Site iconSite icon Janayugom Online

സ്ഥിരം വിസിമാരുടെ നിയമന നടപടി തുടങ്ങി; അഭിമുഖം ബുധനാഴ്‌ച മുതൽ

എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയിലേക്കും ഡിജിറ്റല്‍ സര്‍വകലാശാലയിലേക്കും സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ബുധനാഴ്‌ച മുതൽ നടക്കും. ഇതോടെ ചാന്‍സലറുടെ പിടിവാശിയെ തുടര്‍ന്ന് മുടങ്ങിക്കിടന്ന വൈസ് ചാന്‍സലര്‍ നിയമനത്തിന് പരിഹാരമാകും.
ജസ്റ്റിസ് സുധാന്‍ഷു ധൂലിയയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സെര്‍ച്ച് കമ്മിറ്റിയാണ്‌ അഭിമുഖം നടത്തുക. തിരുവനന്തപുരം മാസ്‌കറ്റ്‌ ഹോട്ടലിൽ വച്ച്‌ എട്ടിനും ഒമ്പതിനും സാങ്കേതിക സര്‍വകലാശാലയിലേക്കും 10നും 11നും ഡിജിറ്റല്‍ സര്‍വകലാശാലയിലേക്കുമുള്ള അഭിമുഖം നടക്കും. ഗവർണറും സർക്കാരും നിർദേശിച്ച നാലുപേർ വീതമാണ് രണ്ട് സെർച്ച്കമ്മിറ്റികളിലെയും അംഗങ്ങൾ. 80 പേരാണ്‌ വിസി നിയമനത്തിനായി ഇരു സർവകലാശാലകളിലേക്കുമായി അപേക്ഷിച്ചത്‌. ഇതിൽ ചിലർ രണ്ടു സർവകലാശാലകളിലേക്കും അപേക്ഷിച്ചിരുന്നു. 

സര്‍വകലാശാലയില്‍ പത്ത് വര്‍ഷത്തെ പ്രൊഫസര്‍ഷിപ്പോ അംഗീകൃത ഗവേഷണ/അക്കാദമിക സ്ഥാപനത്തിലെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമോ ഉള്ള 60 പേർക്കാണ്‌ അഭിമുഖത്തിന്‌ നോട്ടീസ്‌ ലഭിച്ചിരിക്കുന്നത്‌. സംസ്ഥാനത്തിന് പുറത്തുള്ളവരും അപേക്ഷകരായുണ്ട്. ഈ അഭിമുഖത്തില്‍ നിന്നാകും നിയമനത്തിന് വേണ്ടിയുള്ള പാനല്‍ തയ്യാറാക്കുക. മൂന്ന് അംഗ പാനൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കണം. മുഖ്യമന്ത്രി നിയമനത്തിനുള്ള മുൻഗണന പട്ടിക നിശ്ചയിക്കും. മുൻഗണനപ്രകാരം നിയമിക്കുവാനുള്ള അധികാരം മാത്രമാണ് ഗവണർക്കുള്ളത്. രണ്ട് സര്‍വകലാശാലകളിലും ചാന്‍സലര്‍ നടത്തിയ താല്‍ക്കാലിക നിയമനം ചട്ടവിരുദ്ധമാണെന്ന്‌ ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ ചാന്‍സലര്‍‌ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയെങ്കിലും തിരിച്ചടി നേരിട്ടു. ഹര്‍ജിയില്‍ സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ പരിഗണിച്ച കോടതി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ അംഗീകാരത്തോടെ വിസി നിയമന പട്ടികയുടെ മുന്‍ഗണനക്രമം നിശ്ചയിക്കേണ്ടത് സംസ്ഥാന മുഖ്യമന്ത്രിയാണെന്നും വ്യക്തമാക്കി. ചാന്‍സലറുടെ അനാവശ്യ ഇടപ്പെടല്‍ ഉണ്ടാവാതെയിരിക്കാനാണ്‌ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി സുപ്രീംകോടതി മുന്‍ ജഡ്ജി സുധാന്‍ഷു ധൂലിയയെ നിയോഗിച്ചത്‌. നിലവില്‍ രണ്ട് സര്‍വകലാശാലകളിലും ചാന്‍സലറുടെ ഇഷ്ടക്കാരായ താല്‍ക്കാലിക വിസിമാരെ വച്ച് ഭരണം നടത്തിവരികയായിരുന്നു.

Exit mobile version