Site iconSite icon Janayugom Online

മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ നിയമനം: ചീഫ്‌ ജസ്റ്റിസിനെ ഒഴിവാക്കിയ വ്യവസ്ഥ സ്റ്റേ ചെയ്യാതെ സുപ്രീംകോടതി

മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടേയും നിയമനശുപാര്‍ശ നടത്തേണ്ട സമിതിയില്‍ നിന്നും ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയ വ്യവസ്ഥ സ്റ്റേ ചെയ്യണമെന്ന് ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി.മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍,തെരഞ്ഞെടുപ്പ്‌ കമീഷണർ നിയമന നിയമത്തിലെ ഏഴാംവകുപ്പ്‌ സ്റ്റ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക്‌ റിഫോംസാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.

ഹർജിയിൽ കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള കക്ഷികൾക്ക്‌ നോട്ടീസ്‌ അയക്കാൻ സുപ്രീംകോടതി നിർദേശിച്ചു.തെരഞ്ഞെടുപ്പ്‌ കമീഷണർ അനൂപ്‌ചന്ദ്ര പാണ്ഡെ ഇന്ന് വിരമിക്കുന്ന സാഹചര്യത്തിൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന്‌ ഹർജിക്കാർക്കുവേണ്ടി ഹാജരായ അഡ്വ. പ്രശാന്ത്‌ഭൂഷൺ ആവശ്യപ്പെട്ടു.

സമാനമായ ആവശ്യം ഉന്നയിച്ചുള്ള മറ്റൊരു ഹർജി പരിഗണനയിലുണ്ടെന്ന്‌ ജസ്റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന അധ്യക്ഷനായ ബെഞ്ച്‌ ചൂണ്ടിക്കാണിച്ചു.ഏപ്രിലിൽ കോടതി ഇരുഹർജികളും ഒന്നിച്ച്‌ പരിഗണിക്കും. മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ, തെരഞ്ഞെടുപ്പ്‌ കമീഷണർ നിയമന നിയമത്തിലെ ഏഴാം വകുപ്പ്‌ പ്രകാരം പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷനേതാവ്‌, പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന കേന്ദ്രമന്ത്രി എന്നിവർ അംഗങ്ങളായ സമിതിയാണ്‌ നിയമനശുപാർശകൾ നൽകേണ്ടത്‌.

തെരഞ്ഞെടുപ്പ്‌ കമീഷന്റെ സുതാര്യത ഉറപ്പാക്കാൻ പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്‌, സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ എന്നിവർ അംഗങ്ങളായ സമിതിയാണ്‌ നിയമനശുപാർശകൾ നൽകേണ്ടതെന്ന്‌ സുപ്രീംകോടതി ഭരണഘടനാബെഞ്ച്‌ ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ്‌ മറികടക്കാൻ കേന്ദ്രസർക്കാർ നിയമം രൂപീകരിക്കുകയായിരുന്നു.

Eng­lish Summary:
Appoint­ment of Chief Elec­tion Com­mis­sion­er: Supreme Court does not stay the pro­vi­sion that exclud­ed the Chief Justice

You may also like this video:

Exit mobile version