Site iconSite icon Janayugom Online

കൂറുമാറ്റ നിരോധന നിയമം ശക്തിപ്പെടുത്തണം

കഴിഞ്ഞദിവസം ഗോവ നിയമസഭയിലെ പതിനൊന്നു കോൺഗ്രസ് അംഗങ്ങളിൽ എട്ടുപേർ ബിജെപിയിൽ ചേർന്നതോടെ രാഷ്ട്രീയ ധാർമ്മികത എന്ന സങ്കല്പം രാജ്യത്ത് അതിന്റെ ഏറ്റവും ഹീനമായ തലത്തിലേക്കാണ് ചവിട്ടിത്താഴ്ത്തപ്പെട്ടത്. ‘ഓപ്പറേഷൻ താമര’ എന്ന് കുപ്രസിദ്ധിയാർജിച്ച, ബിജെപി നേതൃത്വം നൽകുന്ന കൂറുമാറ്റ രാഷ്ട്രീയത്തിന് ഇന്ന് തെല്ലും പുതുമയില്ല. 2008 ൽ കർണാടകത്തിൽ ജി ജനാർദ്ദന റെഡ്ഡിയുടെ നേതൃത്വത്തിൽ കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാൻ പണവും ഭീഷണിയും സമ്മർദ്ദവും ഉപയോഗിച്ച് ജനഹിതത്തെ അട്ടിമറിച്ച് ബി എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്ത് അവരോധിച്ചുകൊണ്ടാണ് ഓപ്പറേഷൻ താമര രാഷ്ട്രീയ പദാവലിയിൽ സ്ഥാനംപിടിക്കുന്നത്. പില്ക്കാലത്തു മോഡിഭരണത്തിൽ മോഡി-ഷാ ദ്വയങ്ങൾ ഓപ്പറേഷൻ താമര ഒരു കലയാക്കി വളർത്തിയെടുക്കുകയായിരുന്നു. ഗോവയിലും മണിപ്പൂരിലും 2017 ൽ കോൺഗ്രസ് അംഗങ്ങളെ വിലയ്ക്കെടുത്താണ് ബിജെപി സംസ്ഥാന ഭരണം ഉറപ്പാക്കിയത്. തുടർന്ന് 2019 ൽ കർണാടക, 2020 ൽ മധ്യപ്രദേശ്, ഇക്കൊല്ലം മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിൽ അവർ ഓപ്പറേഷൻ താമര വിജയകരമായി നടപ്പാക്കി. ഡൽഹിയിലും ഝാർഖണ്ഡിലും പഞ്ചാബിലും അവർ സമാനശ്രമങ്ങൾ നടത്തിയെങ്കിലും അവ വിജയിക്കുകയുണ്ടായില്ല.

ഗോവ നിയമസഭയിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും കോൺഗ്രസിനും പ്രതിപക്ഷപാർട്ടികൾക്കും എതിരായ ഒരു രാഷ്ട്രീയ ‘സർജിക്കൽ സ്ട്രൈക്ക്’ ആയിരുന്നിരിക്കണം ബിജെപിയുടെ ലക്ഷ്യം. രാഹുൽ ഗാന്ധി തന്റെ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭാരത് ജോഡോ യാത്രയ്ക്ക് ഇറങ്ങിപ്പുറപ്പെട്ട അവസരംതന്നെ ഗോവയിലെ ഓപ്പറേഷൻ താമരയ്ക്കായി തിരഞ്ഞെടുത്തത് യാദൃച്ഛികമല്ല. ബിജെപിക്ക് എതിരെ ദേശീയതലത്തിൽ പ്രതിപക്ഷങ്ങളുടെ ഐക്യനിരക്കായി ശ്രമം നടക്കുന്ന അവസരവും അവരുടെ രാഷ്ട്രീയ കണക്കുകൂട്ടലിൽ ഉണ്ടാവണം. കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കനത്ത വെല്ലുവിളികളെ നേരിടുന്ന ഘട്ടത്തിൽ പ്രവർത്തകരെ ഒന്നിപ്പിക്കാനും ഊർജം പകരാനും ലക്ഷ്യംവച്ചുള്ള ക്യാമ്പയിനുമായി അവർ മുന്നോട്ടുപോകുമ്പോൾ പാർട്ടി നേതൃത്വത്തെയും പ്രവർ ത്തകരെയും ഒരുപോലെ അമ്പരപ്പിക്കുകയും ഭിന്നിപ്പിക്കുകയുമാണ് ബിജെപി ഗോവയിലെ കൂട്ട കാലുമാറ്റത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്. പാർട്ടിയെ നയിക്കാനോ ഒരുമിപ്പിക്കാനോ രാഹുലിന് ആവില്ലെന്ന് തെളിയിക്കാനും ബിജെപി തങ്ങളുടെ ഭിന്നിപ്പിക്കൽ തന്ത്രത്തിലൂടെ ശ്രമിക്കുന്നു. അതിനുവേണ്ടി ചെലവഴിക്കുന്ന അനേകം കോടി രൂപ അവരെ സംബന്ധിച്ച് 2024 തെരഞ്ഞെടുപ്പിലേക്കുള്ള നിക്ഷേപമാണ്. പഞ്ചാബിൽ സമാനമായ രീതിയിൽ മുപ്പതിലധികം ആം ആദ്മി പാർട്ടി എംഎൽഎമാരെ വിലയ്ക്കെടുക്കാനുള്ള ശ്രമം തൽക്കാലത്തേക്കെങ്കിലും വിജയിച്ചില്ല. ഓരോ എംഎൽഎമാർക്കും കുറഞ്ഞത് ഇരുപതുകോടി രൂപവീതമാണ് ബിജെപി വാഗ്ദാനം ചെയ്തത്. പത്ത് എംഎൽഎമാർക്കെതിരെ വധഭീഷണി മുഴക്കിയതായും എഎപി നേതൃത്വം വെളിപ്പെടുത്തുന്നു.


ഇതുകൂടി വായിക്കൂ: പതിവുകാഴ്ചയാകുന്ന ഭാരത് ജോഡോ യാത്ര


സമാനരീതിയിൽ ഡൽഹിയിലും എഎപി സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടന്നിരുന്നു. അതിനെ ഫലപ്രദമായി ചെറുക്കാൻ കഴിഞ്ഞ എഎപി സർക്കാർ ഒരു വിശ്വാസവോട്ടിലൂടെ തങ്ങളുടെ ഭൂരിപക്ഷം തെളിയിക്കുകയായിരുന്നു. ഝാർഖണ്ഡിലും സമാനമായ അട്ടിമറി ശ്രമമാണ് നടന്നത്. അവിടെ വേട്ടക്കാരിൽനിന്ന് തന്റെ എംഎൽഎമാരെ സംരക്ഷിക്കാൻ ചത്തീസ്ഗഡിലെ റിസോർട്ടിൽ വിശ്വാസവോട്ടുവരെ പാർപ്പിക്കേണ്ടിവന്നു മുഖ്യമന്ത്രിക്ക്. ഇവിടങ്ങളിലെല്ലാം തന്നെ മോഡിസർക്കാർ സിബിഐ, ഇഡി തുടങ്ങി കേന്ദ്ര ഏജൻസികളെ യഥേഷ്ടം ദുരുപയോഗം ചെയ്യുകയുണ്ടായി. ഓപ്പറേഷൻ താമര വിജയിക്കാതെപോയ സംസ്ഥാനങ്ങളിൽ അട്ടിമറി ഭീഷണി തുടർന്നും നിലനിൽക്കുന്നു. ഭരണഘടനയെയും നിയമവ്യവസ്ഥയെയും ജനങ്ങളിൽ ഭൂരിപക്ഷവും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ മൂല്യങ്ങളെയും കാറ്റിൽപറത്തികൊണ്ടാണ് ബിജെപി രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെതന്നെ അട്ടിമറിക്കാൻ മുതിർന്നിരിക്കുന്നത്. സുപ്രീം കോടതി രാഷ്ട്രീയതിന്മ എന്ന് വിശേഷിപ്പിച്ച കൂറുമാറ്റ പരമ്പരകൾക്ക് അറുതിവരുത്താനാണ് 1985ൽ ഭരണഘടനയുടെ പത്താം പട്ടികയായി കൂറുമാറ്റ നിരോധന നിയമം പാർലമെന്റ് പാസാക്കിയത്.

ഭരണഘടനയുടെ പേരിൽ പ്രതിജ്ഞയെടുത്ത് അധികാരം കയ്യാളുകയും അതിനെ സംരക്ഷിക്കാൻ ബാധ്യസ്ഥരുമായവർതന്നെ അത് അട്ടിമറിക്കുന്ന വിരോധാഭാസത്തിനാണ് രാജ്യം സാക്ഷ്യംവഹിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെപേരിൽ തെരഞ്ഞെടുക്കപ്പെട്ട അംഗം സ്വമേധയാ തന്റെ അംഗത്വം രാജിവച്ചു മറ്റൊരു പാർട്ടിയിൽ ചേരുകയോ പാർട്ടിയുടെ വിപ്പ് ലംഘിക്കുകയോ ചെയ്യുന്ന പക്ഷം ആ അംഗത്തെ അയോഗ്യനാക്കാൻ നിയമം വ്യവസ്ഥ ചെയ്തിരുന്നു. ഒരു പാർട്ടിയിൽ ഉണ്ടാവുന്ന പിളർപ്പിനെ തുടർന്ന് മൂന്നിൽ രണ്ട് അംഗങ്ങൾ പുറത്തുവന്ന് ഒരു പാർട്ടിയായി മാറുന്നെങ്കിൽ അവർക്കും, പാർട്ടിയിലെ മൂന്നിൽ രണ്ട് അംഗങ്ങൾ മറ്റൊരു പാർട്ടിയിൽ ലയിക്കുകയാണെങ്കിൽ അവർക്കും അയോഗ്യതയിൽ തുടക്കത്തിൽ ഇളവ് നൽകിയിരുന്നു. ആദ്യത്തെ വ്യവസ്ഥയുടെ ദുരുപയോഗത്തെ തുടർന്ന് 2003 ൽ നിയമം ഭേദഗതിചെയ്ത് ആ വ്യവസ്ഥ ഒഴിവാക്കിയിരുന്നു. എന്നാൽ പാർട്ടിയിൽ പിളർപ്പ് ഇല്ലാതെതന്നെ സ്വാർത്ഥ, രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടക്കുന്ന കാലുമാറ്റങ്ങൾക്കും കുതിരക്കച്ചവടങ്ങൾക്കും നിയമ പരിരക്ഷ നൽകുന്ന നിയമത്തിലെ അവ്യക്തതയാണ് ബിജെപി മുതലെടുക്കുന്നത്. ഈ പശ്ചാത്തലത്തിൽ കൂറുമാറ്റ നിരോധന നിയമം പുനഃപരിശോധനാ വിധേയമാക്കുകയും പഴുതുകളടച്ചു ശക്തിപ്പെടുത്തുകയും ചെയ്യാതെ ഇന്ത്യൻ ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാനാവില്ല.

You may also like this video;

Exit mobile version