ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹർജി നൽകിയത്. സർക്കാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി എടുത്ത ഈ തീരുമാനം ചട്ടവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ താൽക്കാലിക വി സിമാരായ ഡോ. സിസ തോമസ് (ഡിജിറ്റൽ സർവകലാശാല), കെ. ശിവപ്രസാദ് (സാങ്കേതിക സർവകലാശാല) എന്നിവർക്ക് ആറു മാസത്തേക്ക് കൂടി പുനർനിയമനം നൽകി ഗവർണർ വിജ്ഞാപനമിറക്കിയിരുന്നു. സർവകലാശാലാ നിയമങ്ങളിലെ വ്യവസ്ഥകൾ പാലിക്കാതെയാണ് ഈ നിയമനങ്ങളെന്നാണ് സർക്കാരിന്റെ പ്രധാന വാദം. നേരത്തെ, ഇരു സർവകലാശാലകളിലും സ്ഥിരം വി സിമാരെ നിയമിക്കുന്നതിന് ഗവർണറും സർക്കാരും യോജിച്ച് പ്രവർത്തിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കൗൺസിൽ സി കെ ശശിയാണ് ഹർജി സമർപ്പിച്ചത്. കേസ് നാളെ പരിഗണിക്കും.

