അഭിമാനത്തോടെ മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനായി ചെത്തുതൊഴിലാളികൾ നടത്തിയ ദീർഘവും ധീരോദാത്തവുമായ പോരാട്ടമായിരുന്നു അന്തിക്കാട് ചെത്തുതൊഴിലാളി സമരം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ചരിത്രമായി മാറിയ സമരം പിന്നീട് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായും അംഗീകരിക്കപ്പെട്ടു. സർക്കാർ കണക്കുപ്രകാരം ഒരു പറ കള്ളിന് ചെത്തുതൊഴിലാളിക്ക് കിട്ടേണ്ടത് ഒമ്പത് അണയാണ് (പതിനാറണ ഒരു രൂപ). അന്തിക്കാട്ടെ കള്ളു കോൺട്രാക്ടർ പക്ഷേ ആറണ മാത്രമെ നൽകൂ. ഒരു പറ പത്തിടങ്ങഴിയാണ്. കോൺട്രാക്ടറുടെ പറയിൽ പതിനൊന്നും പന്ത്രണ്ടും ഇടങ്ങഴികൊള്ളും. കള്ളിനു ചെലവുകുറഞ്ഞാൽ വെള്ളംചേർത്തുവെന്നാരോപിച്ചും ചെലവുകൂടിയ കാലത്ത് മുഴുവൻ അളന്നില്ലെന്ന കാരണം പറഞ്ഞും കുറ്റം ചുമത്തുക പതിവായിരുന്നു. കള്ള് എത്തിക്കുന്നതിനു വൈകിയാലും വിലനൽകില്ല. കള്ളെടുക്കുകയും ചെയ്യും. ചെത്തുകിട്ടാൻ സബ് കോൺട്രാക്ടർമാർക്കും ഏജന്റുമാർക്കും കൈക്കൂലി കൊടുക്കണം. മദ്യം വിളമ്പി വിരുന്നൊരുക്കണം. തെങ്ങിനു പാട്ടം കൊടുക്കണം, തൊഴിലുപകരണങ്ങൾ വാങ്ങണം. എക്സൈസ് ഓഫീസർക്കും ശിപായിക്കും കൈക്കൂലി നൽകണം, തെങ്ങിന് നമ്പറടിക്കുന്നതിനും ടിടി എഴുതുന്നതിനും പണം കൊടുക്കണം. ഇങ്ങനെ കുടുത്ത ചൂഷണവും ദ്രോഹവുമായിരുന്നു അന്തിക്കാട്ടെ ചെത്തുതൊഴിലാളി നേരിട്ടിരുന്നത്. ഇതിനെതിരെ തൊഴിലാളികളെ സംഘടിപ്പിച്ച് രംഗത്തിറക്കിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു.
അന്തിക്കാട്ടെ ചെത്തുതൊഴിലാളികളെ സംഘടിപ്പിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ജോർജ്ജ് ചടയംമുറിയെ ആണ് നിയോഗിച്ചത്. അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നിയമവിരുദ്ധ സംഘടനയാണ്. മികച്ച സംഘടനാ പാടവത്തിനുടമയായ ചടയംമുറി രഹസ്യമായി, നാളുകൾ നീണ്ട കഠിനപ്രയത്നത്തിനൊടുവിൽ 12 വില്ലേജുകളിലായി 44 കമ്മിറ്റികളുണ്ടാക്കി. 1942 ജനുവരി രണ്ടിന് ഏനാമ്മാവ് പെരിങ്ങോട്ടുകര ചെത്തുതൊഴിലാളി യൂണിയന്റെ ഉദ്ഘാടന സമ്മേളനം അന്തിക്കാട് നടന്നു. ചേറ്റുകത്തികളുമായി അന്തിക്കാട് മേഖലയിലെ 1500 ഓളം തൊഴിലാളികൾ ചെങ്കൊടിയേന്തി അണിനിരന്നു. 13-ാം ദിവസം ജനുവരി 15 ന് ഏനാമ്മാവ് പെരിങ്ങോട്ടുകര ചെത്തുതൊഴിലാളി യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചു. ചെത്തിയ കള്ള് ചരിച്ചുകളയലായിരുന്നു സമരരീതി. സമരത്തെ സർക്കാരിനെതിരായ വെല്ലുവിളിയായി വിലയിരുത്തി. അധികാരികൾ നാലഞ്ച് തൊഴിലാളികളെ വശത്താക്കി കള്ളുമാട്ടങ്ങൾ ചുമപ്പിച്ച് ഷാപ്പിലേക്ക് കൊണ്ടുവന്നുവെങ്കിലും ചെത്തുകാരും കുടുംബങ്ങളും ഈ മാട്ടങ്ങൾ തല്ലിപ്പൊട്ടിച്ചു. പൊലീസും ഗുണ്ടകളും തിരിഞ്ഞോടി. കൊച്ചി സംസ്ഥാനത്ത് ആദ്യ സംഭവമായിരുന്നു ഇത്. താമസിയാതെ അന്തിക്കാട്ടെ തൊഴിലാളികളെ ഒതുക്കാൻ വൻ പൊലീസ് സംഘമെത്തി. പൊലീസ് മാർച്ചിനു നേരെ ഇടിമുഴക്കംപോലെ മുദ്രാവാക്യങ്ങൾ ഉയർന്നു. ചേറ്റുകത്തികളുമായി ആയിരത്തിലേറെ ചെത്തുതൊഴിലാളികൾ മുന്നിലെത്തിയപ്പോൾ പൊലീസിന് പിടിച്ചുനിൽക്കാനായില്ല. അവർ പിന്തിരിഞ്ഞോടി. പൊലീസിനെയും എക്സൈസിനെയും ആക്രമിച്ചതിന്റെ പേരിൽ 300 തൊഴിലാളികൾക്കെതിരെ കേസ് ചാർജ് ചെയ്യുകയും 28 പേരെ ആറുമാസം കഠിന തടവിനു ശിക്ഷിക്കുകയും ചെയ്തു.
പൊലീസ് രണ്ടുദിവസം റൂട്ട്മാർച്ച് നടത്തി. കെ പി പ്രഭാകരൻ, ടി എൻ നമ്പൂതിരി, ഗോപിമാസ്റ്റർ, കെ ഈശാൻ, കെ ജി കേളപ്പൻ, വി ജി മാധവൻ, കെ ജി ദാമോദരൻ, അയ്യപ്പക്കുട്ടി എന്നീ എട്ടുനേതാക്കളെ ആദ്യം അറസ്റ്റു ചെയ്തു. യൂണിയൻ ഓഫീസ് തുറക്കരുതെന്ന കല്പനയ്ക്കെതിരെ ‘ഓഫീസ് തുറക്കൽ’ സമരമാരംഭിച്ചു. 40 ദിവസം സമരം തുടർന്നു. ഒടുവിൽ, 1943 ഡിസംബറിൽ രാജ്യരക്ഷാചട്ടമനുസരിച്ച് ഏനാമ്മാവ് പെരിങ്ങോട്ടുകര ചെത്തുതൊഴിലാളി യൂണിയനെ നിരോധിച്ചു. ഓഫീസ് കണ്ടുകെട്ടി. കമ്മ്യൂണിസ്റ്റ് പാർട്ടിയും കർഷകസംഘവും മഹിളാസംഘവും ബാലസംഘവുമൊക്കെ നിരോധനത്തിന്റെ പരിധിയിൽ വന്നു. അന്തിക്കാട്ടെ നിരോധനത്തിനെതിരെ പ്രശസ്ത വ്യക്തികളും സംഘടനകളും രംഗത്തുവന്നു. നിരോധനം പിൻവലിക്കാൻ 1946 ജൂലൈയിൽ സർക്കാർ നിർബന്ധിതമായി. പക്ഷേ കോൺട്രാക്ടർമാരും സർക്കാരും പ്രകോപനങ്ങൾ തുടർന്നു. തെങ്ങ് വീതിച്ചപ്പോൾ അംഗീകരിച്ച തീരുമാനത്തിനു വിരുദ്ധമായി, യൂണിയനെ തെങ്ങ് ഏല്പിക്കാൻ തയാറായില്ല. അതിനെതിരെ ആരംഭിച്ച പണിമുടക്കം അനിശ്ചിതകാല പണിമുടക്കായി മാറി. സ്ഥിതി രൂക്ഷമായി. വീടുവീടാന്തരം കയറി പൊലീസ് പരിശോധന ശക്തമാക്കുകയും ചിലയിടങ്ങളിൽ തൊഴിലാളികൾ പൊലീസും എക്സൈസുമായി ഏറ്റുമുട്ടുകയുമുണ്ടായി. അന്തിക്കാട് ഫർക്കയിലെ 12 വില്ലേജുകളിലും 144 ഉം കർഫ്യുവും പ്രഖ്യാപിക്കപ്പെട്ടു. ഗ്രാമങ്ങളിൽ പട്ടാളക്യാമ്പുകൾ തുറന്നു. മേയ് 29 ന് കൊച്ചിയിൽ എഐടിയുസി പൊതുപണിമുടക്ക് നടത്തി. യൂണിയനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. എന്നിട്ടും അന്തിക്കാട് ഫർക്കയിലെ 144 ഉം കർഫ്യുവും പിൻവലിച്ചില്ല. യൂണിയൻ നിരോധനത്തിനെതിരെ ജോർജ്ജ് ചടയംമുറി ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിലൂടെ യൂണിയന്റെ മേലുള്ള നിരോധനം എടുത്തുകളഞ്ഞു. പൊലീസ് മർദ്ദനത്തിനിരയായ 11 തൊഴിലാളികൾ മരിക്കുകയും കുറെപ്പേർ രോഗികളാകുകയും ചെയ്തു. 1951 ലെ പൊതുതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച ചെത്തുതൊഴിലാളികളുടെ നേതാവായ കെ പി പ്രഭാകരനെ അന്തിക്കാട് നിയമസഭയിലേക്കയച്ചു. ആ അന്തിക്കാട് അന്നും ഇന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉരുക്കുകോട്ടയായി തുടരുകയാണ്.