Site iconSite icon Janayugom Online

പുരാവസ്തു തട്ടിപ്പ് കേസ് ; ക്രൈം ബ്രാഞ്ച് സുധാകരനെ ചോദ്യം ചെയ്യുന്നു

പുരാവസ്തു തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെ ക്രൈംബ്രാ‍ഞ്ച് ചോദ്യം ചെയ്യുന്നു. പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ ഇന്ന് പകല്‍ 11മുതലാണ് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ സുധാകരനെ ചോദ്യം ചെയ്യുന്നത്.

തട്ടിപ്പ് കേസിലെ ഒന്നാം പ്രതി മോന്‍സണ്‍ മാവുങ്കലുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ വര്‍ഷങ്ങളായി നിരന്തരം ബന്ധം പുലര്‍ത്തിയതിന്‍റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചതായി സൂചനയുണ്ട്.

സുധാകരന്‍റെ അറസ്റ്റിലേക്കു വരെ നയിക്കുന്ന തെളിവുകള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എംപി ആകുന്നതിനുമുമ്പ്‌ 2018ലും 2019ൽ എംപിയായശേഷവും സുധാകരൻ മോൻസണുമായി നിരന്തരസമ്പർക്കം പുലർത്തിയതിന്റെ ഡിജിറ്റൽ തെളിവുകളും ഫോൺവിളി വിവരങ്ങളും അന്വേഷകസംഘം കണ്ടെത്തിയിരുന്നു. മോൻസൺ അറസ്‌റ്റിലായ 2021 വരെയും സുധാകരൻ അടുത്തബന്ധം തുടർന്നിരുന്നു.

മോൻസണിന്റെ ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോൺ എന്നിവയിൽനിന്നടക്കമാണ്‌ ഡിജിറ്റൽ തെളിവുകൾ ലഭിച്ചത്‌. 2018ൽ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ താമസിച്ചപ്പോഴുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്‌.

2019ല്‍ സുധാകരന്‍ എംപിയായശേഷവും മോന്‍സണ്‍ന്‍റെ വീട്ടില്‍ വന്നതിന്‍റെ ചിത്രങ്ങളും തെളിവുകളും ലഭിച്ചതായാണ് സൂചന. ചില പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയ സമയത്താണ് സുധാകരന്‍ മോന്‍സണെ സന്ദര്‍ശിച്ചത്. പരാതിക്കാരനായ തൃശൂര്‍ സ്വദേശി അനൂപ് മുഹമ്മദിനെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട് 

Eng­lish Summary:
Antiq­ui­ties Fraud Case; Crime branch inter­ro­gates Sudhakaran

You may also like this video:

Exit mobile version