9 May 2024, Thursday

ഫാസിസം ആഗ്രഹിക്കുന്നത് ചൊല്‍പ്പടിക്കാരെ മാത്രം

Janayugom Webdesk
July 2, 2023 5:00 am

1941 ജൂൺ 22ന് ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചു. കുപ്രസിദ്ധമായ ആ ഫാസിസ്റ്റ് ആക്രമണത്തെ ചരിത്രം ഓപ്പറേഷൻ ബാർബറോസ എന്ന് വിളിച്ചു. ഓപ്പറേഷൻ ബാർബറോസയ്ക്ക് ആറ് വർഷങ്ങള്‍ പിറകില്‍ 1935 ഓഗസ്റ്റ് രണ്ടിന് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ജോർജി ദിമിത്രോവ്, ഏഴാം ലോക കോൺഗ്രസില്‍ ഓർമ്മിപ്പിച്ചു: കൂടുതല്‍ വികസിതമായ രൂപത്തില്‍ ഫാസിസ്റ്റ് പ്രവണതകളും ഫാസിസ്റ്റ് മുന്നേറ്റങ്ങളുടെ വിഷബീജങ്ങളും വ്യാപിക്കുകയാണ്. വേരാഴ്ത്തുന്ന ഓരോ രാജ്യത്തും ഫാസിസം തനതുരൂപം പ്രാപിക്കുകയാണ്. ചില രാജ്യങ്ങളില്‍ പെറ്റി ബൂർഷ്വാസി സമൂഹങ്ങളില്‍ ഫാസിസ്റ്റ് ശക്തികൾക്ക് അനുയായി വൃന്ദങ്ങള്‍ രൂപം കൊള്ളുന്നു. ഫാസിസ്റ്റ് ശക്തികൾക്കുള്ളിലും പ്രകടമായ വൈരുധ്യങ്ങളുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഫാസിസം പാർലമെന്റോ, ചേര്‍ന്നുള്ള സംവിധാനങ്ങളോ ഇല്ലാതാക്കാന്‍ ധൈര്യപ്പെടില്ല. ഇതിലൂടെ ബൂർഷ്വാ, സോഷ്യൽ ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ക്ക് ജനാധിപത്യ നിലപാടുകളുടെ നാട്യങ്ങളില്‍ കുറേക്കാലം തുടരാന്‍ വഴിയൊരുങ്ങും. ക്രമേണ ഫാസിസം എതിര്‍ പാര്‍ട്ടികള്‍ക്കും വിഭാഗങ്ങള്‍ക്കും എതിരെ ഭീകരഭരണ വാഴ്ച ആരംഭിക്കുന്നു. ഫാസിസം ഭരണകൂട അധികാരത്തിന്റെ രൂപമല്ല, ‘ബൂർഷ്വാസിയുടെയും തൊഴിലാളിവർഗത്തിന്റെയും മുകളില്‍ അത് ചുവടുറപ്പിക്കുന്നു. അത് ധനമൂലധനത്തിന് മേലുള്ള പെറ്റി ബൂർഷ്വാസിയുടെ ശക്തിയുമല്ല,’ ദിമിത്രോവ് വ്യക്തമാക്കി. ഫാസിസം ധനമൂലധനത്തിന്റെ പിന്തിരിപ്പൻ സ്വഭാവമാര്‍ജിച്ച തീവ്ര വലതുപക്ഷ ഏകാധിപത്യമാണ്.

ഫാസിസം സാമ്രാജ്യത്വവാദികളുടെ താല്പര്യങ്ങള്‍ക്കനുസൃതമായാണ് പ്രവർത്തിക്കുന്നത്. അവരാകട്ടെ ധനികരുടെ ആജ്ഞകള്‍ക്ക് കാതോര്‍ത്തിരിക്കുന്നു. എന്നാല്‍ കഷ്ടപ്പെടുന്ന രാജ്യങ്ങളുടെ സംരക്ഷകരെന്ന് ഫാസിസം സ്വയം നടിക്കുന്നു. ഫാസിസം ജനങ്ങളെ സമീപിക്കുന്നത് മോഹിനീഭാവത്തിലാണ്. ജര്‍മ്മനിയില്‍ ഫാസിസം പറഞ്ഞു, ‘ഞങ്ങള്‍ നിലകൊള്ളുന്നത് വ്യക്തികളുടെ ക്ഷേമത്തിനല്ല, ലക്ഷ്യം ബഹുജനങ്ങളുടെ ക്ഷേമമാണ്.’ ഇറ്റലിയിൽ പറഞ്ഞു, ‘ഞങ്ങളുടെ നിലപാട് മുതലാളിത്തത്തിനല്ല, അത് സംഘടിത ജനതയ്ക്കുവേണ്ടിയുള്ളതാണ്’. ജപ്പാനിൽ ഫാസിസം പറഞ്ഞു ‘ജപ്പാനുവേണ്ടി, ചൂഷണ രഹിതമായ ജപ്പാനുവേണ്ടി. ആഴത്തിലുള്ള സാമ്രാജ്യത്വ പ്രതിസന്ധിയുടെ അനന്തരഫലമായി കടുത്ത വിഷാദം ബാധിച്ച ഒരു ലോകമായിരുന്നു അത്. ഒരു വിഭാഗം മാന്ദ്യത്തില്‍ നിന്നും മറികടക്കാന്‍ ഫാസിസത്തെ പുല്‍കി. മാന്ദ്യത്തിൽ നിന്നും ആഹ്ലാദത്തിലേക്കുള്ള വഴിയാകുമെന്ന് കരുതി. ഫലമായി 1933ൽ ഹിറ്റ്ലർ ജർമ്മനിയിൽ അധികാരത്തിൽ വന്നു. ഹിറ്റ്ലറുടെ ആക്രമണങ്ങളുടെ കുന്തമുന സോവിയറ്റ് യൂണിയനിലേക്കായിരുന്നു. സാമ്പത്തിക, സൈനിക നിയന്ത്രണം ഏറ്റെടുത്ത് മുന്നോട്ട് നീങ്ങാന്‍ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കി. ഓസ്ട്രിയ, ഹംഗറി, പോളണ്ട്, ഹോളണ്ട്, ഡെൻമാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ് തുടങ്ങിയ ഇടങ്ങളില്‍ പാവ ഭരണകൂടങ്ങളെ പ്രതിഷ്ഠിച്ചു. ഫാസിസം യൂറോപ്പിന്റെ പടിഞ്ഞാറൻ, കിഴക്കൻ ഭാഗങ്ങളിലേക്കും പടര്‍ന്നു. അവിടേക്ക് ബോംബെറിഞ്ഞാണ് ഹിറ്റ്ലര്‍ രണ്ടാം ലോകമഹായുദ്ധത്തിന് തീകൊളുത്തിയത്. 1939 സെപ്റ്റംബർ ഒന്നിന് രണ്ടാം ലോകമഹായുദ്ധത്തിന് തുടക്കമായി. 1941 ജൂൺ 22ന് ഹിറ്റ്ലര്‍ സോവിയറ്റ് യൂണിയനെ വളഞ്ഞു. ഇറ്റലിയിലെ മുസോളിനിയും ഹിറ്റ്ലര്‍ കീഴടക്കിയ രാജ്യങ്ങളില്‍ നിന്നുള്ള അധിനിവേശ സേനകളും കൂടെച്ചേര്‍ന്നു. കടുത്ത സൈനിക ആക്രമണമായിരുന്നു ഫലം.


ഇതുകൂടി വായിക്കൂ:രാജ്യത്തിനായി ഒന്നിക്കുക


നാലായിരത്തിലധികം കിലോമീറ്റര്‍ നീളുന്ന യുദ്ധമുഖം. വിമാനങ്ങളുടെയും ടാങ്കുകളുടെയും പിന്തുണയോടെ 5.5 ദശലക്ഷം സൈനികരടങ്ങുന്ന സേനാമുന്നേറ്റത്തിന് ഹിറ്റ്ലര്‍ ചുക്കാന്‍ പിടിച്ചു. ആഴ്ചകൾക്കുള്ളിൽ സോവിയറ്റ് യൂണിയനെ കീഴ്പ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഒക്ടോബറോടെ പടിഞ്ഞാറൻ ഭാഗം പിടിച്ചെടുത്തു. എന്നാല്‍ വടക്ക് ലെനിൻഗ്രാഡ് മേഖലയിൽ മുന്നോട്ടുള്ള നീക്കം നിലച്ചു. മധ്യത്തില്‍ മോസ്കോയും തെക്ക് സ്റ്റാലിൻഗ്രാഡും കേന്ദ്രീകരിച്ച് നാസി സംഘം യുദ്ധമുന്നേറ്റങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ മുന്നോട്ടുള്ള നീക്കങ്ങള്‍ക്ക് ചലനമറ്റു. നവംബർ ഏഴിന്റെ പരേഡിനെ തുടര്‍ന്ന് മോസ്കോയിലെ റെഡ് സ്ക്വയറിൽ നിന്ന് തന്നെ യുദ്ധമുഖത്തേക്ക് സോവിയറ്റ് സൈന്യം നീങ്ങി. ലെനിൻഗ്രാഡിലെ ഉപരോധം 900 നാള്‍ നീണ്ടുനിന്നു. നാസി സേനയുടെ കടന്നുകയറ്റം മോസ്കോ ചെറുത്തു. സ്റ്റാലിൻഗ്രാഡിലും കുർസ്കിലും യുദ്ധം കനത്തു. ടാങ്കുകളും കവചിത വാഹനങ്ങളും യുദ്ധവിമാനങ്ങളും അണിനിരന്നു. ഖാർകോവ്, മിൻസ്ക്, കീവ്, ഡോൺബാസ് എന്നീ ഇടങ്ങളിലും യുദ്ധം തീവ്രമായി. ലെനിൻഗ്രാഡിലും വന്യമായ യുദ്ധമുഖം തീര്‍ത്തു. 1944 ആയപ്പോഴേക്കും സോവിയറ്റ് സൈന്യം റുസോ-യൂറോപ്യൻ അതിർത്തികളിൽ എത്തി. ഹിറ്റ്ലറുടെ നാസി സൈന്യത്തെ കീഴ്പ്പെടുത്തി. കിഴക്കൻ യൂറോപ്പില്‍ പ്രവേശിച്ച് മുസോളിനിയുടെ സേനയെ പരാജയപ്പെടുത്തി. സോവിയറ്റ് സൈന്യം ജർമ്മനിയിൽ പ്രവേശിച്ചു. 1945 ഏപ്രിൽ 30ന് ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തു. 1945 മേയ് എട്ടിന് ജര്‍മ്മന്‍ സേന സോവിയറ്റ് സൈന്യത്തിന് കീഴടങ്ങി. ശേഷിച്ചവര്‍ മേയ് ഒമ്പതിന് സഖ്യസേനയ്ക്കും കീഴടങ്ങി.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു, സോവിയറ്റ് യൂണിയനില്‍ സൈനികരടക്കം രണ്ട് കോടി ജനത കൊല്ലപ്പെട്ടു. യുദ്ധം ഇല്ലാതാക്കിയത് ആകെ അഞ്ചു കോടി മനുഷ്യജീവനാണ്. അരനൂറ്റാണ്ടിനുശേഷം ഇന്ത്യയും ധനമൂലധനം ഭരിക്കുന്ന സംവിധാനത്തിലേക്ക് അതിവേഗം നീങ്ങുകയാണ്. രാജ്യത്തിന് അതിന്റെ ജനാധിപത്യ സൂചികകൾ നഷ്ടപ്പെടുന്നു. വാച്ച്ഡോഗ് ആക്സസ് നൗ സര്‍വേ പ്രകാരം, നെറ്റ്‌വർക്ക് അടച്ചുപൂട്ടലുകളിൽ ഇന്ത്യയാണ് ലോകത്ത് മുന്നിൽ. ടെലികോം, സമൂഹ മാധ്യമ കമ്പനികളുടെ ഉള്ളടക്കം നീക്കം ചെയ്യാനും അവരെ ഭീഷണിപ്പെടുത്താനും ഭരണാധികാരികള്‍ തന്ത്രങ്ങള്‍ മെനയുന്നു. അനുസരിക്കാൻ വിസമ്മതിച്ചാൽ പൊലീസ് നടപടികളുമായി വേട്ടയാടല്‍ തുടരുന്നു. രാജ്യത്തെ ജനസംഖ്യയിൽ 14 ശതമാനം വരുന്ന മുസ്ലിങ്ങളോടുള്ള പെരുമാറ്റങ്ങളില്‍ കയ്പേറിയ പക്ഷപാതം പ്രകടമാണ്. 2019ലെ റിപ്പോർട്ട് അനുസരിച്ച് പശുമാംസം സൂക്ഷിച്ചുവെന്ന് ആരോപിച്ച് 36 മുസ്ലിങ്ങളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. പശുക്കളെ കച്ചവടം ചെയ്തു എന്ന കുറ്റം ആരോപിച്ചും കൊല്ലപ്പെട്ടവര്‍ വേറെ. ന്യൂനപക്ഷങ്ങളുടെ ചെലവില്‍ഭൂരിപക്ഷവാദം പ്രോത്സാഹിപ്പിക്കപ്പെടുന്നു. ധനമൂലധനത്തിന് അതിന്റെ വളര്‍ച്ചയുടെ ചേരുവ തീര്‍ക്കാന്‍ ഒരു ക്ഷേമ സമൂഹത്തിന്റെ അവശിഷ്ടങ്ങൾ ആവശ്യമാണ്, കൂടെ ചൊല്പടിക്ക് നില്‍ക്കുന്ന ജനങ്ങളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.