തട്ടിപ്പിന്റെ ഉസ്താദായ് അറബി അസീസ് വഴിക്കടവ് പൊലീസിന്റെ പിടിയിലായി. വഴിക്കടവ് സ്വദേശിയായ വയോധികയെ പറഞ്ഞ് പറ്റിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ ഇപ്പോള്‍ അറസ്റ്റിലാണ്. അബ്ദുള്‍ അസീസ് എന്ന അറബി അസീസ് (40) 70 വയസുള്ള വയോധികയെ മകളുടെ വിവാഹത്തിന് സഹായിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് രണ്ടു പവന്‍ സ്വര്‍ണാഭരണവും 6000 രൂപയും തട്ടിയെടുത്തതിനാണ് പിടിയിലായത്.
തുടര്‍ന്നുള്ള പരിശോധനയിലാണ് അറബി അസീസിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചുപറി, തട്ടികൊണ്ടു പോകല്‍, ബലാത്സംഗം തുടങ്ങിയ കേസുകളും പത്തിലേറെ കഞ്ചാവ് കേസുകളും ഉണ്ടെന്ന് വ്യക്തമായത്. സമ്പന്നനായ അറബിയില്‍ നിന്നും സാമ്പത്തിക സഹായം ശരിയാക്കി തരാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തി സ്വര്‍ണം കവര്‍ച്ച ചെയ്യുന്നതാണ് അസീസിന്റെ രീതി. അറബി കാണുമ്പോള്‍ സ്വര്‍ണം പാടില്ലന്നു പറഞ്ഞ് സ്ത്രീകളില്‍ നിന്നും സ്വര്‍ണം ഊരി വാങ്ങും. പിന്നീട് അതുമായി മുങ്ങും.
പല സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുകയും പിന്നീട് അവരില്‍ നിന്നും സ്വര്‍ണം തട്ടിയെടുക്കുകയും ചെയ്തതായും പരാതിയുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ സ്ത്രീകളെയാണ് അറബിയില്‍ നിന്നും സഹായം ലഭിക്കുമെന്നു പറഞ്ഞ് ഇയാള്‍ കൊണ്ടുവന്നിരുന്നത്.
ഇടക്കാലത്ത് ഈ തട്ടിപ്പ് നിര്‍ത്തി ഇയാള്‍ ലഹരി കച്ചവടത്തിലേക്ക് മാറി. പിന്നീട് ലഹരി വസ്തുക്കളുടെ മൊത്ത കച്ചവട ഇടനിലക്കാരനായി. രണ്ടര കിലോ കഞ്ചാവുമായി അറബി അസീസിനെ കഴിഞ്ഞ വര്‍ഷം കൊണ്ടോട്ടി പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ പൊലീസിന്റെ പിടികിട്ടാപുള്ളി പട്ടികയിലെ പ്രമുഖന്‍ ആണ്. തമിഴ്നാട് മധുരയില്‍ 20 കിലോ കഞ്ചാവുമായി ഇയാളെ മുന്‍പ് പിടികൂടിയിരുന്നു.
ഇയാളെയും കൂട്ടാളിയെയും പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവം ഉണ്ടായിട്ടുണ്ട്. അസീസിന്റെ കീഴില്‍ സഹായത്തിനായ ചെറുപ്പക്കാരായ യുവാക്കളുടെ ഒരു സംഘം തന്നെയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരാണ് കഞ്ചാവ് കടത്തുന്ന വാഹനങ്ങള്‍ക്ക് ബൈക്കില്‍ എസ്‌കോര്‍ട്ടും പൈലറ്റും പോകുന്നത്. ഇവരുടെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ ഡിവൈ എസ്പി സാജു കെ അബ്രഹാമിന്റെ നേതൃത്വത്തില്‍ വഴിക്കടവ് സി ഐ മനോജ് പറയറ്റ, എസ്‌ഐ അബൂബക്കര്‍,എ എസ്ഐ അനില്‍കുമാര്‍, എസ് സിപിഒ രതീഷ് സിപിഒ മാരായ വിനീഷ്, അലക്സ്, അരീക്കോട് സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ സുരേഷ് കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
English Sammury: Arrested Arabi Aziz who cheated by offering help to a very rich Arab