Site iconSite icon Janayugom Online

സിഖ് വിരുദ്ധ കലാപക്കേസ് : മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷ

സിഖ് വിരുദ്ധകലാപത്തിനിടെ സരസ്വതി വിഹാറില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ കോണ്‍ഗ്രസ് എംപികൂടിയായ സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷ.പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് വിധി പുറപ്പെടുവിച്ചത്. നേരത്തെ സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കലാപത്തില്‍ സജ്ജന്‍ കുമാര്‍ ഈ ആള്‍ക്കൂട്ടത്തിന്റെ ഭാഗമാവുക മാത്രമല്ല അവര്‍ക്ക് നേതൃത്വം നല്‍കുകുയും ചെയ്തുവെന്നും കോടതി പറഞ്ഞിരുന്നുസിഖ് വിരുദ്ധ കലാപത്തിനിടെ ഡല്‍ഹിയിലെ സരസ്വതി വിഹാറില്‍ വെച്ച് 1984 നവംബര്‍ ഒന്നിന് അച്ഛനേയും മകനേയും കൊലപ്പെടുത്തിയ കേസിലാണ് വിധി.

ജസ്വന്ത് സിങ്, മകന്‍ തരുണ്‍ദീപ് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. തുടക്കത്തില്‍ പഞ്ചാബി ഭാഗ് പോലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. 2021 ഡിസംബര്‍ 16‑ന്‌ സജ്ജന്‍ കുമാര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിരുന്നു. 1984 ഒക്ടോബര്‍ 31‑ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സിഖ് അംഗരക്ഷകര്‍ വെടിവെച്ചുകൊന്നതിനെത്തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ സായുധരായ ഒരു കൂട്ടം ആളുകള്‍ സിഖുകാരുടെ സ്വത്തുവകകള്‍ വന്‍ തോതില്‍ കൊള്ള നടത്തിയെന്നും നശിപ്പിച്ചുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. അതിനിടെയാണ് ജസ്വന്ത് സിങും മകനും കൊല്ലപ്പെട്ടത്. അക്രമികള്‍ ഇവരുടെ വീട് കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്തു. ജസ്വന്ത് സിങിന്റെ ഭാര്യയാണ് പരാതിക്കാരി.

Exit mobile version