Site iconSite icon Janayugom Online

പ്രീണനം ഫലിക്കുന്നില്ല; വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്

യുഎസിനോടുള്ള പ്രീണനം ആവര്‍ത്തിക്കുന്ന ‘മോഡി തന്ത്രം’ ഫലിക്കുന്നില്ലെന്ന് തെളിയിച്ചുകൊണ്ട് ഇന്ത്യക്കെതിരെ വീണ്ടും താരിഫ് ഭീഷണി ഉയര്‍ത്തി ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടര്‍ന്നാല്‍ ഇന്ത്യക്ക് മേലുള്ള തീരുവ വര്‍ധിപ്പിക്കുമെന്നാണ് ഇന്നലെ യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 25% പ്രതികാര ചുങ്കം ഉള്‍പ്പെടെ 50% നികുതിയാണ് ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് യുഎസ് ഈടാക്കുന്നത്. ഇത് ഇനിയും വര്‍ധിപ്പിക്കുമെന്നാണ് ഭീഷണി. വെനസ്വേലയ്ക്കെതിരെ ട്രംപ് നടത്തിയ ഭ്രാന്തന്‍ അധിനിവേശത്തിനെതിരെ ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളും ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചപ്പോഴും ഇന്ത്യയുടെ ശബ്ദം തീരെ ദുര്‍ബലമായിരുന്നു. യുഎസിന്റെ പേരുപോലും പരാമര്‍ശിക്കാതെ ആയിരുന്നു പ്രതികരണം. സംഭവം നടന്നയുടന്‍ വെനസ്വേലയിലുള്ള വിരലിലെണ്ണാവുന്ന ഇന്ത്യക്കാര്‍ക്കുള്ള ഉപദേശമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. പിന്നീട് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചപ്പോള്‍ വെനസ്വേലയിലെ പുതിയ സംഭവവികാസങ്ങൾ ആശങ്കാജനകമാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നുമാണ് വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണം. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും പ്രസ്താവനയിലുണ്ടായിരുന്നു. യുഎസിന്റെയോ ട്രംപിന്റെയോ പേര് പരാമര്‍ശിക്കാതിരിക്കാന്‍ കരുതല്‍ കാട്ടി. 

ഇസ്രയേലിന്റെ ഗാസ അധിനിവേശ വേളയിലും ഇറാനെതിരായ അതിക്രമ ഘട്ടത്തിലും ഇതുതന്നെയായിരുന്നു ഇന്ത്യയുടെ സമീപനം. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാനുമായി യുദ്ധം ചെയ്യേണ്ടി വന്നപ്പോള്‍ ട്രംപ് നടത്തിയ പ്രതികരണങ്ങളെ ഖണ്ഡിക്കുന്നതിനും മോഡി ഭരണകൂടം സന്നദ്ധമായിരുന്നില്ല. ഇതൊന്നും കൊണ്ട് പ്രീണിപ്പിക്കപ്പെടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ട്രംപിന്റെ ഇന്നലത്തെ പ്രസ്താവന.
‘എന്നെ സന്തോഷിപ്പിക്കാനാണ് ഇന്ത്യയുടെ ആഗ്രഹം, മോഡി വളരെ നല്ല മനുഷ്യനാണ്; വിഷയത്തില്‍ ഞാന്‍ സന്തോഷവാനല്ലെന്ന് മോഡിക്ക് അറിയാം’ എന്ന് വ്യക്തമാക്കിയ ട്രംപ് അല്പം കൂടി കടന്നാണ് പിന്നീട് സംസാരിക്കുന്നത്. ‘എന്നെ സന്തോഷിപ്പിക്കുകയെന്നത് വളരെ പ്രധാനമാണ്, വേഗത്തില്‍ തന്നെ ഇന്ത്യയിലേക്കുള്ള താരിഫ് നമുക്ക് ഉയര്‍ത്താന്‍ കഴിയു‘മെന്നായിരുന്നു എയര്‍ ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞത്. 

വ്യാപാര കരാറിനായി ഇന്ത്യ‑യുഎസ് ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ട്രംപിന്റെ ഭീഷണി. പാലുല്പന്നങ്ങള്‍ക്കായി ഇന്ത്യന്‍ വിപണി തുറന്നു നല്‍കണമെന്ന യുഎസ് ആവശ്യമാണ് ചര്‍ച്ചയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. യുഎസിന്റെ പുതിയ ഭീഷണിയില്‍ മോഡി സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. അമേരിക്കന്‍ സമ്മര്‍ദം മൂലം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് ട്രംപ് നേരത്തെ അവകാശ വാദം ഉന്നയിച്ചിരുന്നു.
താരിഫ് ആശങ്കകള്‍ പരിഹരിക്കേണ്ടതിന്റെയും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യം ശക്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യകതകളെക്കുറിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയത്. 

Exit mobile version