1 March 2024, Friday

Related news

March 1, 2024
March 1, 2024
February 29, 2024
February 28, 2024
February 28, 2024
February 28, 2024
February 28, 2024
February 28, 2024
February 26, 2024
February 26, 2024

പതിവുകാഴ്ചയാകുന്ന ഭാരത് ജോഡോ യാത്ര

Janayugom Webdesk
September 13, 2022 5:00 am

ന്യാകുമാരിയില്‍ നിന്നാരംഭിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളപര്യടനം തുടരുകയാണ്. ഇതിനകംതന്നെ പല കാരണങ്ങളാല്‍ യാത്ര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. രാജ്യത്തിന്റെ തെക്കേ അതിര്‍ത്തിയായ കന്യാകുമാരിയില്‍ നിന്ന് ഔപചാരികമായി ആരംഭിച്ച യാത്ര കശ്മീരില്‍ സമാപിക്കുന്നതിനിടെ 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയുമാണ് സഞ്ചരിക്കുന്നത്. പ്രധാന യാത്രകള്‍ക്കൊപ്പം അനുബന്ധ യാത്രകളും സംഘടിപ്പിക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. 150 ദിവസം നീളുന്നതാണ് യാത്ര. സ്വാതന്ത്ര്യസമരത്തിനുശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും ദീര്‍ഘമമേറിയ യാത്ര എന്ന് പൊടിപ്പും തൊങ്ങലുമൊക്കെയായാണ് ചില മാധ്യമങ്ങള്‍ യാത്രയെ കൊണ്ടാടുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ചും കാല്‍നട ജാഥ എന്നതുകൊണ്ടും അത് ശരിയായിരിക്കുകയും ചെയ്യും. പക്ഷേ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യത്തേത് എന്നൊക്കെയുള്ള വിശേഷണം എത്രത്തോളം ശരിയാകുമെന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഇന്ത്യയിലെ ഇടതുപക്ഷ ബഹുജന സംഘടനകള്‍ ഇതിനകം ഒന്നിലധികം ദേശീയ യാത്രകള്‍ സംഘടിപ്പിച്ചതിന്റെ സമീപകാല ചരിത്രമിവിടെയുണ്ട്.


ഇതുകൂടി വായിക്കൂ: ഗാന്ധിയില്ലാതെന്ത് കോണ്‍ഗ്രസ്!


2017ലാണ് എഐവൈഎഫ്- എഐഎസ്എഫ് എന്നീ സംഘടനകള്‍ സംയുക്തമായി ദേശീയ തലത്തില്‍ വാഹന ജാഥ സംഘടിപ്പിച്ചത്. ജൂലൈ 15 ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച പ്രസ്തുത ലോങ്മാര്‍ച്ച് സെപ്റ്റംബര്‍ 12 ന് ഭഗത്‌സിങ്ങിന്റെ ജന്മനാടായ പഞ്ചാബിലെ ഹുസൈനിവാലയിലാണ് സമാപിച്ചത്. ഇന്ത്യയെ മാറ്റൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ മതേതരത്വത്തിനും ഭരണഘടനാ സംരക്ഷണത്തിനും വേണ്ടിയുള്ള യുവജന — വിദ്യാര്‍ത്ഥികളുടെ സമരോത്സുകത വിളിച്ചോതി 19 സംസ്ഥാനങ്ങളിലൂടെ 60 ദിവസങ്ങളില്‍ 15,000 കിലോമീറ്റര്‍ സഞ്ചരിച്ചാണ് പ്രസ്തുത യാത്ര സമാപിച്ചത്. ഇരുസംഘടനകളുടെയും ശക്തി കേന്ദ്രങ്ങളായ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നാലും അഞ്ചും ദിവസം മാത്രമാണ് പര്യടനമുണ്ടായിരുന്നത്. 1987ല്‍ ജനുവരി ഒന്നു മുതല്‍ മൂന്നുമാസത്തോളം നീണ്ടുനിന്ന സൈ ക്കിള്‍ ജാഥയും ഇരുസംഘടനകളും സംഘടിപ്പിച്ചിരുന്നു. കന്യാകുമാരിയില്‍ നിന്നാരംഭിച്ച പ്രസ്തുത ജാഥ ഭഗത്‌സിങ് രക്തസാക്ഷി ദിനമായ മാര്‍ച്ച് 23ന് ഡല്‍ഹിയില്‍ വന്‍റാലിയോടെ സമാപിക്കുമ്പോള്‍ പഞ്ചാബില്‍ നിന്നും ബംഗാളില്‍ നിന്നും പുറപ്പെട്ട അനുബന്ധ ജാഥകളും രാജ്യ തലസ്ഥാനത്തെത്തിയിരുന്നു. ഈ മൂന്നു ജാഥകളും രാജ്യത്തെ ഇരുപതിലധികം സംസ്ഥാനങ്ങളിലാണ് പര്യടനം നടത്തിയത്. കോണ്‍ഗ്രസ് യാത്രയെ ഇകഴ്ത്താനല്ല ഇത്രയും കാര്യങ്ങള്‍ സൂചിപ്പിച്ചത്. മറിച്ച് അത് അത്രമേല്‍ പ്രമുഖമാണെന്ന അവകാശവാദം ശരിയല്ലെന്ന് ഓര്‍മ്മപ്പെടുത്തുവാന്‍ മാത്രമാണ്. കാരണം കോണ്‍ഗ്രസ് യാത്ര സഞ്ചരിക്കുന്നത് 12 സംസ്ഥാനങ്ങളിലൂടെ മാത്രമാണ്. അതില്‍തന്നെ ബിജെപിക്കെതിരെ ഏറ്റവും ശക്തമായ പ്രചരണം നടത്തേണ്ട യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ യാത്ര മൂന്നോ നാലോ ദിവസങ്ങള്‍ മാത്രവുമാണ്. കേരളത്തില്‍ രണ്ടാഴ്ചയിലധികമാണ് യാത്രയുടെ സഞ്ചാരം. ഇവിടെ ബിജെപിയല്ല, ഇടതുപക്ഷവിരുദ്ധതയാണ് അവരുടെ മുഖ്യ പ്രചരണ വിഷയമെന്നതും ശ്രദ്ധേയമാണ്. മാത്രവുമല്ല നടന്നു തുടങ്ങിയ മൂന്നു ദിവസങ്ങളിലും കോണ്‍ഗ്രസ് ഈ യാത്ര നടത്തുന്നത് എന്തിനാണെന്ന ആശയക്കുഴപ്പം അവരുടെയും പൊതുസമൂഹത്തിന്റെയും ഇടയിലുമുണ്ടെന്നതും മറക്കുവാന്‍ പാടില്ല. രാഹുല്‍ എന്ന വ്യക്തിയില്‍ കേന്ദ്രീകരിച്ച് പതിവു നാടകങ്ങളിലൂടെയാണ് യാത്രയെ കൊണ്ടുപോകുക എന്നാണ് ഈ ദിവസങ്ങളില്‍ അതിനെ വീക്ഷിക്കുന്നവര്‍ക്ക് തോന്നുക. രാഹുലിന്റെ തട്ടുകട സന്ദര്‍ശനം, കുട്ടികളുടെ കഴുത്തില്‍ കയ്യിട്ടു നടത്തം എന്നിത്യാദി കലാപരിപാടികളാണ് മുഖ്യം.


ഇതുകൂടി വായിക്കൂ: ദേശീയ വികസന പരിപ്രേക്ഷ്യങ്ങളും ആഗോളതല അനിശ്ചിതത്വങ്ങളും


അതുകൊണ്ടുതന്നെ രാഹുലിന്റെ നേതൃത്വത്തിലുള്ള യാത്ര തുടക്കത്തില്‍തന്നെ വഴിതെറ്റിയിരിക്കുന്നുവെന്നുവേണം വിലയിരുത്തുവാന്‍. കോണ്‍ഗ്രസ് അതിന്റെ ഭൂതകാലക്കുളിരില്‍ നിന്ന് ഇപ്പോഴും പുറത്തുകടന്നിട്ടില്ലെന്നത് അവര്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ്. വ്യക്തി — കുടുംബ കേന്ദ്രീകൃതമായ വ്യവസ്ഥാപിത രീതികള്‍ക്കപ്പുറം ഒരു ജനകീയ സംഘടനയുടെ കെട്ടും മട്ടും കൈവരിക്കുന്നതിന് ഈ യാത്ര ഏതുവിധത്തിലാണ് കോണ്‍ഗ്രസിനെ സഹായിക്കുക എന്ന ആലോചനകള്‍ ഏതെങ്കിലും തലത്തില്‍ നടന്നതായി പോലും കരുതാനാകുന്നില്ല. ദേശീയ തലത്തില്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതിന് മതിയായ സംഘടനാ ശേഷിയോ അടിത്തറയോ ഇപ്പോള്‍ കോണ്‍ഗ്രസിനില്ലെന്ന് അതിനെ നോക്കിക്കാണുന്ന എല്ലാര്‍ക്കും അറിയാമെങ്കിലും അത് ബോധ്യം വരാത്തവര്‍ ഇപ്പോഴത്തെ അതിന്റെ നേതാക്കള്‍ മാത്രമാണ്. ഈ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ഭാവിയെ കരുതുന്നുവെങ്കില്‍ ബിജെപിക്കെതിരായി ദേശീയതലത്തില്‍ പ്രതിപക്ഷഐക്യം രൂപപ്പെടുത്തുന്നതിന് കോണ്‍ഗ്രസ് എന്തുമാര്‍ഗ്ഗമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് പറഞ്ഞുകൊണ്ടാകണമായിരുന്നു യാത്ര നടക്കേണ്ടത്. തങ്ങളുടെ യാത്രയുടെ വഴികളില്‍ പ്രതിപക്ഷ നേതാക്കളെ കൂട്ടിയോജിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടാകുകയും ചെയ്യേണ്ടിയിരുന്നു. അത്തരം സമൂര്‍ത്തമായ രാഷ്ട്രീയമോ പരിപാടികളോ മുന്നോട്ടുവയ്ക്കുന്നില്ലെന്നതാണ് യാത്രയുടെ ഏറ്റവും വലിയ പോരായ്മ. ഒരു രാഷ്ട്രീയ പാര്‍ട്ടി നടത്തുന്ന ദേശീയ പദയാത്ര എന്ന നിലയില്‍ അംഗീകരിക്കപ്പെടുമ്പോഴും രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര കെട്ടുകാഴ്ചയായി തീരുന്നത് അതുകൊണ്ടുതന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.