരാഭ്യാസമില്ലാത്ത ഒരാൾ എഴുതിത്തുടങ്ങുമ്പോൾ അത് മാനിക്കപ്പെടണമെങ്കിൽ അല്പം സങ്കീർണമായ രീതി വേണമെന്ന തോന്നലുണ്ടായി. എഴുതിയതൊക്കെ പ്രസിദ്ധീകരിച്ചുവെങ്കിലും അതൊന്നും വേണ്ടരീതിയിൽ വായിക്കപ്പെട്ടില്ല. ചിത്രകലയിൽ മലയാളത്തിൽ ഒരാളും നടത്താത്ത ആലോചനകൾ നടത്താൻ ശ്രമിച്ചു. അതും തിരിച്ചറിയപ്പെട്ടില്ല. വൃത്തിയില്ലാത്ത ഭാഷകൊണ്ടാവാം. പലരും വ്യാജബുദ്ധിജീവിയാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. ഒരു കാലത്തും ഒരു ബുദ്ധിജീവി — പണ്ഡിതൻ — ആകാനുള്ള ഒരു യോഗ്യതയുമില്ലെന്നതിരിച്ചറിവുണ്ടായിരുന്നു. എന്റെ സർവകലാശാല എന്റെ ജീവിതം മാത്രമാണ്. അത് നല്‍കിയ ചെറിയ അറിവുകൾമാത്രമാണ് എപ്പോഴും ഉത്തേജിപ്പിച്ചത്.

ഗായത്രിയിലേക്ക്
*******************

കൂലിപണിക്കാരനായ ചിത്രകാരനാണെന്ന് ആളുകളറിയാതിരിക്കാൻ വേണ്ടിയാണ് ആദ്യമേ മറുപേര് സ്വീകരിച്ചത്. എ രാമചന്ദ്രൻ എന്ന വിഖ്യാതനായ ചിത്രകാരൻ ജീവിച്ചിരിക്കുന്നതുകൊണ്ട് മറുപേരിനൊരു പിൻബലവും കിട്ടി. രാമചന്ദ്രനുപകരം ഗായത്രിയെന്ന പെൺപേരു കൊണ്ട് ഒരു ഗുണവുമുണ്ടായി. നാട്ടിലെ പലർക്കും എന്നിലെ കലാകാരനെ കണ്ടെത്താനായില്ല.

പ്രദർശനം, പുരസ്കാരം, കൃതികൾ
********************************

ഇന്ത്യയിലെ പ്രമുഖ മെട്രോ നഗരത്തിലും വിദേശത്തുമായി അമ്പതിലേറെ ഏകാംഗ പ്രദർശനങ്ങൾ. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള പ്രമുഖ ആർട്ടു ഗാലറികളിൽ ചിത്രങ്ങളുടെ സൂക്ഷിപ്പും വില്പനയും. രണ്ട് നോവലുകൾ ഉൾപ്പെടെ പന്ത്രണ്ട് പുസ്തകങ്ങൾ. കല, സാഹിത്യം, ഫോക് ലോർ, വാസ്തുശില്പം, നാടകം, സിനിമ, സൗന്ദര്യശാസ്ത്രം എന്നീ വിഷയങ്ങളിൽ ഇരുനൂറിലേറെ ലേഖനങ്ങൾ. നാടകം, സിനിമ എന്നിവയുടെ രചനയും സംവിധാനവും. നൂറിലധികം ചെലവ് കുറഞ്ഞ വാസ്തുശില്പങ്ങൾക്ക് രൂപകല്പന. മാതൃഭൂമി ആഴ്ചപതിപ്പിലടക്കം കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചു. പുതിയ നോവൽ പണിപ്പുരയിൽ. 1976 ലും 2015ലും രണ്ട് തവണ കേരള ലളിതകലാ അക്കാദമി അവാർഡ്. 1997 ൽ കേരള സാഹിത്യ അക്കാദമി കുറ്റിപ്പുഴ അവാർഡ്. 1987ൽ സ്വിറ്റ്സർലാന്റ് ഗാലറി ദെ ആർട്ട് ഇന്ത്യ അവാർഡ്. മറ്റനവധി പുരസ്കാരങ്ങളും.

Exit mobile version