Site iconSite icon Janayugom Online

വംശീയ ഉന്മൂലനത്തിന്റെ നേര്‍ക്കാഴ്ചകള്‍

മധ്യപ്രദേശ് ദാമോവിൽ താഴ്ന്ന വരുമാനക്കാരും എന്നാല്‍ പഠനമികവ് പുലര്‍ത്തിയിരുന്നതുമായ വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു സ്കൂൾ ബിജെപി ഭരണം വളര്‍ത്തിയ ഹിന്ദുത്വ ഗുണ്ടകള്‍ തച്ചുതകര്‍ത്ത് അടച്ചു പൂട്ടി. ഗംഗാ-യമുന എന്നായിരുന്നു സ്കൂളിന്റെ പേര്. ഉത്തരേന്ത്യയില്‍ ഒരു കാലത്ത് പ്രകടമായിരുന്ന സമന്വയ സംസ്കാരത്തെ ആദരിക്കുന്നതിന് വിളിച്ചിരുന്ന പേരായിരുന്നു ഗംഗാ-യമുന. ഉന്നത വിജയം നേടിയതുമായി ബന്ധപ്പെട്ട് പതിപ്പിച്ച സ്കൂളിന്റെ പോസ്റ്ററാണ് ആക്രമണത്തിന് വഴിയായത്. സംഭവങ്ങളുടെ ക്രമം മേയ് 27നാണ് ആരംഭിച്ചത്. പോസ്റ്ററില്‍ ഹിന്ദുവും മുസ്ലിമും ആയ പെൺകുട്ടികൾ സ്കാർഫുകളോ ഹിജാബുകളോ ധരിച്ചിരുന്നു. വിദ്യാർത്ഥികളെയും അധ്യാപകരെയും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനുള്ള പരിശ്രമം എന്നതായിരുന്നു ഹിന്ദുത്വ തീവ്രവാദികള്‍ ഇതിനെ വ്യാഖ്യാനിച്ചത്. എന്നാല്‍ ആരോപണങ്ങളിൽ വിദ്യാഭ്യാസ, പൊലീസ് അന്വേഷണങ്ങള്‍ യാതൊരു കഴമ്പും കണ്ടെത്തിയില്ല. ഇത് ജില്ലാ കളക്ടറും അംഗീകരിച്ചു. എന്നിട്ടും, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും നിരന്തരം സമ്മർദം ചെലുത്തി. 16 ദിവസത്തിന് ശേഷം, സ്കൂൾ അടച്ചുപൂട്ടി. കെട്ടിടങ്ങള്‍ തകർത്തു. 1200 ലധികം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം തുലച്ചു. നിയമവാഴ്ചയുടെ തകര്‍ച്ച, ഹിന്ദുത്വ ഗുണ്ടകളോടുള്ള വിധേയത്വം, അറിവിനോടുള്ള പക, വിജ്ഞാനം മതേതര ഭാവത്തില്‍ പകരുന്ന സ്ഥാപനങ്ങളെ കണ്ടെത്തി നശിപ്പിക്കുക തുടങ്ങിയവ ബിജെപി ഭരണകൂടങ്ങളുടെ മുഖങ്ങളായിരിക്കുന്നു.

ജൂൺ 30 ന് ഖാർഗോൺ ജില്ലയിൽ റോഡ് ഷോയ്ക്കിടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനൊപ്പം ബിജെപി പ്രസിഡന്റ് ജെപി നദ്ദയും ആവര്‍ത്തിച്ചു “നാം ജനാധിപത്യത്തിലാണ് ജീവിക്കുന്നത്, ” പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടാഴ്ച മുമ്പ് യുഎസിൽ പറഞ്ഞു, “ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, മാനുഷിക മൂല്യങ്ങളും മനുഷ്യത്വവും കൂടെ ഇല്ലെങ്കിൽ, മനുഷ്യാവകാശങ്ങളുടെ ചേര്‍ച്ച ഇല്ലെങ്കിൽ, അത് ജനാധിപത്യമല്ല, ” ഭാവന ഇല്ലായ്മയോ കഴിവില്ലായ്മയോ അല്ലെങ്കിൽ രണ്ടുമോ മോഡിയുടെ ഭരണത്തില്‍ ഇവയെല്ലാം വേരറ്റിരിക്കുന്നു. രാജ്യത്ത് ജനാധിപത്യ ധ്വംസനവും മാനുഷിക മൂല്യങ്ങളുടെ ഇടര്‍ച്ചയും സാധാരണമായിരിക്കുന്നു. ന്യൂനപക്ഷങ്ങളോടുള്ള വിവേചനത്തിലാകട്ടെ വീഴ്ച സങ്കല്‍പാതീതമാണ്. മോഡി സർക്കാരും അവര്‍ ബന്ദികളാക്കിയ “ഗോദി” അല്ലെങ്കിൽ ലാപ്ഡോഗ് മീഡിയയും ഇവയെല്ലാം അവഗണിക്കുന്നു. ഭരണകക്ഷിയുടെയും ഗവൺമെന്റിന്റെയും ഹിന്ദുത്വ അജണ്ടകള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ചില പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ കൂടെച്ചേരുന്നതും ഭയപ്പെടുത്തുന്നു. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ, രണ്ട് മുസ്ലിം യുവാക്കളെ കൊന്നതിന് പിടിയിലായ മോനു മനേസർ എന്ന പശു സംരക്ഷകൻ നാല് മാസങ്ങള്‍ക്കു ശേഷം ശിക്ഷകളില്‍ നിന്നും സ്വതന്ത്രനായി. ഇതില്‍ പ്രതിഷേധിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മധ്യപ്രദേശില്‍ ദാമോയിലെ സംഭവങ്ങളിൽ ആരും കൊല്ലപ്പെട്ടില്ല എന്നതില്‍ ആശ്വസിക്കാം. പക്ഷെ, മഹാരാഷ്ട്രയിൽ മാംസം കടകളിലേക്ക് കൊണ്ടു പോയിരുന്ന രണ്ട് മുസ്ലിം യുവാക്കളെ ക്രൂരമായി മർദിച്ചു, ഒരാളെ കൊന്നു. “വിരലുകൾ പിന്നിലേക്ക് വളച്ച് കൈ എല്ലുകള്‍ ഒടിച്ചു. കവിളെല്ലുകൾ തകര്‍ത്തു”. മര്‍ദനമുറകള്‍ മൃഗീയമായിരുന്നു. കേസുമായി ബന്ധപ്പെട്ട് 11 പേർ അറസ്റ്റിലായി. കൊല്ലപ്പെട്ടയാളും ഗുരുതരമായ കുറ്റങ്ങളെ അഭിമുഖീകരിക്കുന്നു! സമീപ വർഷങ്ങളിൽ, ആൾക്കൂട്ടക്കൊലയ്ക്ക് ഇരയായവർക്കെതിരെ പൊലീസ് പ്രവർത്തിക്കുന്നത് പതിവാണ്.


ഇതുകൂടി വായിക്കൂ:ഫാസിസം ആഗ്രഹിക്കുന്നത് ചൊല്‍പ്പടിക്കാരെ മാത്രം 


മൂന്ന് പൊലീസുകാരിൽ ഒരാൾ ഇത്തരം ആൾക്കൂട്ട ആക്രമണങ്ങൾ പശുവിനെ കൊല്ലുന്നതിനുള്ള “സ്വാഭാവിക” പ്രതികരണമായി കാണുന്നു എന്നതാണ്. മരുന്ന് നിര്‍മ്മണത്തിന് അസംസ്കൃത വസ്തുവായ കാലികളുടെ എല്ല് കൊണ്ടുപോയതിന് ബീഹാറില്‍ ഒരാള്‍ കൊല്ലപ്പെട്ടത് അടുത്തിടെയായിരുന്നു. മുസ്ലിങ്ങള്‍ വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് “പുതിയ ഇന്ത്യയിൽ മറ്റൊരു പതിവു കാലാവസ്ഥാ അറിയിപ്പു പോലെയായിരിക്കുന്നു”. ആൾക്കൂട്ടക്കൊലകൾ പുതിയതല്ല. എന്നാല്‍ മണിപ്പൂരിലോ വംശീയ ഉന്മൂലനം പ്രകടവും വ്യക്തവുമാണ്. കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ കൃത്യമായ കണക്കുകളുമില്ല. സൈന്യത്തോടും സുരക്ഷാ സേനയോടും യുദ്ധം ചെയ്യുകയാണ് ജനങ്ങള്‍. പ്രധാനമന്ത്രി മോഡിയാകട്ടെ അതിവേഗ ട്രെയിനുകൾക്ക് പച്ചക്കൊടി വീശുകയും വാപൂട്ടി താടി ഉഴിയുകയും ചെയ്യുന്നു. രക്തച്ചൊരിച്ചിലും അരാജകത്വവും ആരറിയാന്‍. ഉത്തരാഖണ്ഡിലെ പുരോലയിൽ, സൂക്ഷ്മമായ വംശീയ ഉന്മൂലനം പോയമാസം വെളിപ്പെട്ടു. “ലവ് ജിഹാദ്” ആരോപണങ്ങളുടെ മറവില്‍ ദേവഭൂമിയെ മുസ്ലിം മുക്തമാക്കാനുള്ള പദ്ധതി. കഴിഞ്ഞ ആഴ്ചയിലെ വിശുദ്ധ പെരുന്നാൾ ദിനത്തിൽ പൊതു പ്രാർത്ഥന നടത്തുന്നതിൽ നിന്ന് പുരോലയിൽ അവശേഷിക്കുന്ന മുസ്ലിങ്ങളെ ഹിന്ദുത്വ മൗലികവാദികൾ തടഞ്ഞു. “ചിലർ ഞങ്ങളുടെ നിരപരാധികളായ പ്രായപൂർത്തിയാകാത്ത സഹോദരിമാരെയും പെൺമക്കളെയും ഉപയോഗിച്ച് തന്ത്രങ്ങൾ കളിക്കുകയാണ്.” മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി എരിതീയില്‍ എണ്ണ പകര്‍ന്നു.

തീർത്ഥാടന നഗരമായ ബദരീനാഥിൽ, 35 കിലോമീറ്റർ അകലെ പോയി നമാസ് അർപ്പിക്കാൻ അവിടെ താമസിച്ചിരുന്ന ആറ് മുസ്ലിം കുടുംബങ്ങളോട് പൊലീസ് ആവശ്യപ്പെട്ടു. ഹിന്ദു തീർത്ഥാടകരുടെ മതവികാരങ്ങളോടുള്ള ആദരവിന്റെ അടയാളമെന്നായിരുന്നു ഇതിന് പൊലീസിന്റെ ഭാഷ്യം. ഗുജറാത്തിൽ, എല്ലാ മതങ്ങളിലുമുള്ള ആഘോഷങ്ങളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഈദ് ആഘോഷിച്ചതിന് പരസ്യമായി മാപ്പുപറയാന്‍ രണ്ട് സ്കൂളുകളിലെ മാനേജ്മെന്റുകളോടും മാതാപിതാക്കളോടും ഹിന്ദുത്വ തീവ്രവാദികള്‍ ആവശ്യപ്പെട്ടു, നടപ്പാക്കി. കർണാടകയിൽ ഈദ് ആഘോഷിച്ച സ്കൂളിലും സമാനമായ രീതിയിൽ ആക്രമണമുണ്ടായി. ഒഡിഷയുടെ തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഓഫിസിന് സമീപം രണ്ട് മുസ്ലിം പുരുഷന്മാരെ കെട്ടിയിട്ട് ചവിട്ടുകയും മർദിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വളര്‍ത്തുജീവികള്‍ക്ക് തീറ്റ നിര്‍മ്മിക്കുന്ന ഫാക്ടറിയിലേക്ക് മൃഗാവശിഷ്ടങ്ങൾ കൊണ്ടുപോയ മൂന്ന് മുസ്ലിം ട്രക്ക് ഡ്രൈവർമാരെയും രണ്ട് ക്ലീനർമാരെയും ഹിന്ദുത്വ തീവ്രവാദികൾ മർദിച്ചു. മുംബൈയിൽ, ഒരു ഹൗസിങ് സൊസൈറ്റിയുടെ സെക്രട്ടറി വ്യാജ നോട്ടുകൾ കരുവാക്കി അവിടെ പാര്‍ത്തിരുന്ന ഒരേയൊരു മുസ്ലിം കുടുംബത്തെ പുറത്താക്കാൻ ശ്രമിച്ചു. ഇന്ത്യയിലെ കോടതികളും കടുത്ത ഹൈന്ദവ വികാരങ്ങളുടെ സ്വാധീനത്തിലാണ്. 2002ലെ മുസ്ലിം വിരുദ്ധ കലാപത്തിൽ 35 പേരെ കുറ്റവിമുക്തരാക്കിയ വിധിയില്‍, ജൂൺ 12ന് ഗുജറാത്തിലെ ഒരു സെഷൻസ് ജഡ്ജി, കലാപം ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടിയതിന് “മതേതര മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും” കുറ്റപ്പെടുത്തി. രാമായണത്തെ കേന്ദ്രീകരിച്ചുള്ള പുതിയ സിനിമയായ ആദിപുരുഷിനെതിരായ കേസ് പരിഗണിക്കുന്ന രണ്ട് ജഡ്ജിമാർ, ഇസ്ലാമോഫോബിക് വാട്ട്സ്ആപ്പ് ഫോർവേഡുകളിൽ സാധാരണയായി ഉപയോഗിക്കുന്ന കാര്യങ്ങളെ ചൂണ്ടിക്കാട്ടി. “ഖുർആനെ കേന്ദ്രീകരിച്ച് ഒരു ചെറിയ ഡോക്യുമെന്ററി നിർമ്മിച്ചുവെന്ന് കരുതുക, എന്തൊരു ഗുരുതരമായ ക്രമസമാധാന പ്രശ്നം ഉണ്ടാകുമായിരുന്നു ? എന്നാൽ ഹിന്ദുക്കളുടെ സഹിഷ്ണുത കാരണം, സിനിമാക്കാരുടെ ഈ അബദ്ധം സംഭവിച്ചിട്ടും കാര്യങ്ങൾ വൃത്തികെട്ടതായി മാറുന്നില്ല” എന്നായിരുന്നു ജസ്റ്റിസുമാരായ രാജേഷ് സിങ് ചൗഹാനും പ്രകാശ് സിങ്ങും പറഞ്ഞത്. ജനാധിപത്യവും നിയമവാഴ്ചയും ഭൂരിപക്ഷ‑ആൾക്കൂട്ട വികാരങ്ങൾക്ക് വഴിയൊരുക്കുമ്പോൾ, മാധ്യമങ്ങളെ നിയന്ത്രിക്കാനും സമൂഹമാധ്യമങ്ങളില്‍ സ്വാധീനമുള്ളവരെ ഉപയോഗിച്ച് അവരെ ഒഴിവാക്കാനും ശ്രമങ്ങള്‍ സജീവമാണ്. ഇന്ത്യയിൽ അവശേഷിക്കുന്ന ഏതാനും സ്വതന്ത്ര മാധ്യമങ്ങൾ ജനാധിപത്യം ജീവനോടെയുണ്ടെന്നും മെച്ചപ്പെട്ട നിലയിലെന്നും അവകാശപ്പെടാനും മുഖംരക്ഷിക്കാനും സർക്കാരിന് വഴിയാകുന്നുണ്ട്. പൊതു തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലാണ്. അയോധ്യയിലെ രാമക്ഷേത്രവും ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുള്ള ചർച്ചയും നിയമത്തെയും മാനുഷിക മൂല്യങ്ങളെയും ജനാധിപത്യത്തെയും അട്ടിമറിക്കാൻ സാധ്യതകളൊരുക്കും. ഭരണഘടനാ മൂല്യങ്ങളുടെ തകര്‍ച്ച അത്ര അകലെയല്ല എന്നു പറഞ്ഞാല്‍ വീണ്‍വാക്കല്ല എന്നതാണ് ഗതികേട്.… (കടപ്പാട് സ്ക്രോള്‍)

Exit mobile version