കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി) നിയമനത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ രീതി ആവശ്യപ്പെടുന്ന പൊതുതാല്പര്യ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി. സിഎജി നിയമന വ്യവസ്ഥ അട്ടിമറിച്ച തീരുമാനം ചോദ്യം ചെയ്ത് സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ (സിപിഐഎല്‍ ) സമര്‍പ്പിച്ച ഹര്‍ജിയിലാണ് പരമോന്നത കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയത്.
പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാകണം സിഎജി നിയമനം നടത്തേണ്ടതെന്ന് ഹര്‍ജിയില്‍ സംഘടന ആവശ്യപ്പെട്ടു. സിഎജിയെ തെരഞ്ഞെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലവിലെ സംവിധാനം പദവിയുടെ സ്വാതന്ത്ര്യം ഹനിക്കുന്ന വിധത്തിലാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ബോധിപ്പിച്ചു. സമീപകാലത്ത് സിഎജിയുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിങ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സിഎജിയുടെ സ്വാതന്ത്ര്യം സംശയിക്കുന്ന തരത്തില്‍ സമീപ വര്‍ഷങ്ങളില്‍ എന്തെങ്കിലും വ്യതിചലനം ഉണ്ടായിട്ടുണ്ടോ എന്ന് ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. ഇക്കാലയളവില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന സിഎജി റിപ്പോര്‍ട്ടിന്റെ എണ്ണം കുറയുന്നതായി പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. സിഎജിയുടെ പ്രവര്‍ത്തനം സ്വതന്ത്രമായി കണക്കാക്കാനാകില്ല. കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെ എക്സിക്യൂട്ടീവ് തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രം സിഎജിയെ നിയമിക്കുന്നത് ഭരണഘടനയുടെ അനുഛേദം 14 (സമത്വത്തിനുള്ള അവകാശം, വിവേചനരഹിതമായഅവകാശം) ലംഘിക്കുന്നതാണെന്ന് പ്രശാന്ത് ഭൂഷണ്‍ ബോധിപ്പിച്ചു. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാകണം സിഎജിയെ നിയമിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിബിഐ‑തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനത്തില്‍ സുപ്രീം കോടതി ഇടപെട്ടതായി പ്രശാന്ത് ഭൂഷണ്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് ഇത്തരം സ്ഥാപനങ്ങളെ വിശ്വസിക്കണമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടത്. നിയമനത്തിന് അനിയന്ത്രിതമായ അധികാരം നല്‍കിയിട്ടുള്ളപ്പോള്‍ കോടതിക്ക് എത്രത്തോളം ഇടപെട്ട് അത് മാറ്റിയെഴുതാന്‍ സാധിക്കുമെന്ന് പരിശോധിക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. ചിലപ്പോള്‍ നമുക്ക് സ്വാതന്ത്ര്യത്തെക്കുറിച്ച് വലിയ തെറ്റിദ്ധാരണകള്‍ ഉണ്ടാകാറുണ്ടെന്ന് ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിങ്ങും പരാമര്‍ശിച്ചു. കേസ് മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.