Site iconSite icon Janayugom Online

പ്രതിപക്ഷത്തിന്റെ നിർദേശങ്ങൾ എല്ലാം തള്ളി ; വഖഫ് ബില്ലിന് അംഗീകാരം

പ്രതിപക്ഷത്തിന്റെ നിർദേശങ്ങൾ എല്ലാം തള്ളി വഖഫ് നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ മുന്നോട്ട്. ബില്ലിന് സംയുക്ത പാർലമെന്ററി സമിതി അംഗീകാരം നൽകി. ബില്ലുമായി ബന്ധപ്പെട്ട റിപ്പോർട്ടിന് അന്തിമ രൂപം നൽകുന്നതിനായി ചേർന്ന യോഗത്തിലായിരുന്നു അംഗീകാരം. ബജറ്റ് അവതരണത്തോട് അനുബന്ധിച്ച് ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കുമെന്നാണ് സൂചന. ബിജെപിയുടെ 22 ഭേദഗതികൾ അംഗീകരിച്ച ജെപിസി പ്രതിപക്ഷത്തിന്റെ 44 ഭേദഗതികളും തള്ളി. ഭേദഗതികളിൽ വോട്ടെടുപ്പ് നടത്തിയെന്നും 16 എംപിമാർ ബില്ലിനെ അനുകൂലിച്ചപ്പോൾ 10 എംപിമാർ എതിർത്തുവെന്നും ജെപിസി ചെയർമാൻ ജഗദാംബിക പാൽ പറഞ്ഞു. 

വഖഫ് ബില്ലുമായി ബന്ധപ്പെട്ട് ഇനി യോഗമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജെപിസി ചെയർമാൻ ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. ജനാധിപത്യത്തിന് ഇന്ന് മോശം ദിവസമായിരുന്നു. മുൻകൂട്ടി തീരുമാനിച്ച അജണ്ട നടപ്പാക്കുകയാണ് ജെപിസി ചെയർമാൻ ചെയ്തത്. പ്രതിപക്ഷത്തെ ഒന്നും സംസാരിക്കാൻ അനുവദിച്ചില്ല. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ ഒന്ന് വായിച്ചുനോക്കാൻ പോലും ജെപിസി ചെയർമാൻ തയ്യാറായില്ല. ബിജെപി നിർദേശിച്ച ഭേദഗതികൾ എന്താണെന്ന് പ്രതിപക്ഷത്തെ അറിയിക്കുകയും ചെയ്തില്ല. നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് ബില്ലിന് അംഗീകാരം നൽകിയതെന്നും പ്രതിപക്ഷം ആരോപിച്ചു.

Exit mobile version