ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരംഭിച്ച ഭരണകൂട വിരുദ്ധ പ്രക്ഷോഭം പതിനൊന്നാം ദിവസത്തിലേക്ക്. സംഘർഷങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി ഉയർന്നു. ടെഹ്‌റാനിലെ ഗ്രാൻഡ് ബസാറിൽ ധർണ നടത്തിയ പ്രതിഷേധക്കാർക്ക് നേരെ സൈന്യം നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നിലവിൽ 88 നഗരങ്ങളിലായി 257 സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇറാനിയൻ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും രൂക്ഷമായ പണപ്പെരുപ്പവുമാണ് ജനങ്ങളെ തെരുവിലിറക്കിയത്. ഡിസംബർ 28ന് കടയുടമകൾ ആരംഭിച്ച പ്രതിഷേധം ഇപ്പോൾ രാജ്യവ്യാപകമായ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. ഇതുവരെ 2,076 പേരെ അധികൃതർ അറസ്റ്റ് ചെയ്തതായും അറുപതിലധികം പേർക്ക് പരിക്കേറ്റതായും മനുഷ്യാവകാശ സംഘടനകൾ അറിയിച്ചു. അതേസമയം, പ്രക്ഷോഭം രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ കൂടുതൽ തകർക്കുമെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ അഭ്യർത്ഥിച്ചു.
ഇതിനിടെ, ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കുടുംബത്തോടൊപ്പം റഷ്യയിലേക്ക് പോകാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ ഇന്ത്യയിലെ ഇറാൻ എംബസി നിഷേധിച്ചു. ഖമേനി രാജ്യം വിടുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് എംബസി വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ കറൻസി അച്ചടിച്ച് വിതരണം ചെയ്യുന്നത് സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് പെസഷ്‌കിയാൻ അറിയിച്ചു.

