Site iconSite icon Janayugom Online

കൊലപാതകശേഷം അമ്മ ഒളിച്ചോടിപ്പോയെന്ന് മകളോട് പറഞ്ഞു; കടന്നുകളഞ്ഞത് മുറിയില്‍ ചന്ദനത്തിരി കത്തിച്ചുവെച്ചശേഷം

വനിതാ സെല്ലില്‍ പരാതി നല്‍കിയതാണ് ഭാര്യ അനുമോളെ കൊല്ലാന്‍ കാരണമെന്ന് സമ്മതിച്ച് വിജേഷ്. സ്ഥിരം മദ്യപാനിയായതോടെ ജോലി പോകാതെയാവുകയും ആളുകളില്‍ നിന്ന് രൂപ കടം വാങ്ങി മദ്യപിക്കുകയായിരുന്നു വിജേഷിന്റെ പതിവ്. വാങ്ങിയ തുക തിരികെ കിട്ടാതെ വന്നതോടെ ആളുകള്‍ പി ജെ വത്സമ്മ( അനുമോള്‍ 27)യെ വിളിച്ച് കാശ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചൊല്ലി വീട്ടില്‍ വഴക്കുണ്ടാകുന്നതും ചെയ്തിരുന്നു. മദ്യപിച്ച് വന്ന് ചീത്ത വിളിക്കുകയും ശരീരികമായി ഉപദ്രവിക്കുകയും ചെയ്തതോടെ പരാതിയുമായി വത്സമ്മ മാര്‍ച്ച് 11 ന് കട്ടപ്പന വനിതാ സെല്ലില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് 12 ന് പോലീസ് വിളിപ്പിച്ചപ്പോള്‍ ഭാര്യയോടൊപ്പം കഴിയാനാകില്ലെന്നും വിവാഹമോചനം വേണമെന്നും വിജേഷ് ആവശ്യപ്പെട്ടിരുന്നു. ഇതോടെ വത്സമ്മ മാട്ടുക്കട്ടയിലെ ബന്ധുവീട്ടിലേക്കും വിജേഷ് കല്‍ത്തൊട്ടിയിലെ തന്റെ കുടുംബ വീട്ടിലേക്കും പോയി. 17 ന് വൈകിട്ട് കാഞ്ചിയാര്‍ പേഴുങ്കണ്ടത്തെ വീട്ടില്‍ വത്സമ്മ തിരികെ എത്തിയപ്പോള്‍ മദ്യലഹരിയില്‍ വിജേഷ് വീട്ടില്‍ ഉണ്ടായിരുന്നു. രാത്രി 9.30 ഓടെ മകള്‍ ഉറങ്ങിയതിന് ശേഷം ഇരുവരും തമ്മില്‍ വാങ്ങിയ കാശ് തിരികെ നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം ഉണ്ടാകുകയും ചെയ്തു.

സ്‌കൂളിലെ കുട്ടികളില്‍ നിന്നും ഫീസായി പിരിച്ച തുക വത്സമ്മയുടെ കൈയ്യില്‍ നിന്നും വാങ്ങിയ 10,000 രൂപ ഉപയോഗിച്ച് മദ്യപിച്ച കാര്യം പറഞ്ഞായിരുന്നു ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. ഇതിനിടയില്‍ കസേരയില്‍ ഇരുന്ന് എഴുതികൊണ്ടിരുന്ന വത്സമ്മയുടെ പിന്നിലൂടെ ചെന്ന് വീട്ടില്‍ കിടന്ന ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പുറകോട്ട് വലിക്കുകയും തലയടിച്ച് കസേരയില്‍ നിന്ന് വീണ വത്സമ്മയെ ഷാള്‍ ഉപയോഗിച്ച് വലിച്ച് ബെഡ് റൂമിലേക്ക് കൊണ്ട് പോകുകയും ചെയ്തു. വത്സമ്മ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കുവാന്‍ ബ്ലേഡ് ഉപയോഗിച്ച് വത്സമ്മയുടെ കൈയ്യില്‍ മുറിവ് ഉണ്ടാക്കി. തുടര്‍ന്ന് വിജേഷ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വത്സമ്മയുടെ ഫോണ്‍ വിജേഷ് കൈക്കലാക്കി സ്വിച്ച് ഓഫ് ചെയ്തു. മരിച്ച വത്സമ്മയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിച്ചു. തുടര്‍ന്ന് അടുത്ത മുറിയില്‍ മകളുടൊപ്പം കിടന്നുറങ്ങിയ വിജേഷ് പിറ്റേന്ന് തന്റെ അമ്മയെ വിളിച്ച് വത്സമ്മ ആരുടെയോ കൂടെപ്പോയെന്ന് അറിയിക്കുകയായിരുന്നു.

21ന് മുറിയില്‍ ചന്ദനത്തിരിയും തിരിയും സുഗന്ധ ദ്രവ്യങ്ങളും തളിച്ചതിന് ശേഷം തമിഴ്‌നാട്ടിലേയ്ക്ക് മുങ്ങിയ വിജേഷ് പലയിടങ്ങളിലായി ഒളിവില്‍ താമസിച്ചതിന് ശേഷമാണ് ഞായറാഴ്ച രാവിലെ കുമളിയില്‍ തിരിച്ചെത്തുകയും പൊലീസ് പിടിയിലാകുകയും ചെയ്തു. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്‍, കട്ടപ്പന എസ്എച്ച്ഒ വിശാല്‍ ജോണ്‍സണ്‍, കട്ടപ്പന എസ്‌ഐ കെ ദിലീപ് കുമാര്‍ എന്നിവരുടെ നേത്യത്വത്തിലുളള പൊലീസ് സംഘം പ്രതിയായ വിജിഷിനെ കാഞ്ചിയാര്‍ പേഴുംകണ്ടത്തിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പൊലീസിന്റെ വന്‍ സുരക്ഷയിലാണ് പ്രതിയെ തെളിവെടുപ്പിനായിഎത്തിച്ചത്. കൃത്യം ചെയ്ത രീതി പൊലീസിന് കാണിച്ച് നല്‍കി. കൊലപ്പെടുത്തുവാന്‍ ഉപയോഗിച്ച ഷാള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകത്തിന് ശേഷം ലബ്ബക്കടയിലെ പണമിടപാട് സ്ഥാപനത്തില്‍ 11,000 രൂപയ്ക്ക് പണയം വെച്ച വത്സമ്മയുടെ ചെയിനും, മോതിരവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജാരാക്കിയ പ്രതിയെ ആറ് ദിവസത്തേയ്ക്ക് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങി.

Eng­lish Sum­ma­ry: Anu­mol mur­der case; Vijesh Con­fessed to the police

You may also like this video

Exit mobile version