കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കുന്ന കമ്മിറ്റിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമത്തിലൂടെ ഒഴിവാക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇന്ന് രാജ്യസഭയുടെ മേശപ്പുറത്തു വച്ച പുതിയ ബില്ലനുസരിച്ച് പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, കേന്ദ്ര കാബിനറ്റ് മന്ത്രി എന്നിവരുടെ പാനല്‍ നിര്‍ദേശിക്കുന്ന വ്യക്തിയെ രാഷ്ട്രപതിക്ക് തെരഞ്ഞെടുപ്പ് കമ്മിഷനായി നിശ്ചയിക്കാം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ, മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ എന്നിവരുടെ നിയമനം, കാലാവധി, മറ്റ് നിബന്ധനകള്‍ എന്നിവ സംബന്ധിച്ച ബില്ലാണ് രാജ്യസഭയുടെ മേശപ്പുറത്ത് വച്ചത്. 2023 ലെ സുപ്രീം കോടതി വിധി മറികടക്കുന്നതിനുവേണ്ടിയാണ് പുതിയ ബില്‍.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനെയും അംഗങ്ങളെയും നിയോഗിക്കുന്ന സമിതിയില്‍ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരുണ്ടായിരിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. പാര്‍ലമെന്റ് ഇത് സംബന്ധിച്ച് നിയമം പാസാക്കുന്നതുവരെ ഇത് തുടരണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന സമിതിക്ക് പേരുകള്‍ നിര്‍ദേശിക്കാന്‍ സെര്‍ച്ച് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറി, രണ്ട് കേന്ദ്ര സെക്രട്ടറിമാര്‍ എന്നിവരടങ്ങിയതാണ് സെര്‍ച്ച് കമ്മിറ്റി. അഞ്ച് പേരെ നിര്‍ദേശിക്കുമെന്നും ബില്‍ വിഭാവനം ചെയ്യുന്നു. 2014ലെ സുപ്രീം കോടതി ഉത്തരവനുസരിച്ച് രൂപീകരിച്ച ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലും സിബിഐ ഡയറക്ടറെ നിയമിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയിരുന്നു.
സുപ്രീം കോടതിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പുതിയ തര്‍ക്കങ്ങളിലേക്ക് ബില്‍ വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. ജഡ്ജിമാരുടെ നിയമനം, ഡല്‍ഹി സര്‍വീസസ് നിയമം ഉള്‍പ്പെടെയുള്ളവയിലും ഭരണഘടനയുടെ അടിസ്ഥാന ഘടന സംബന്ധിച്ചും നിലവില്‍ കേന്ദ്രവും സുപ്രീം കോടതിയും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്.
English Summary: Appointment of Election Commission: Central Government to remove Chief Justice, new bill in Rajya Sabha
You may also like this video