Site iconSite icon Janayugom Online

വ്യവസായ വാണിജ്യ നയത്തിന് അംഗീകാരം; വ്യവസായക്കുതിപ്പ്

IndustryIndustry

പരമാവധി നിക്ഷേപം ആകർഷിച്ച് കൂടുതൽ വ്യവസായങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിച്ച് വൻവ്യവസായ കുതിപ്പ് ലക്ഷ്യമിടുന്ന വ്യവസായ വാണിജ്യ നയം മന്ത്രിസഭ അംഗീകരിച്ചു. മാറുന്ന കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്ത് സംസ്ഥാനത്ത് സുസ്ഥിര വ്യവസായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായകമായ സമഗ്ര നയമാണ് അംഗീകരിച്ചതെന്ന് വ്യവസായ മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യവസായ സംരംഭങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിക്കുന്ന നയം നടപ്പാക്കുന്നതിലൂടെ വരുംവർഷം നിക്ഷേപ വർഷമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്തിന് അനുയോജ്യമായ 22 മുൻഗണനാ മേഖലകൾ നിശ്ചയിച്ച്, വ്യവസായങ്ങളുടെ വളർച്ച സാധ്യമാക്കാനുള്ള നയത്തിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, ഇലക്ട്രിക് വാഹനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, മാരിടൈം, നാനോ ടെക്നോളജി, ചില്ലറ വ്യാപാരം, വിനോദ സഞ്ചാരം, ഹൈടെക് ഫാമിങ്ങും മൂല്യവർധിത തോട്ടവിളയും, ഗ്രഫീൻ, 3ഡി പ്രിന്റിങ് തുടങ്ങിയവയാണ് മുൻഗണനാ മേഖലകൾ.
അതിനൂതന സാങ്കേതിക വിദ്യയായ നാനോ ടെക്നോളജി ഉപയോഗപ്പെടുത്താൻ പിപിപി മാതൃകയിൽ നാനോഫാബ് ആരംഭിക്കും. സംസ്ഥാനത്തെ എയ്റോ സ്പേസ്–പ്രതിരോധ സാങ്കേതിവിദ്യാഹബ്ബാക്കാൻ സ്പേസ് പാർക്ക് പദ്ധതിയുടെ ഭാഗമായി വ്യവസായ പാർക്ക് സ്ഥാപിക്കും. ലോകോത്തര ബയോ പ്രിന്റിങ് ലാബും 3ഡി പ്രിന്റിങ് കോഴ്സുകളും ആരംഭിക്കും. 

പരമ്പരാഗത വ്യവസായങ്ങളെ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീകരിക്കും. ഉല്പന്നങ്ങൾ കേരള ബ്രാന്റ് ലേബലിൽ വിപണനം ചെയ്യാൻ സൗകര്യമൊരുക്കുന്നതിനൊപ്പം വിദേശ വിപണി കണ്ടെത്താൻ സഹായിക്കുമെന്നും നയത്തിൽ പറയുന്നു.
50 ശതമാനത്തിലധികം പ്രാദേശിക തൊഴിലാളികൾക്ക് സ്ഥിരജോലി നൽകുന്ന വൻകിട സംരംഭങ്ങളിൽ ഈ തൊഴിലാളികളുടെ മാസ ശമ്പളത്തിന്റെ 25 ശതമാനം (5000 രൂപവരെ) സർക്കാർ നല്കുമെന്ന് നയത്തിൽ വ്യക്തമാക്കുന്നു. നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ, ഡാറ്റ മൈനിങ് ആന്റ് അനാലിസിസ് സംരംഭങ്ങൾക്ക് ചെലവാകുന്ന തുകയുടെ 20 ശതമാനം (25 ലക്ഷം രൂപ വരെ) സർക്കാർ തിരികെ നല്കും. എംഎസ്എംഇ വ്യവസായങ്ങൾക്ക് അഞ്ചു വർഷത്തേക്ക് വൈദ്യുതി നികുതി ഇളവ്, സ്ത്രീ-എസ്‌സി-എസ്‌ടി സംരംഭകർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ചാർജിലും ഇളവ്, എംഎസ്എംഇ ഇതരസംരംഭങ്ങൾക്ക് സ്ഥിരമൂലധനത്തിന്റെ 100 ശതമാനം സംസ്ഥാന ജിഎസ്‌ടി വിഹിതം അഞ്ചു വർഷത്തേക്ക് തിരികെ നൽകൽ അടക്കമുള്ള ഇളവുകളാണ് നയത്തിൽ പ്രഖ്യാപിച്ചത്. വ്യവസായ നയം നടപ്പാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Approval of indus­tri­al and com­mer­cial pol­i­cy; Indus­tri­al tax

You may also like this video

Exit mobile version