Site iconSite icon Janayugom Online

കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വക്കില്‍ ആന്റണി ഡല്‍ഹി വിടുന്നു

ദേശീയ രാഷട്രീയത്തിലും, വിവിധ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പുകളില്‍ ദയനീയപരാജയം കോണ്‍ഗ്രസ് നേരിടുന്ന ഘട്ടമാണ്. ഭരണത്തിലിരുന്ന സംസ്ഥാനങ്ങളില്‍ തെര‍ഞ്ഞെടുപ്പുകളില്‍ കെട്ടിവെച്ചകാശ്പോലും നഷ്ടമാകുന്നസ്ഥിതിയിലാണ്. പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണതകര്‍ച്ചയുടെ സമയത്താണ് എ.കെ ആന്‍റണി ദേശീയരാഷട്രീയത്തില്‍ നിന്നും പുറത്തുവരുന്നത്. നെഹ്റു കുടുംബത്തോടുള്ള തന്‍റെ വിധേയത്വം ഒരിക്കല്‍കൂടി പറഞ്ഞുകൊണ്ടാണ് ‍ഡല്‍ഹിയില്‍ നിന്നും ആന്‍റണി വിമാനം കയറുന്നത്.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയുടെ വിശ്വസ്തരില്‍ പ്രമുഖനായിരുന്നു ആന്‍റണി. പാര്‍ട്ടിയുടെ ഉന്നതഅധികാര സമിതയില്‍ നിര്‍ണ്ണായക സ്വാധീനവും ആന്‍റണിക്കായിരുന്നു. പാര്‍ട്ടിയിലെ രണ്ടാമനാണെന്നു തന്നെ ആന്‍റണിയെ വിശേഷിപ്പിക്കാം. 1984ൽ ഇന്ദിര ഗാന്ധി വധത്തിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ 514ൽ 404 സീറ്റും നേടി കോൺഗ്രസ്‌ അധികാരത്തിലെത്തി അടുത്തവർഷം ആന്റണി ആദ്യമായി രാജ്യസഭാംഗമായി തലസ്ഥാനത്ത്‌ എത്തി. ഇന്ന്‌ ഡൽഹി വിടുമ്പോൾ കോൺഗ്രസിന്‌ ലോക്‌സഭയിൽ 54 അംഗങ്ങൾമാത്രം. 1991ൽ രണ്ടാംവട്ടം രാജ്യസഭാ അംഗമായ ആന്റണി നരസിംഹറാവു മന്ത്രിസഭയിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രിയായി.

2005വീണ്ടും രാജ്യസഭയിൽ. 2022 വരെ നീണ്ട 17 വർഷം രാജ്യസഭാംഗം. ഭരണഘടനയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ അവസാന ടേമിൽ ഒറ്റ ചോദ്യംപോലും ചോദിക്കാത്ത ആന്റണിയുടെ നിലപാടിനെതിരെ വിമർശമുയർന്നു. കോൺഗ്രസ്‌ രാഷ്‌ട്രീയത്തിൽ ഇത്രയേറെ പരിഗണന കിട്ടിയ മറ്റൊരു നേതാവ്‌ ഉണ്ടാകില്ല. കേന്ദ്രമന്ത്രിപദം രാജിവച്ചാൽ മുഖ്യമന്ത്രിസ്ഥാനം.അതുപോയാല്‍ ‌ കേന്ദ്രമന്ത്രി. അധികാരത്തിന്റെ ഈ ആസ്വാദനകാലവും ആന്റണിയുടെ ജീവിതത്തിന്റെ ഭാഗമാണ്‌. കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചാണ്‌ 1995ൽ മുഖ്യമന്ത്രിയായത്‌. 2004ൽ മുഖ്യമന്ത്രിപദം രാജിവച്ചാണ്‌ ഡൽഹിയിൽ എത്തി കേന്ദ്രമന്ത്രിയായത്‌. കൂടാതെ കോണ്‍ഗ്രസിന്‍റെ ഉന്നതസമിതിയായാ പ്രവര്‍ത്തകസമിതിയിലെ സീനിയര്‍ അംഗം .മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഒക്കെയായിരുന്നെങ്കിലും എ കെ ആന്റണിയുടെ നേട്ടമായി കേരളീയർക്ക്‌ ചൂണ്ടിക്കാട്ടാൻ ഒന്നുമില്ല എന്നതാണ്‌ വസ്‌തുത.

കേന്ദ്ര മന്ത്രിസഭയിൽ രണ്ടാമനായിരുന്നിട്ടുപോലും കേരളത്തിനുവേണ്ടി അദ്ദേഹം എന്തെങ്കിലും ചെയ്‌തതായി കാണാൻ കഴിയില്ല. കേരളത്തോട്‌ താൻ പ്രതിപത്തി കാണിച്ചാൽ മറ്റു സംസ്ഥാനങ്ങളിലുള്ളവർ ആക്ഷേപം ഉയർത്തുമെന്നായിരുന്നു ഇതിനുള്ള ആന്റണിയുടെ ന്യായം. ഡൽഹി വിടുകയാണെന്നു പറയാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലും എകെ ആന്റണി ഒരുകാര്യം ശ്രദ്ധിച്ചു. ബിജെപിയെ നേരിട്ട്‌ ആക്രമിക്കാൻ അദ്ദേഹം ഒരുമ്പെട്ടില്ല. കേന്ദ്ര സർക്കാരിനെ വാക്കുകൊണ്ടുപോലും നോവിക്കാതിരിക്കാനുള്ള കരുതൽ. നാനാത്വത്തിൽ ഏകത്വം, ബഹുസ്വരത എന്നൊക്കെ പറഞ്ഞതേയുള്ളൂ. സംഘപരിവാർ വർഗീയതയെ പരസ്യമായി തള്ളിപ്പറഞ്ഞില്ലെങ്കിലും നെഹ്‌റു കുടുംബത്തോടുള്ള വിധേയത്വം അദ്ദേഹം പരസ്യമാക്കി.2019ൽ രാഹുൽ ഗാന്ധിയെ അമേത്തിക്കു പുറമേ വയനാട്ടിൽ മത്സരിപ്പിച്ചതിനു പിന്നിൽ ആന്റണിയായിരുന്നു.

അമേഠിയില്‍ രാഹുല്‍ തോല്‍ക്കുമെന്നു ആന്‍റണിക്ക് ഉറപ്പുണ്ടായിരുന്നു, വയനാട്ടിൽ രാഹുൽ ജയിച്ചെങ്കിലും കോൺഗ്രസ്‌ നാമാവശേഷമായി. തുടർച്ചയായി രണ്ടു തെരഞ്ഞെടുപ്പുകളിൽ ജനം തള്ളിയ കേരളത്തിലെ കോൺഗ്രസിൽ ഇനിയൊന്നും ചെയ്യാനില്ലെന്ന്‌ ആന്റണിക്ക്‌ അറിയാം. ഇതിനാലാണ്‌ ആരെയും തിരുത്താനുള്ള ശക്തി തനിക്ക്‌ ഇപ്പോഴില്ലെന്ന്‌ അദ്ദേഹം തുറന്നുസമ്മതിച്ചതും. കോൺഗ്രസിന്റെ സമ്പൂർണ തകർച്ചയ്‌ക്ക്‌ സാക്ഷ്യംവഹിച്ചാണ്‌ എ കെ ആന്റണി രാജ്യതലസ്ഥാനത്തുനിന്നും തിരിച്ചുവരുന്നത്‌.

കോൺഗ്രസിന്റെ തിരിച്ചുവരവ്‌ ലക്ഷ്യംവച്ച്‌ അടുത്തമാസം രാജസ്ഥാനിൽ ചിന്തൻശിബിരം നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും പഴയ പ്രതാപകാലം കഴിഞ്ഞെന്ന്‌ അദ്ദേഹത്തിന്‌ ഉത്തമബോധ്യമുണ്ട്‌. അധികാരമുണ്ടായിരുന്ന 13 സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു ആന്റണി .ഇന്ദിര ഗാന്ധി മുതലുള്ള കോൺഗ്രസ്‌ അധ്യക്ഷന്മാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇന്ദിര ഗാന്ധിയെ തള്ളിപ്പറഞ്ഞ്‌ ഇടതുപക്ഷത്തോടൊപ്പം ചേർന്ന കോൺഗ്രസ്‌ നേതാവാണ്‌ ആന്റണി.

അടിയന്തരാവസ്ഥക്കാലത്ത്‌ ഭരണത്തോടൊപ്പം നിലയുറപ്പിച്ച ആന്റണിയും കൂട്ടരും പിന്നീടു നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധി വിജയിച്ചപ്പോൾ കോൺഗ്രസ്‌ വിട്ടു. കോൺഗ്രസ്‌ എ വിഭാഗം നിലവിൽവന്നത്‌ ഇക്കാലത്താണ്‌. എല്‍ഡിഎഫ് മുന്നണിയിലേക്കു വന്ന്‌ 1980ൽ കേരളത്തിൽ ഭരണത്തിൽ പങ്കാളിയായി. ഇന്ദിര ഗാന്ധിയെയും കെ കരുണാകരനെയും ശത്രുവായി നേരിട്ട ആന്റണിയും കൂട്ടരും 1981ൽ വീണ്ടും കോൺഗ്രസ്‌ ഐയിൽ ലയിച്ചു. കടുത്ത വിമർശകനായിരുന്ന എ കെ ആന്റണി മടങ്ങിവന്നപ്പോൾ പഴയതൊക്കെ മറക്കാൻ ഇന്ദിര ഗാന്ധിയും കെ കരുണാകരനും തയ്യാറായി. പക്ഷേ, അധികാരത്തിനുവേണ്ടിയുള്ള ചതുരംഗക്കളിയിൽ കെ കരുണാകരനെതിരെ ആന്റണി നടത്തിയ കരുനീക്കം കേരള രാഷ്ട്രീയം കണ്ടതാണ്.

ആന്‍റണിക്കുവേണ്ടി ഗ്രൂപ്പിനെ മുന്നില്‍ നയിച്ചത് ഉമ്മന്‍ചാണ്ടിയുമാണ് .ഇടതു പക്ഷ ജനാധിപത്യ മുന്നണിയിൽ ചേരുകയും പിന്നീട്‌ ഭരണത്തിൽ പങ്കാളിയാകുകയും ചെയ്‌ത ആന്റണി അതൊക്കെ വിസ്‌മരിച്ചതും രാഷ്‌ട്രീയ ചരിത്രത്തിലുണ്ട്‌. ‘100 വർഷത്തേക്ക്‌ ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ എത്തില്ല’ എന്നായിരുന്നു 1987ലെ തെരഞ്ഞെടുപ്പുവേളയിൽ ആന്റണി നടത്തിയ പ്രഖ്യാപനം. വോട്ട്‌ എണ്ണിയപ്പോൾ എൽഡിഎഫ്‌ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചെത്തി. പ്രളയകാലത്തുപോലും കേരളത്തിലേക്ക്‌ തിരിഞ്ഞുനോക്കാതിരുന്ന ആന്റണി കഴിഞ്ഞ തെരഞ്ഞെടുപ്പുസമയത്ത്‌ വോട്ട്‌ പിടിക്കാനെത്തി. ‘തുടർഭരണം വന്നാൽ സർവനാശം’ എന്ന ശാപവചനമായിരുന്നു അന്നത്തേത്‌. ആന്റണിയുടെ വാക്കുകളെ ജനങ്ങൾ തള്ളിക്കളഞ്ഞത്‌ എത്ര ശക്തിയോടെയാണ്‌.രണ്ടു വർഷത്തിനുള്ളിൽ രാഷ്‌ട്രീയം വിടുമെന്ന സൂചനയും അദ്ദേഹം നൽകി.

ഡൽഹി ജൻപഥ്‌ രണ്ടിലെ വസതിയിൽ കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്‌ പ്രവർത്തകസമിതിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ല എന്ന ധ്വനിയും ഉണ്ട്.സംഘടനാ തെരഞ്ഞെടുപ്പോടെ ദേശീയ രാഷട്രീയം വിടും. ജനാധിപത്യത്തിൽ കസേരകൾ ആർക്കും സ്ഥിരമല്ല. കോൺഗ്രസ്‌ നേരിടുന്ന തിരിച്ചടി താൽക്കാലികമാണ്‌. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്ന്‌ പുറത്താക്കാനാകും. നെഹ്‌റു കുടുംബമില്ലാതെ കോൺഗ്രസ്‌ ഇല്ല.

വർഗീയ ധ്രുവീകരണത്താലാണ്‌ പാർടി ക്ഷീണിച്ചത്‌. ഉദയ്‌പുർ ചിന്തൻ ശിബിരത്തിൽ കോൺഗ്രസിനെ തിരിച്ചെത്തിക്കാനുള്ള തീരുമാനമുണ്ടാകും. ആന്‍റണി പറയുന്നു.കോൺഗ്രസിന്റെ സമ്പൂർണ തകർച്ചയ്‌ക്ക്‌ സാക്ഷ്യംവഹിച്ചാണ്‌ എ കെ ആന്റണി രാജ്യതലസ്ഥാനത്തുനിന്നും തിരിച്ചുവരുന്നത്‌. കോൺഗ്രസിന്റെ തിരിച്ചുവരവ്‌ ലക്ഷ്യംവച്ച്‌ അടുത്തമാസം രാജസ്ഥാനിൽ ചിന്തൻശിബിരം നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും പഴയ പ്രതാപകാലം കഴിഞ്ഞെന്ന്‌ അദ്ദേഹത്തിന്‌ ഉത്തമബോധ്യമുണ്ട്‌. ദേശീയ രാഷ്‌ട്രീയത്തിൽ കോൺഗ്രസ്‌ അടക്കിവാണ കാലത്ത്‌ ഡൽഹിയിൽ എത്തിയ എ കെ ആന്റണി കേരളത്തിലേക്ക്‌ മടങ്ങുമ്പോൾ രാജ്യത്ത്‌ കോൺഗ്രസ്‌ ഛിന്നഭിന്നം.

Eng­lish Summary:Antony leaves Del­hi on the brink of Con­gress collapse

You may also like this video:

Exit mobile version