Site iconSite icon Janayugom Online

അന്‍വറിന്റെ പിടിവാശി; നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയാകുന്നു

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ പറയുന്ന ആളിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന പിടിവാശി കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് അന്‍വറിന്റെ ശക്തമായനിലപാട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ അന്‍വര്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ജോയി മത്സരിച്ചാലെ താന്‍ പിന്തുണ നല്‍കു യെന്ന നിലപാടാണ് അന്‍വറിനുള്ളത്. ഇക്കാര്യം അന്‍വര്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു കഴിഞ്ഞു. 

നിലമ്പൂര്‍ മണ്ഡലത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം കൂടിയായ എ പി അനില്‍കുമാറിനോട് അന്‍വര്‍ ഇക്കാര്യം സൂചിപ്പിച്ചു കഴിഞ്ഞതായിട്ടാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകളും. മലപ്പുറം ഗസ്റ്റ് ഹൗസില്‍ അന്‍വര്‍-അനില്‍കുമാര്‍ കൂടിക്കാഴ്ച നടന്നത്. ഇക്കാര്യം പുറത്തു വന്നതോടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് അന്‍വറല്ലെന്ന നിലപാടിലാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നേതാക്കള്‍ അന്‍വറിന്റെ പിറകേ പോകരുതെന്നും അവര്‍ പറയുന്നു. സ്ഥാനാര്‍ത്ഥി മത്സരിച്ചു തോറ്റാലും അതിനു മാന്യതയുണ്ടെന്നാണ് അവര്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഗ്രൂപ്പുകള്‍ക്ക് ഏക അഭിപ്രായമാണുള്ളത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി കോണ്‍ഗ്രസില്‍ ഡിസിസി പ്രസിഡന്റ് കൂടിയായ വി എസ് ജോയിയും, കെപിസിസി ജനറല്‍ സെക്രട്ടറിയായ ആര്യാടന്‍ഷൗക്കത്തും സജീവമായി രംഗത്തുണ്ട്. ഇരുവരും അനൗദ്യോഗികമായി തന്നെ പ്രചരണത്തില്‍ ഇറങ്ങി കഴിഞ്ഞു. രണ്ടു പേരും സീറ്റിനായി രംഗത്തുണ്ട്. ഇരുവരും വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല താനും. ഇതും കോണ്‍ഗ്രസ് നേതൃത്വത്തെ ശരിക്കുംബുദ്ധിമുട്ടിച്ചിരിക്കുകയാണ്.

മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന മണ്ഡലം കണ്‍വെന്‍ഷനില്‍ ഇരുവരും പങ്കെടുക്കുകയും ചെയ്തു. ആര്യാടന്‍ ഷൗക്കത്തും, വി എസ് ജോയിയും പഴയ എ ഗ്രൂപ്പില്‍പ്പെട്ടവരാണ്. അന്‍വര്‍ പഴയ ഐ ഗ്രൂപ്പില്‍പ്പെട്ടയാളാണ്. കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം നിന്നയാളാണ് പി വി അന്‍വര്‍. മണ്ഡലത്തിൽ വിജയ സാധ്യത കൂടുതൽ വി.എസ്. ജോയിക്കാണെന്ന് അൻവർ, അനിൽ കുമാറിനെ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് തൃണമൂൽ കോൺ​ഗ്രസിനെ മുന്നണിയിൽ എടുത്താൽ ഭൂരിപക്ഷം കൂടുമെന്ന കാര്യവും അനിൽ കുമാറിനെ അൻവർ അറിയിച്ചിട്ടുണ്ട്. അന്‍വര്‍ തന്റെ വിലപേശല്‍ രാഷ്ട്രീയം നടത്തുകയാണെന്നു കോണ്‍ഗ്രസില്‍ സംസാരമുണ്ട്. 

അന്‍വര്‍ രാജിവെച്ച സമയത്തും ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്ഥാനാർഥി ജോയി ആയാൽ വൻ ഭൂരിപക്ഷത്തിൽ വിജയപ്പിച്ചെടുക്കുമെന്നായിരുന്നു അന്ന് അൻവറിന്റെ പ്രഖ്യാപനം. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അന്ന് അന്‍വറിനെ വിമര്‍ശിച്ച് രംഗത്തുവന്നു. പ്രത്യേകിച്ചും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ഥാനാർഥികളാവാൻ തയ്യാറെടുത്ത് ജോയിയും ഷൗക്കത്തും മണ്ഡലത്തിൽ സജീവ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് ജോയിക്ക് വേണ്ടി അൻവർ പാർട്ടി നേതാക്കൾക്ക് മുന്നിൽ എത്തുന്നതെന്നും ശ്രദ്ധേയമാണ്.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് വലിയ മങ്ങലേറ്റിരിക്കുകയാണ്.സ്ഥാനാര്‍ത്ഥിത്തിനായി ഇരുവരും രംഗത്തു വന്നതും, അന്‍വര്‍ ജോയിക്കായി വാദിക്കുന്നതും വന്‍ വിലങ്ങുതടിയായി മാറിയിരിക്കുന്നു. പാർട്ടി നേതൃത്വം ഇരുവരുമായും അനുനയ ചർച്ചകൾ നടത്തുന്നതിനിടെയാണ് അൻവർ നിലപാട് നേതാക്കളെ അറിയിക്കുന്നത്.

Exit mobile version