Site iconSite icon Janayugom Online

സുപ്രീം കോടതിയെ സമീപിച്ചത് നിയമപരമായ അവകാശം സംരക്ഷിക്കാൻ: ദേവസ്വം ബോര്‍ഡ്

ഹൈക്കോടതി ദേവസ്വം ബെഞ്ചിനോ ഏതെങ്കിലും ഉദ്യോഗസ്ഥനോ എതിരായല്ല സുപ്രീം കോടതിയെ സമീപിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ബോര്‍ഡിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമപരമായ നടപടി മാത്രമാണ് സ്വീകരിച്ചതെന്നും ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറായി ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി സി വി പ്രകാശിനെ നിയമിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെയാണ് ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത്. സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി തങ്ങളുടെ ഭരണാധികാരം കവർന്നത് എന്നാണ് കോടതിയില്‍ ബോർഡിന്റെ വാദം. നിയമസഭ പാസാക്കിയ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ദേവസ്വം ബോർഡ് കമ്മിഷണറെ നിയമിക്കാനുള്ള അധികാരം തങ്ങൾക്കാണെന്നും ബോർഡ് ചൂണ്ടിക്കാട്ടി. 

കീഴ്‍ക്കോടതി ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാൻ ഏതൊരു പൗരനും സംഘടനയ്ക്കുമുള്ള നിയമപരമായ അവകാശമാണ് ദേവസ്വം ബോർഡ് വിനിയോഗിച്ചത്. ദേവസ്വം ബോർഡ് കമ്മിഷണറെ നിയമിക്കുന്നതിനോ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയോഗിക്കുന്നതിനോ ഹൈക്കോടതിയുടെ മുൻകൂർ അനുമതി വേണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത്. 1950ലെ ട്രാവൻകൂർ കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ടിലെ ചട്ടപ്രകാരം ദേവസ്വം ബോർഡ് കമ്മിഷണറെ നിയമിക്കുവാനുള്ള പൂർണ അധികാരം ദേവസ്വം ബോർഡിനാണ്. വസ്തുത ഇതായിരിക്കെ, ദേവസ്വം കമ്മിഷൻ നിയമനത്തിൽ ഹൈക്കോടതിയുടെ മുൻകൂർ അനുവാദം വേണമെന്ന നിരീക്ഷണം ബോർഡിന്റെ അധികാരം നഷ്ടപ്പെടുത്തലാണെന്നും ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു.

Exit mobile version