Site iconSite icon Janayugom Online

ദാരിദ്ര്യം സംബന്ധമായ കണക്കുകള്‍ വെറും ഊഹാപോഹങ്ങളോ?

ദാരിദ്ര്യവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഭരണാധികാരികള്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി തീര്‍ത്തും അശാസ്ത്രീയവും അയഥാര്‍ത്ഥവുമായ വിവരങ്ങളാണ് വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സ്ഥിതിവിവരക്കണക്കുകളുടെ അഭാവമോ, അപര്യാപ്തതയോമൂലം തികച്ചും ഊഹക്കണക്കുകളാണ് മാധ്യമങ്ങള്‍ വഴിയും നമുക്ക് കിട്ടുന്നത്, അതുകൊണ്ടുതന്നെ അവിശ്വസനീയവും. ബ്രെട്ടണ്‍വുഡ്സ് ഇരട്ടകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ലോകബാങ്കും സാര്‍വദേശീയ നാണയനിധി (ഐഎംഎഫ്)യും ചേര്‍ന്ന് നിയോഗിച്ച സമിതികള്‍ ഈയിടെ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടുകള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് ഇന്ത്യ എവിടെ എത്തിനില്‍ക്കുന്നു എന്ന് വ്യക്തമാക്കാന്‍ പര്യാപ്തമായതാണ്. ഈ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരമില്ലെങ്കില്‍ത്തന്നെയും ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ ജയപരാജയങ്ങള്‍ വെളിവാക്കാന്‍ ഇവ സഹായകമാണ്. ഈ മേഖലയില്‍ മഹാമാരി ഏല്പിച്ച ആഘാതവും പരിഗണനാ വിധേയമാക്കിയിരിക്കുന്നു. ലോകബാങ്ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ ശീര്‍ഷകം തന്നെ യാഥാര്‍ത്ഥ്യം ഒറ്റനോട്ടത്തില്‍ വെളിപ്പെടുത്തുന്ന വിധമാണ്. പോവര്‍ട്ടി ഇന്‍ ഇന്ത്യ ഹാസ് ഡിക്ലെെന്‍ഡ് ഓവര്‍ ദി ലാസ്റ്റ് ഡെക്കേഡ് ബട്ട് നോട്ട് ആസ് മച്ച് ആസ് പ്രീവിയസ്‌ലി നോട്ട്’ എന്നാണിത്. അതായത് പിന്നിട്ട ഒരു ദശകക്കാലയളവില്‍ ഇന്ത്യയിലെ ദാരിദ്ര്യത്തില്‍ കുറവുണ്ടായിട്ടുണ്ട്; എന്നാല്‍ മുന്‍പ് കരുതിയിരുന്നത്ര ആയിരുന്നില്ല എന്നാണ്. ഈ പ്രബന്ധം തയാറാക്കിയിരിക്കുന്നത് സുതീര്‍ത്ഥ സിനഹ റോയ്, റോയ്‌വാന്‍ ഡെര്‍ മെയ്ഡ് എന്നിവര്‍ ചേര്‍ന്നാണ്. ഐഎംഎഫിന്റെ പ്രബന്ധകാരന്മാര്‍, നിധിയുടെ ഇന്ത്യന്‍ പ്രതിനിധി സുര്‍ജിത് ഭല്ല, നിധിയുടെ മുന്‍ സാമ്പത്തികോപദേഷ്ടാവ് അരവിന്ദ് വീര്‍മണി, കറന്‍ബാസിന്‍ എന്നിവര്‍ ചേര്‍ന്നുമാണ്.


ഇതുകൂടി വായിക്കാം; മഹാമാരി, ദാരിദ്ര്യം, അസമത്വം: ഇന്ത്യയില്‍ നിന്നുള്ള തെളിവ്


ഈ പ്രബന്ധത്തിന്റെ ശീര്‍ഷകം- “പാന്‍ഡെമിക്ക് പോവര്‍ട്ടി ആന്റ് ഇന്‍ ഇക്വാലിറ്റി: എവിഡെന്‍സ് ഫ്രം ഇന്ത്യ”- അതായത്, കോവിഡ് വ്യാപകമായ കാലഘട്ടത്തിലെ ദാരിദ്ര്യവും അസമത്വവും: ഇന്ത്യയില്‍ നിന്നുള്ള തെളിവ് എന്നുമാണ്. ഇതില്‍ ലോകബാങ്കിന്റെ പ്രബന്ധം എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം, 2011–2019 കാലയളവില്‍ ഇന്ത്യയിലെ “പരമമായ ദാരിദ്ര്യ“ത്തിന്റെ തോത് പകുതിയോളമായി ചുരുങ്ങിയിട്ടുണ്ടെന്നാണ്. നാണയനിധിയുടെ നിഗമനമാണെങ്കില്‍, അവിശ്വസനീയതയുടെ പരിധി ഒരുപടി കൂടി കടന്നുള്ള ഒന്നായിരുന്നു. അതായത് ഭക്ഷ്യധാന്യങ്ങളുടെ സൗജന്യ വിതരണവും അവശ്യ ഉല്പന്നങ്ങള്‍ക്കുള്ള മറ്റ് ഇളവുകളും കൂടി കൃത്യമായി തിട്ടപ്പെടുത്തിയാല്‍ പരമദാരിദ്ര്യം തീര്‍ത്തും തുടച്ചുനീക്കപ്പെടുക എന്ന ഘട്ടം വരെ ഇന്ത്യന്‍ ഭരണകൂടം എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണ്. ഇത്തരം നിഗമനങ്ങള്‍ യാഥാര്‍ത്ഥ്യവുമായി ഒരുവിധത്തിലും പൊരുത്തപ്പെടുത്താന്‍ കഴിയില്ലെങ്കില്‍ തന്നെയും കൃത്യമായ ഔദ്യോഗിക കണക്കുകളുടെ അഭാവത്തില്‍ പ്രചാരത്തിലിരിക്കുന്നത് ഈ ബാഹ്യ ഏജന്‍സികളുടെ വക ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളാണെന്നതാണ് ദയനീയമായ സ്ഥിതി. മാത്രമല്ല, രണ്ട് പ്രബന്ധങ്ങളുടെയും ‘പരമ ദാരിദ്ര്യം’ എന്ന പ്രതിഭാസത്തിനുള്ള നിര്‍വചനവും വിചിത്രമായി അനുഭവപ്പെടുന്നു. ജനങ്ങളുടെ ക്രയശേഷിയെ അടിസ്ഥാനമാക്കിയാല്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്ക് പ്രതിദിനം 1.90 ഡോളറില്‍ താഴെ വരുമാനം ലഭിക്കുന്നവരാണ് ഈ വിഭാഗത്തില്‍പ്പെടുന്നവരായുള്ളവര്‍. ഡോളര്‍-രൂപ വിനിമയ നിരക്കിന്റെ അടിസ്ഥാനമാക്കിയുള്ള കണക്കാണിതെന്നു കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും. നാണയനിധിയുടെ കണക്കുകൂട്ടലിന്റെ അശാസ്ത്രീയത ഇതിലുമേറെയാണ്. നിധിയുടെ നിഗമനം ഉപഭോഗ മേഖലയിലെ അസമത്വം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പിന്നിട്ട നാലു ദശകക്കാലത്തിനിടയില്‍ ഏറ്റവും താണ നിലവാരത്തിലുള്ളതുമാണത്രെ. നോക്കണേ, കണക്കുകളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും ഇടയ്ക്കുള്ള വെെരുധ്യത്തിന്റെ ആഴം.


ഇതുകൂടി വായിക്കാം; ജനജീവിതം ദാരിദ്ര്യത്തിലമർന്ന ഇന്ത്യ


ലോകബാങ്കിന്റെ കണക്കുകള്‍ നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് 2011നും 2019നും ഇടയ്ക്കുള്ള ഉദ്ദേശം ഒരു പതിറ്റാണ്ടിനിടയില്‍, ഇന്ത്യന്‍ ഗ്രാമീണ മേഖലയില്‍ പരമ ദാരിദ്ര്യത്തിനിരയായിരുന്നവര്‍ 26.3 ശതമാനത്തില്‍ നിന്ന് 11.6 ശതമാനമായി കുറഞ്ഞു എന്നാണ്. നഗരമേഖലയുടെ സ്ഥിതിയും ഏറെക്കുറെ സമാനമായ നിലയിലായിരുന്നു. ഈ മേഖലയിലുണ്ടായ ഇടിവാണെങ്കില്‍, 14.2ല്‍ നിന്ന് 6.3 ശതമാനത്തിലേക്കായിരുന്നുവത്രെ! അതേ അവസരത്തില്‍ ലോകബാങ്ക് പ്രബന്ധം ഉയര്‍ത്തുന്ന മറ്റൊരു അവകാശവാദം, സമ്പദ്‌വ്യവസ്ഥ സമഗ്രമായൊരു അടിസ്ഥാനത്തില്‍ പരിഗണനക്കെടുത്താല്‍ സ്വകാര്യ ഉപഭോഗ ചെലവിന്റെ കാഴ്ചപ്പാടിലൂടെ ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ സ്ഥിതി ഇതിലേറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നതില്‍ തെറ്റില്ലെന്നുമാണ്. ഇതിനോടൊപ്പം ചേര്‍ത്തു കാണേണ്ട കാര്യം, ലോകബാങ്കിന്റെ വക തീര്‍ത്തും അതിശയോക്തിപരവും പെരുപ്പിച്ചെടുത്തതുമായ ഇത്തരം സ്ഥിതിവിവരക്കണക്കുകളും അവയെ ആശ്രയിച്ചുള്ള നിഗമനങ്ങളും അതേപടി ആവര്‍ത്തിക്കുകയാണ് നാണയനിധിയും ചെയ്തിരിക്കുന്നതെന്നാണ്. ലോകബാങ്കിന്റെ പ്രബന്ധത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന കണക്കുകൂട്ടലില്‍ കാണപ്പെടുന്നൊരു പരാമര്‍ശം ദാരിദ്ര്യത്തിലുണ്ടായിരിക്കുന്ന ഇടിവിന്റെ കാര്യത്തില്‍ ഗ്രാമ‑നഗര മേഖലാ അസമത്വങ്ങള്‍ പ്രകടമാണെന്നതാണ്. പ്രധാനമന്ത്രിയുടെ അനവസരത്തിലുണ്ടായ നോട്ടുനിരോധന പ്രഖ്യാപനം ദാരിദ്ര്യത്തില്‍ വര്‍ധനവുണ്ടാകുന്നതിലേക്കു നയിച്ചു എന്നാണ് ലോകബാങ്കിന്റെ നിഗമനം. ഈ ദുരന്തം കൂടുതലായി ബാധിച്ചത്, അനൗപചാരിക, ഗ്രാമീണ, ചെറുകിട, ഇടത്തരം മേഖലകളെയാണെന്ന് താമസിയാതെ നമുക്ക് നേരിട്ടുതന്നെ ബോധ്യപ്പെട്ടതുമാണല്ലോ. എന്നാല്‍, ലോകബാങ്ക് ഇതിന്റെ പേരില്‍ മോഡി സര്‍ക്കാരിനെ നേരിട്ട് വിമര്‍ശിക്കുന്നുമില്ല എന്നത് മറ്റൊരു കാര്യം. അതേ അവസരത്തില്‍, ബാങ്ക് മറച്ചുവയ്ക്കാതിരിക്കുന്നൊരു യാഥാര്‍ത്ഥ്യം, മഹാമാരിക്ക് മുമ്പുതന്നെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച താഴോട്ടു പോയി എന്നതു കൂടാതെ ഗ്രാമീണ മേഖലാ ദാരിദ്ര്യം 10 ശതമാനത്തോളം വര്‍ധിച്ചു എന്നതാണ്. ഈ വസ്തുത കൂടി നാം പരിഗണിക്കേണ്ടതാണ്. കാരണം, സാമ്പത്തിക ആഘാതം കൂടുതല്‍ എളുപ്പത്തിലും ആഴത്തിലും ഏല്‍ക്കേണ്ടിവരുക ഗ്രാമീണ ജനതയ്ക്കായിരിക്കും എന്നതു തന്നെ. ഇത്തരം വസ്തുതകള്‍ കണക്കിലെടുത്തു വേണം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യത്തിലെത്താന്‍ പര്യാപ്തമായ വികസന കാഴ്ചപ്പാടുകളും വികസന മുന്‍ഗണനാ ക്രമങ്ങളും പരമദാരിദ്ര്യത്തില്‍ തയാറാക്കാന്‍.


ഇതുകൂടി വായിക്കാം; ചില ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍: ജിഡിപി വളര്‍ച്ചനിരക്കും ദാരിദ്ര്യവും


ലോകബാങ്ക് പഠനത്തിനാധാരമാക്കിയത്, കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക രേഖയായിരുന്നില്ല. സെന്റ് ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) എന്ന സ്വകാര്യ സ്ഥാപനം നടത്തിയ കണ്‍സ്യൂമര്‍ ഹൗസ് ഹോള്‍ഡ് സര്‍വേ എന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. കോര്‍പറേറ്റ് സ്ഥാപനങ്ങളും അക്കാദമിക്ക് വിദഗ്ധന്മാരും ഗവേഷകരുമെല്ലാം ഈ ഏജന്‍സിയെയാണ് വിശ്വാസത്തിലെടുക്കുന്നത്. ഇതെല്ലാം ശരിയായിരിക്കാം. താല്കാലികമായി നോക്കുമ്പോള്‍ ദീര്‍ഘകാല താല്പര്യങ്ങള്‍ കണക്കിലെടുത്താല്‍, സാമ്പത്തിക വികസന മേഖല‍യിലെ നയരൂപീകരണത്തിന് സ്ഥിരമായി സ്വകാര്യ ഏജന്‍സികളെ ആശ്രയിക്കുന്നത് അനുചിതമായിരിക്കും. മാത്രമല്ല, വികസനത്തിന്റെ കാതലായ ലക്ഷ്യങ്ങളെന്ന നിലയില്‍ ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും കൃത്യമായ പഠനത്തിനും വിലയിരുത്തലിനും ഔദ്യോഗിക ഏജന്‍സി തന്നെ അനിവാര്യമാണ്. ഏതാനും നാള്‍ മുമ്പുവരെ ഉപഭോഗ ചെലവുകള്‍ സംബന്ധമായ സര്‍വേകള്‍ നടത്തിയിരുന്നതായിട്ടാണ് അറിയാനാവുന്നത്. ഇത്തരം സര്‍വേകളും മുന്തിയ പരിഗണനകള്‍ നല്കി പുനരാരംഭിക്കേണ്ടത് അത്യാവശ്യവുമാണ്. ഇതിനു വേറെ ബദല്‍ മാര്‍ഗമൊന്നും ലഭ്യവുമല്ല. ഏറ്റവുമൊടുവില്‍ ഒരു കണ്‍സ്യൂമര്‍ എക്സ്പെന്‍ഡിച്ചര്‍ സര്‍വേ നടത്തിയത് ഡിമോണറ്റെെസേഷന്‍ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ്. അത് നാഷണല്‍ സാംപിള്‍ സര്‍വേയുടെ ഭാഗമായിട്ടാണ് നടത്തിയിരുന്നതും. എന്നാല്‍, ഈ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ നാളിതുവരെയായി ഔദ്യോഗികമായി പുറത്തുവന്നിട്ടുമില്ല. ഇതിന്റെ അര്‍ത്ഥം, കണക്കുകളുടെ കാര്യത്തില്‍ എന്തെല്ലാമോ കള്ളക്കളികളും തിരിമറികളും നടന്നിട്ടുണ്ടാകാമെന്ന് ന്യായമായും സംശയിക്കാം. ഈ അവസരത്തില്‍ ഒരു കാര്യം ഉറപ്പാണ്. ആധികാരികവും സുതാര്യവും പ്രൊഫഷണല്‍ സ്വഭാവവുമുള്ള സ്ഥിതിവിവരക്കണക്കുകള്‍ നിലവില്‍ വരുന്നതു വരെ ദാരിദ്ര്യത്തില്‍ എന്തെങ്കിലും കുറവുണ്ടായിരിക്കുന്നു എന്ന അവകാശവാദം മുഖവിലക്കെടുക്കാന്‍ കഴിയില്ല. അതെല്ലാം, വെറും ഊഹാപോഹങ്ങള്‍ മാത്രമായിട്ടെ പരിഗണിക്കാന്‍ കഴിയുകയുമുള്ളു. മോഡി സര്‍ക്കാരിനെ സംബന്ധിച്ചായാലും ഏതാനും ചില സംസ്ഥാന സര്‍ക്കാരുകളെ സംബന്ധിച്ചായാലും ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരായ പോരാട്ടവും നയപരിപാടികളും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ അജണ്ടയിലെ ഒരു ഇനമായി മാത്രമെ കാണാന്‍ കഴിയുകയുമുള്ളു. ഈ വിഭാഗക്കാര്‍ക്ക് കൃത്യമായ കണക്കുകള്‍ ഇല്ലാതിരിക്കുന്നതായിരിക്കും സൗകര്യപ്രദമായിരിക്കുക.

Exit mobile version