Site iconSite icon Janayugom Online

വൈസ് ചാന്‍സിലര്‍ നിയമനം; മദ്രാസ് ഹൈക്കോടതിക്കെതിരെ തമിഴ്നാട് സുപ്രീം കോടതിയില്‍

സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഒമ്പത് നിയമങ്ങളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. വിസി നിയമനം സംബന്ധിച്ച് നിയമസഭ രണ്ടാമതും പാസാക്കിയ തീയതി മുതല്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചതായി കണക്കാക്കുമെന്ന് ഏപ്രില്‍ എട്ടിന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും മേയ് 21ന് ഹൈക്കോടതി നിയമനങ്ങള്‍ സ്റ്റേ ചെയ്തതിനെതിരയാണ് സുപ്രീം കോടതിയെ സമീപിച്ചത്. 

സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് മേയ് 12ന് ഹൈക്കോടതിയിൽ നിയമങ്ങളുടെ ഭരണഘടനാ സാധുതയ്ക്കെതിരെ ഒരു പൊതുതാല്പര്യ ഹർജി ഫയൽ ചെയ്തു. തുടര്‍ന്ന് 2018ലെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ(യുജിസി) ചട്ടങ്ങൾ സംസ്ഥാന നിയമനിർമ്മാണത്തിന് മുകളിൽ നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ വീണ്ടും കോടതിയിലെത്തിയത്. ഭരണഘടനയുടെ അനുച്ഛേദം 254 പ്രകാരം ഒരു സംസ്ഥാന നിയമം ഒരു കേന്ദ്ര നിയമവുമായോ നിലവിലുള്ള നിയമവുമായോ പൊരുത്തപ്പെടുന്നില്ലെങ്കിൽ, കേന്ദ്ര നിയമം നിലനിൽക്കുമെന്നും, സംസ്ഥാന നിയമം അസാധുവാണെന്നും വിലയിരുത്തിയാണ് ഹൈക്കോടതിയുടെ സ്റ്റേ. അതേസമയം ഇത്തരം ഭരണഘടനാ വിഷയങ്ങളില്‍ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് കോടതികൾ വിശദമായ വാദം കേള്‍ക്കണമെന്ന് തമിഴ്‌നാടിന്റെ ഹര്‍ജിയില്‍ പറയുന്നു. നിശ്ചിത സമയത്തിനപ്പുറം അവധിക്കാലത്ത് വൈകുന്നേരം വരെ വാദം കേട്ട കോടതി ഉത്തരവ് ദുരൂഹമാണെന്നും ജുഡീഷ്യൽ മര്യാദയും വിട്ടുവീഴ്ചയുമുള്ള സമീപനം പാലിക്കുന്നതില്‍ കോടതി ജാഗ്രത പുലര്‍ത്തിയില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. 

Exit mobile version