Site iconSite icon Janayugom Online

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി

പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് കര്‍ണാടക നിയമസഭാ കൗണ്‍സില്‍ വിവാദ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അവതരിപ്പിച്ച ബില്‍ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.  കര്‍ണാടക നിയമസഭാ അസംബ്ലിയില്‍ ബില്‍ നേരത്തെ പാസാക്കിയിരുന്നു. ബില്‍ ഭരണഘടനാ അവകാശങ്ങള്‍ക്ക് എതിരാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇറങ്ങിപ്പോയി. പുതിയ നിയമപ്രകാരം നിർബന്ധിത പരിവർത്തനം നടത്തിയാൽ അഞ്ചു വർഷം തടവുശിക്ഷയും 25,000 രൂപ പിഴയും ചുമത്തും.

ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്‍സി/എസ്‌ടി വിഭാഗക്കാരെയും മതം മാറ്റിയാൽ മൂന്നുമുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കും. 50,000 രൂപ പിഴയും ഈടാക്കാം. കൂട്ട മതപരിവർത്തനത്തിന് 10 വർഷം തടവും ഒരു ലക്ഷം വരെ പിഴയുമാണ് ശിക്ഷ. ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂ‍ഢലക്ഷ്യമാണ് ബില്ലിന് പിന്നിലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതേസമയം നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും ആരുടേയും സ്വാതന്ത്ര്യത്തെ വിലക്കില്ലെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് നിയമമന്ത്രി ജെ സി മധുസ്വാമി പറഞ്ഞു.

Eng­lish sum­ma­ry; Anti-Con­ver­sion Bill passed in Karnataka

You may also like this video;

Exit mobile version