Site iconSite icon Janayugom Online

1957 ഏപ്രിൽ 5; ആദ്യ കമ്മ്യൂണിസ്റ്റ്‌ സർക്കാർ അധികാരത്തിൽ : കേരളം ചുവപ്പണിഞ്ഞു

ഐക്യകേരളത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പ്‌ ലോക ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്തതാണ്‌. ചെങ്കൊടിയെ ഒരു ജനത വാരിപ്പുണരുന്നതായിരുന്നു ആ തെരഞ്ഞെടുപ്പ്‌ ചിത്രം. മലയാളക്കരയെ ചുവപ്പിച്ച 1957ലെ ആ ജനഹിതപരിശോധന ഇന്ത്യൻ റിപ്പബ്ലിക്കിലെ രണ്ടാം പൊതുതെരഞ്ഞെടുപ്പിനോടൊപ്പമായിരുന്നു.

126 നിയമസഭാ സീറ്റുകളിലേക്കും 18 ലോകസഭ സീറ്റുകളിലേക്കുമായിരുന്നു വോട്ടെടുപ്പ്‌. ഫെബ്രുവരി 28 മുതൽ മാർച്ച്‌ 11 വരെ നീണ്ട തെരഞ്ഞെടുപ്പ്‌ പ്രക്രിയ പൂർത്തിയായപ്പോൾ ഫലം കമ്മ്യൂണിസ്റ്റു പാർട്ടിക്ക്‌ അനുകൂലമായിരുന്നു. 60 കമ്മ്യൂണിസ്റ്റു സ്ഥാനാർത്ഥികളും 5 കമ്മ്യൂണിസ്റ്റു സ്വതന്ത്രന്മാരും വിജയിച്ചു. കോൺഗ്രസ്‌ 43, പിഎസ്‌പി 9, മുസ്ലിംലീഗ്‌ 8, കക്ഷിരഹിതർ 1 എന്നിങ്ങനെയായിരുന്നു മറ്റു കക്ഷികളുടെ നില.

കമ്മ്യൂണിസ്റ്റു പാർട്ടിയെ വിജയത്തിലേക്ക്‌ നയിച്ചതിന്റെ പ്രധാന ശിൽപ്പി പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന എം എൻ ഗോവിന്ദൻ നായരാണ്‌. അദ്ദേഹം ആവിഷ്കരിച്ച തെരഞ്ഞെടുപ്പ്‌ അടവും തന്ത്രവും ഫലം കണ്ടപ്പോൾ ബാലറ്റിലൂടെ അധികാരത്തിലെത്തുന്ന ലോകത്തെ ആദ്യ കമ്മ്യൂണിസ്റ്റു സർക്കാരിന്റെ ഉദയമായി അത്‌.

എമ്മെൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തപ്പോൾ മത്സരരംഗത്തു നിന്നും സ്വയം ഒഴിയുകയായിരുന്നു. എമ്മെന്റെ അഭാവത്തിൽ മുഖ്യമന്ത്രിയെ തേടിയപ്പോൾ പാർട്ടി സംസ്ഥാന കൗൺസിൽ ചെന്നെത്തിയത്‌ ഇഎംഎസിലായിരുന്നു. എമ്മെന്റെ സ്വാധീനം ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. അങ്ങനെയാണ്‌ ഡൽഹി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന നീലേശ്വരത്തു നിന്നു ജയിച്ച ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്‌ പ്രഥമ കമ്മ്യൂണിസ്റ്റു സർക്കാരിന്റെ സാരഥിയായത്‌.
അറുപത്തിയഞ്ച്‌ പേരുടെ പിൻബലത്തോടെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1957 ഏപ്രിൽ 5ന്‌ സ്ഥാനമേറ്റു.

1 ഇ എം എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രി
2 സി അച്യുതമേനോൻ ധനകാര്യം
3 ടി വി തോമസ് ഗതാഗതം, തൊഴിൽ
4 കെ സി ജോർജ്ജ്‌ ഭക്ഷ്യം, വനം
5 കെ പി ഗോപാലൻ വ്യവസായം
6 ടി എ മജീദ് പൊതുമരാമത്ത്‌
7 പി കെ ചാത്തൻ തദ്ദേശ സ്വയംഭരണം
8 ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസം, സഹകരണം
9 കെ ആർ ഗൗരിയമ്മ റവന്യൂ, ഏക്സൈസ്‌
10 വി ആർ കൃഷ്ണയ്യർ അഭ്യന്തരം, നിയമം, വിദ്യുച്ഛക്തി
11 എ ആർ മേനോൻ ആരോഗ്യം എന്നിവരായിരുന്നു മന്ത്രിസഭാംഗങ്ങൾ.

ഒറ്റകക്ഷിയെന്ന നിലയിൽ ഏതെങ്കിലുമൊരു കക്ഷിക്ക്‌ കേരള നിയമസഭയിൽ ഭൂരിപക്ഷം ലഭിക്കുന്ന ആദ്യത്തെയും അവസാനത്തെയും തെരഞ്ഞെടുപ്പും ഇതുതന്നെയായിരുന്നു. പിന്നീട്‌ ഐക്യമുന്നണിയുടെ കാലമായിരുന്നു. പരസ്പര ധാരണയുടെയും പൊതുമിനിമം പരിപാടിയുടെയും അടിസ്ഥാനത്തിലുളള മുന്നണികൾ വരവായി.

ആദ്യത്തെ കമ്മ്യൂണിസ്റ്റു സർക്കാരിന്‌ സുഗമമായി മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. അധികം കഴിയും മുമ്പേ എതിർപ്പിന്റെ ശബ്ദങ്ങൾ ഉയർന്നു. വിദ്യാഭ്യാസ ബില്ലും ഭൂപരിഷ്ക്കരണ നടപടികളും സ്ഥാപിത‑ഫ്യൂഡൽ ശക്തികളെ ചൊടിപ്പിച്ചു. അവരുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റു വിരുദ്ധശക്തികൾ സംഘടിച്ചു. ആർഎസ്‌പിയും ഇവരോടൊപ്പം ചേർന്നു. ഒടുവിൽ മന്നത്ത്‌ പത്മനാഭന്റെ രക്ഷാധികാരത്തിൽ വിമോചന സമരമായി ഈ എതിർപ്പ്‌ രൂപപരിണാമം പ്രാപിച്ചു.

കോൺഗ്രസ്‌, ആർഎസ്‌പി, പിഎസ്‌പി തുടങ്ങിയ കക്ഷികളും കമ്മ്യൂണിസ്റ്റേതര തൊഴിലാളി വിരുദ്ധ സംഘടനകളും അണിനിരന്ന വിമോചന സമരം നാട്ടിലെ അക്രമങ്ങൾ അഴിച്ചുവിട്ടു. 1959 ജൂൺ 12 മുതൽ ജൂലൈ 31 വരെയുളള കാലഘട്ടം കേരളത്തെ പടക്കളമാക്കി. പിക്കറ്റിങ്ങും അറസ്റ്റും വെടിവയ്പ്പും നിത്യസംഭവമായി.

1959 ജൂലൈ 31ന്‌ ഇഎംഎസ്‌ മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടതോടെ വിമോചന സമരവും കെട്ടടങ്ങി. നിയമസഭയും പിരിച്ചുവിടപ്പെട്ടു. കേരളം ഒരിക്കൽകൂടി രാഷ്ട്രപതിഭരണത്തിൻ കീഴിലായി. ഗവർണറുടെ ഉപദേഷ്ടാവായി പി എസ്‌ റാവു നിയമിതനായി.

Eng­lish summary;April 5, 1957 The first com­mu­nist gov­ern­ment came to power

You may also like this video;

Exit mobile version