Site iconSite icon Janayugom Online

കർണാടകത്തിലെ മുസ്‌ലിം ‘കുത്തക’ വിരുദ്ധത

BJPBJP

ഴവർഗ വിപണിയിലെ മുസ്‌ലിം കുത്തക അവസാനിപ്പിക്കുന്നതിനാണ് ഇപ്പോൾ കർണാടകയിലെ സംഘ്പരിവാർ സംഘടനകളുടെ പരിശ്രമം. ഹിജാബ് ധരിക്കരുതെന്നും ഹലാൽ മാംസം വില്‍ക്കരുതെന്നും മുസ്‌ലിങ്ങൾ പാകംചെയ്ത് വില്‍ക്കുന്ന ബിരിയാണി വാങ്ങരുതെന്നും അവര്‍ ആഹ്വാനം ചെയ്തു. ഈ ബലത്തിൽ കർണാടകം ഭരിക്കുന്ന ബിജെപി സർക്കാർ ഔദ്യോഗികമായി അനുകൂല ഉത്തരവുകൾ ഇറക്കി. പല നടപടികളും സ്വീകരിച്ചു. മതേതര രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ സ്വൈരജീവിതം തകർക്കുന്നതിന് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർതന്നെ കൂട്ടുനിൽക്കുന്ന സ്ഥിതി സംജാതമായതോടെ സംസ്ഥാനത്തെ സംഘ്പരിവാർ അനുകൂലികളാകെ ഒന്നിനുപിറകെ ഒന്നായി മുസ്‌ലിം വിരുദ്ധ അജണ്ടയുമായി രംഗത്തിറങ്ങി.

സംസ്ഥാനത്തിന്റെ തീരമേഖലയിലെ ക്ഷേത്രോത്സവപ്പറമ്പുകളിൽ മുസ്‌ലിം വിഭാഗത്തിൽപ്പെടുന്നവരാരും കച്ചവടങ്ങൾ നടത്തരുതെന്നായിരുന്നു ഇവരുടെ അടുത്ത ഭീഷണി. ഈ വർഗീയ ആഹ്വാനം ബിജെപി ജനപ്രതിനിധികൾ തന്നെ ഏറ്റെടുത്തു. വിഷയം നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടു. ഇതോടെ സാമാന്യേന ചെറുതും വലുതുമായി ഹൈന്ദവ ദേവാലയങ്ങൾ ഏറെയുള്ള കർണാടകയിൽ മുസ്‌ലിം കച്ചവടക്കാർക്കെതിരെ സംഘ്പരിവാറുകാരുടെ നീക്കം വ്യാപകമായി. പലയിടത്തും ഉത്സവപ്പറമ്പുകളിൽ കച്ചവടക്കാരുടെ പേരും മതവും തിരക്കാൻ ക്രിമിനൽ സ്വഭാവമുള്ള ‘ഹിന്ദുമത വിശ്വാസികൾ’ രംഗത്തിറങ്ങി. നാടിന്റെ സമാധാനവും സാഹോദര്യവും തച്ചുതകർക്കാനുള്ള ആസൂത്രിത നെട്ടോട്ടമാണ് കർണാടകയിലെ ഉത്സവപ്പറമ്പുകളിൽ പിന്നീടിങ്ങോട്ട് കാണുന്നത്.


ഇതുകൂടി വായിക്കൂ: ഭാരതം ഫാസിസ്റ്റ് ഭരണത്തിലേയ്ക്കോ ?


ഉത്സവാഘോഷങ്ങളിലെ കച്ചവടം ഇല്ലാതാക്കാനുള്ള ശ്രമത്തിന് പിറകെ, ഹലാൽ മാംസം വില്‍ക്കുന്നത് തടയണമെന്ന ആഹ്വാനം സംഘ്പരിവാറിൽ നിന്ന് ഉയർന്നു. ശേഷിക്കുന്ന ഇടങ്ങളിൽക്കൂടി മുസ്‌ലിം വിരുദ്ധർക്ക് അഴിഞ്ഞാടാനുള്ള ലൈസൻസായി അത് മാറുന്ന കാഴ്ചയാണ് കർണാടകയിലാകെ പിന്നീടുണ്ടായത്. അറപ്പും വെറുപ്പും ഉളവാക്കുന്ന വിധമാണ് ഇക്കാര്യത്തിലും സംഘ്പരിവാറുകാരുടെ അഴിഞ്ഞാട്ടം. ഹൊസ്തടക്കു ആഘോഷങ്ങളിൽ ഹലാൽ മാംസം വാങ്ങരുതെന്നായിരുന്നു ആഹ്വാനം. പുരാണത്തിൽ പറയുന്നതനുസരിച്ച് ശ്രീകൃഷ്ണൻ മരിച്ച ദിവസമെന്ന വിശ്വാസത്തോടെ ഇവിടത്തുകാർ ആചരിക്കുന്നതാണ് ‘യുഗാദി’. കർണാടകയ്ക്കുപുറമെ ആന്ധ്രയും തെലങ്കാനയും ഇങ്ങനെയൊരു ദിനാചരണം ഹൈന്ദവ ഭവനങ്ങളിൽ പൂജാദികർമ്മങ്ങളോടെ നടത്തുക പതിവാണ്. പുളിയും ശർക്കരയും ഉപ്പും മുളകും ചേർത്ത യുഗാദി പച്ചടിയാണ് ഈ ദിവസത്തെ വിഭവം. എന്നാൽ യുഗാദിക്ക് തൊട്ടടുത്ത ദിവസം വലിയ ആഘോഷമാണ്. മദ്യവും മാംസവും എല്ലാം ചേർന്ന ഹൊസ്തടക്കു ആഘോഷം ദിവസം മുഴുവൻ നീളുന്നതാണ്. ഇത് വീടുകളിൽ മാത്രമല്ല, നാടുനീളെ പൊതുനിരത്തുകളിലും കാണാം. സംസ്ഥാനത്ത് മാംസത്തിന് ഇത്രയേറെ ചെലവുള്ള മറ്റൊരാഘോഷം ഇല്ലെന്നുതന്നെ പറയാം.

മാംസവിപണിയിലും പൊതുവെ മുസ്‌ലിങ്ങൾ ധാരാളമുള്ള കർണാടകത്തിൽ ഇവർക്കെതിരെയുള്ള വലിയൊരു നീക്കം തന്നെയായിരുന്നു ഹൊസ്തടക്കു ആഘോഷത്തിന് ഹലാൽ മാംസം ആരും വാങ്ങരുതെന്ന സംഘ്പരിവാറിന്റെ ആഹ്വാനം. വർഗീയ ലക്ഷ്യത്തോടെയായിരുന്നു ആഹ്വാനമെങ്കിലും കർണാടകയിൽ ഇക്കുറിയും ഹൊസ്തടക്കു ദിവസം മാംസവിപണിക്കും മദ്യവില്പനയ്ക്കും ഒരു കുറവും വന്നില്ലെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് നടത്തിയ അന്വേഷണത്തിന്റെ ഫലം. ചെറിയൊരു പ്രദേശത്ത് വില്പന നടത്തുന്ന ഒരു വ്യാപാരി മാത്രം ആയിരം കിലോ മാംസത്തിലേറെ വിറ്റഴിച്ചെന്നാണ് സാക്ഷ്യം. ഒപ്പം ‘എന്താണ് ഹലാൽ എന്നൊന്നും അല്ല, ശുദ്ധവും വൃത്തിയുമുള്ള മാംസമാണ് തങ്ങൾക്ക് ആവശ്യമെന്നും’, മുസ്‌ലിം വ്യാപാരിയുടെ മാംസക്കടയിൽ എത്തിയ ഹിന്ദുമതത്തിൽപ്പെട്ട ആളുടെ അഭിപ്രായവും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ ഉദ്ധരിക്കുന്നുണ്ട്.


ഇതുകൂടി വായിക്കൂ: വിശ്വാസം അതല്ലേ എല്ലാം


ഇസ്‌ലാമിക നിയമപ്രകാരം അനുവദനീയമായ ഭക്ഷണമെന്ന അർത്ഥമാണ് ‘ഹലാൽ’ എന്ന് ചേർത്തുവരുന്നത്. ലോകത്തെവിടെയുമുള്ള ഭൂരിപക്ഷം മുസ്‌ലിങ്ങളും ഹലാൽ ഭക്ഷണമെന്ന ആദർശം പിന്തുടരുന്നവരാണ്. മാംസത്തിന്റെയും ഭക്ഷണത്തിന്റെയും വൃത്തിയും ശുദ്ധിയുമാണ് ഇതിൽ പ്രദാനം ചെയ്യുന്നത്. ജീവനുള്ളവയെ ഇസ്‌ലാം വിധിപ്രകാരം കശാപ്പുചെയ്ത് തയാറാക്കി ഭക്ഷിക്കുന്നു എന്ന പരമ്പരാഗതരീതി ഒരു മതവിഭാഗം പിന്തുടരുന്നതിനെ സംഘ്പരിവാർ മറ്റൊരു കണ്ണിലൂടെയാണ് കാണുന്നതും അവതരിപ്പിക്കുന്നതും. കർണാടകയിലെ ‘ഹിന്ദുജനജാഗ്രതി സമിതി’ എന്ന സംഘടനയുടെ കോഓർഡിനേറ്റർ ചന്ദ്രു മോഗർ പ്രചരിപ്പിച്ചത് മുസ്‌ലിം കച്ചവടക്കാർ മാംസത്തിലും റൊട്ടിയിലും പഴവർഗങ്ങളിലും ‘ജിഹാദ് തുപ്പുന്നു’ എന്നാണ്. ഈ മേഖലയിലെ മുസ്‌ലിം വ്യാപാരകുത്തക അവസാനിപ്പിക്കണമെന്നും അതിനായി ഹിന്ദുക്കൾ സഹായിക്കണമെന്നും ആരും മുസ്‌ലിം കച്ചവടക്കാരിൽ നിന്ന് ഇവയൊന്നും വാങ്ങരുതെന്നും പറഞ്ഞു.

കർണാടകയിലെ ഹൈന്ദവ നേതാവായ പ്രശാന്ത് സംബർഗിയും മുസ്‌ലിം വ്യാപാരികളെ ഇല്ലാതാക്കാൻ ആഹ്വാനം ചെയ്തിരുന്നു. ഹിന്ദുക്കളായ കർ‍ഷകരാണ് കഠിനാധ്വാനം ചെയ്ത് പഴവർഗങ്ങൾ ഉല്പാദിപ്പിക്കുന്നത്. എന്നാൽ അതിന്റെ ലാഭവും ആനുകൂല്യങ്ങളും കൈക്കലാക്കുന്നത് ഇടനിലക്കാരായ മുസ്‌ലിം കച്ചവടക്കാരാണെന്നായിരുന്നു പ്രശാന്തിന്റെ പ്രചാരണം. ഒരുകോണിൽ ഈവിധം ആഹ്വാനങ്ങളും ആക്രോശങ്ങളുമായി സംഘടനാ നേതാക്കൾ മുന്നോട്ടുപോകുന്നു. അതേറ്റുപിടിച്ച് ജനപ്രതിനിധികൾ തന്നെ നിയമനിർമ്മാണ സഭയിൽ കാര്യങ്ങളെത്തിക്കുന്നു. തീരുമാനങ്ങളെന്ന ധ്വനിയിൽ പുറമെ പ്രചാരണം നടത്തുന്നു. മറ്റൊരു വശത്ത് ഇതൊന്നും തങ്ങളുമായി ബന്ധപ്പെട്ട വിഷയമേ അല്ലെന്ന അഭിപ്രായങ്ങളും വിളമ്പുന്നു. സംസ്ഥാനത്തെ മുസ്‌ലിം വിരുദ്ധ സംഭവങ്ങളുടെയൊന്നും ഉത്തരവാദിത്തം ബിജെപിയുടേതല്ലെന്നാണ് കർണാടകയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണൻ പറയുന്നത്. സർക്കാർ ഇക്കാര്യങ്ങളിൽ കക്ഷിയല്ലെന്നാണ് അശ്വതിന്റെ വാദം. സംസ്ഥാന സർക്കാർ എന്ന നിലയിൽ പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും നേതൃത്വത്തിന്റെ അഭിപ്രായങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ഇന്ത്യയിലെ വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ട സഹോദരന്മാർക്ക് എതിരല്ല ബിജെപിയും സംസ്ഥാന സർക്കാരും. നൂറ്റാണ്ടുകളും പതിറ്റാണ്ടുകളുമായി കെട്ടിപ്പടുത്ത ബന്ധങ്ങളെ വെറുക്കുന്നവരല്ല ബിജെപിയെന്നും അശ്വത് നാരായണൻ പറയുമ്പോൾ, പുറത്ത് നാടുനീളെ മുസ്‌ലിങ്ങളെ വേട്ടയാടുകയാണ് സംഘപരിവാറുകാർ. വർഗീയത പടർത്തുന്നവരുടെ ഇരട്ടത്താപ്പായേ കർണാടക മന്ത്രിയുടെ ഈ പ്രസ്താവനയെ കാണാനാവു.

ഹിന്ദുക്കളായ കർഷകരെ സഹായിക്കാൻ മുസ്‌ലിങ്ങളായ വ്യാപാരികൾ ഉല്പന്നങ്ങൾ വാങ്ങുന്നില്ലേ എന്ന മറുചോദ്യമുന്നയിച്ച് കർണാടക മുൻ മുഖ്യമന്ത്രി കുമാരസ്വാമിയും വിഷയത്തെ വേണ്ടത്ര ഗൗരവത്തിൽ കണ്ടില്ലെന്നുവേണം പറയാൻ.


ഇതുകൂടി വായിക്കൂ: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രതിസന്ധി


ഹിജാബിനും ഹലാലിനും മാമ്പഴക്കച്ചവടത്തിനുമൊക്കെ ഇടയിൽ കർണാടകത്തിലെ മദ്രസകൾ നിരോധിക്കണമെന്ന അതിഗൗരവമായി കാണേണ്ട ആവശ്യവും ഉയർന്നിരുന്നു. ബിജെപി എംഎൽഎയും മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ രേണുകാ ആചാര്യയാണ് ഇത്തരമൊരു ആവശ്യമുന്നയിച്ചതെന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. മദ്രസകളിൽ രാജ്യവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നു എന്നാണ് ഇയാളുടെ കണ്ടെത്തൽ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി അനുകൂല ഉത്തരവിടണമെന്നാണ് രേണുക ആചാര്യ ആവശ്യപ്പെടുന്നത്. തൊട്ടുപിറകെ, മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബജ്റംഗ് ദളിന്റെയും ശ്രീരാമസേനയുടെയും നേതാക്കളും രംഗത്തെത്തി. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ബാങ്ക് വിളിയുടെ സമയങ്ങളിൽ ‘ഓം നമഃശിവായ’, ‘ജയ് ശ്രീറാം’, ഹനുമാൻ ചാലിസ’ തുടങ്ങിയ ഹൈന്ദവ പ്രാർത്ഥനകൾ ലൗഡ് സ്പീക്കറിലൂടെ വായിക്കുമെന്നാണ് ഇവരുടെ പ്രസ്താവന. ഉച്ചഭാഷിണികളിലൂടെ ബാങ്ക് വിളിക്കുന്നത് മുസ്‌ലിങ്ങൾ കാലങ്ങളായി പിന്തുടരുന്ന രീതിയാണെന്ന് പറഞ്ഞ മുതിർന്ന ബിജെപി നേതാവും കർണാടക മന്ത്രിയുമായ കെ എസ് ഈശ്വരപ്പ, ബാങ്ക് വിളി വിദ്യാർത്ഥികളെയും കുട്ടികളെയും രോഗികളെയും ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. അതിനർത്ഥം മുസ്‌ലിം ജനവിഭാഗങ്ങളുടെ വിശ്വാസത്തെയും ആചാരത്തെയും മുടക്കുകയും വർഗീയത ആളിപ്പടർത്തുകയും ചെയ്യുക എന്നതുതന്നെ.

കർണാടകയിൽ ഇതിനെതിരെ പ്രതികരിക്കാൻ കോൺഗ്രസ് മടിക്കുകയാണ്. ജനതാദളും ബിജെപിക്കെതിരെ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് കുമാരസ്വാമിയുടെ പ്രതികരണവും തെളിയിക്കുന്നു. ഹിജാബ് വിഷയം കോൺഗ്രസ് ഊതിപ്പെരുപ്പിക്കുന്ന ഒന്നുമാത്രമാണെന്ന് മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി ആരോപിച്ചിട്ടും ഖദർ ധാരികൾ മൗനത്തിൽ തന്നെയാണെന്നത് ആശ്ചര്യമുണ്ടാക്കുന്നു. കച്ചവട രാഷ്ട്രീയത്തിലേക്ക് കൂപ്പുകുത്തിയ കർണാടകയിൽ കോൺഗ്രസും മറ്റുപ്രതിപക്ഷ പാർട്ടികളും മുൻകാലങ്ങളിൽ സ്വീകരിച്ച നിലപാടുകളിലെല്ലാം വെള്ളം ചേർത്തിരിക്കുന്നു. വർഗീയതയെ തോൽപ്പിക്കാൻ വർഗീയത തന്നെ ആയുധമാക്കുകയും ചെയ്യുന്നു. മതേതര മനസും സാഹോദര്യവും കാത്തുസൂക്ഷിക്കുന്ന അനേകായിരങ്ങളാണ് ഇതിൽ ബലിയാടാവുന്നത്. ഒപ്പം രാജ്യത്തിന്റെ യശസിനും കളങ്കമുണ്ടാക്കുന്നു.

Exit mobile version