പ്രൊഫ. അരവിന്ദാക്ഷന്‍

January 03, 2022, 6:56 am

ചില ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍: ജിഡിപി വളര്‍ച്ചനിരക്കും ദാരിദ്ര്യവും

Janayugom Online

ഇന്ത്യയുടെ ജിഡിപി 2021–22 ധനകാര്യ വര്‍ഷത്തിലെ രണ്ടാംപാദമായതോടെ പാന്‍ഡെമിക്ക് പൂര്‍വനിരക്കായ 8.4 ശതമാനത്തിലെത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേന്ദ്രസര്‍ക്കാര്‍ വക്താക്കളെല്ലാം വലിയ ആഹ്ലാദപ്രകടനത്തിന് ഇറങ്ങിത്തിരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലേക്ക് കടന്നിരിക്കുന്നതായി തോന്നാന്‍ പര്യാപ്തമായ സ്ഥിതിവിവര കണക്കുകള്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. ഇതേത്തുടര്‍ന്ന് ജിഡിപി വളര്‍ച്ചയുടെ പുതിയ ഉയരങ്ങളിലെത്തി എന്നതും ശരിതന്നെ. വളരെ സൂക്ഷമതയോടെ വിലയിരുത്തലിനുശേഷം മാത്രമേ അവ വിശ്വസിക്കാന്‍ സാധ്യമാവുകയുള്ളു. ഇത്തരമൊരു നിഗമനത്തെത്തുന്നതിന് ആനുകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രത്യേക പ്രസക്തിയുണ്ട്. കോവിഡ് രണ്ടുതരംഗങ്ങള്‍ പിന്നിട്ടതിനുശേഷം മൂന്നാമാതൊരു വകഭേദമായ ഒമിക്രോണും കൂടി നാം അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള സാഹചര്യം നിലവിലിരിക്കെ, നിരവധി ധനകാര്യ, സാമൂഹ്യസൂചികകള്‍ സൃഷ്ടിച്ചിരിക്കുന്ന പുതിയൊരു സാമ്പത്തിക അന്തരീക്ഷം ഒരിക്കലും നമുക്ക് കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. പുതിയ സൂചികകള്‍ പുതിയ വെല്ലുവിളികളും ഭീഷണികളുമാണ് ഇന്ത്യന്‍ ജനതയുടെ ക്ഷേമപരിപാടികള്‍ക്കും സാമൂഹ്യപരിഷ്കാരങ്ങള്‍ക്കും നേരെ ഉയര്‍ത്തിയിട്ടുള്ളതെന്നതും ഒരു വസ്തുതയാണ്.

കേന്ദ്രസര്‍ക്കാര്‍ മാത്രമല്ല, മറ്റ് ബിജെപി ഭരണത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത സല്‍ഭരണമാണ് കാഴ്ചവയ്ക്കുന്നതെന്നാണ് ബിജെപി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. വികസന മാതൃകയുടെ രൂപത്തില്‍ ഉയര്‍ത്തിക്കാട്ടുന്നത് ഗുജറാത്തും യുപിയുമാണ്. എന്നാല്‍, സമീപകാലത്ത് പുറത്തുവന്നിട്ടുള്ള കേന്ദ്ര ഏജന്‍സികളുടെ പഠന റിപ്പോര്‍ട്ടുകള്‍ തന്നെ മറിച്ചൊരു ചിത്രമാണ് അവതരിപ്പിക്കുന്നത്. തൊഴിലവസര വര്‍ധനവിന്റെ നിരക്കുകള്‍ക്കു പുറമെ, ശരാശരി പ്രതിദിന കൂലിനിരക്കുകളും എല്ലാ വികസന മേഖലകളിലും ഈ രണ്ടിടങ്ങളിലും മറ്റു സംസ്ഥാനങ്ങളിലുമുള്ളതിലും താഴെയാണെന്നാണ്. ആര്‍ബിഐ റിപ്പോര്‍ട്ടില്‍ കാണുന്നതനുസരിച്ച് ഒരു ഗ്രാമീണ മേഖലാ പുരുഷ തൊഴിലാളിക്ക് ഗുജറാത്തില്‍ കിട്ടുന്ന ശരാശരി കൂലിനിരക്ക് 2020–21ല്‍ 239.3 രൂപയായിരുന്നെങ്കില്‍ യുപിയില്‍ നിലവിലുണ്ടായിരുന്നത് 286.8 രൂപയും ബിഹാറിലേത് 289.3 രൂപയുമായിരുന്നു എന്നാണ്. ബിജെപി ഇതര സര്‍ക്കാരുകള്‍ നിലവിലുള്ള സംസ്ഥാനങ്ങളിലെ കൂലി നിരക്കിന്റെ പകുതിയോളം മാത്രമാണ് മുകളില്‍ സൂചിപ്പിച്ച മൂന്ന് സംസ്ഥാനങ്ങളിലും നിലവിലിരിക്കുന്നത് എന്നാണ്. കേരളത്തിലെ കൂലിനിരക്ക് 677.6 രൂപയാണെങ്കില്‍ ജമ്മു-കശ്മീരില്‍ 483 രൂപയും തമിഴ്‌നാട്ടില്‍ പോലും 449.5 രൂപയുമായിരുന്നു. ശരാശരി ദേശീയ നിരക്കാണെങ്കിലോ 315.3 രൂപ മാത്രമേ വരുന്നുള്ളു.

കാര്‍ഷിക മേഖലയിലെ കണക്കെടുക്കുമ്പോള്‍, വേതനനിരക്കുകളിലെ അന്തരം ഇതിലും ഏറെ അധികമാണെന്നു കാണാന്‍ കഴിയുന്നു. കേരളത്തില്‍ ഒരു കര്‍ഷകതൊഴിലാളിയുടെ കൂലി പ്രതിദിനം 706.5 രൂപയാണെങ്കില്‍ ഗുജറാത്തില്‍ 213.1 രൂപയാണ്. അതായത്, ദേശീയതലത്തില്‍ ഏറ്റവും താണ നിരക്ക്. യുപിയിലേത് 274.5 രൂപയും ജമ്മു കശ്മീരില്‍ 501.1 രൂപയും തമിഴ്‌നാട്ടില്‍ 434.2 രൂപയുമാണ്. നിര്‍മ്മാണ മേഖലാ തൊഴിലാളികളുടെ പ്രതിദിന കൂലി നിരക്കുകളിലും സമാനമായ തോതിലുള്ള അന്തരങ്ങള്‍ കാണാം. ഗുജറാത്തില്‍ പ്രതിദിന കൂലി നിരക്ക് 285.1 രൂപയും കേരളത്തിലാണെങ്കില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 829.7 രൂപയുമാണ്. തൊട്ടുപിന്നാലെയാണ് ജമ്മു കശ്മീരിലെ നിര്‍മ്മാണ മേഖലാ തൊഴിലാളിയുടെ ശരാശരി കൂലിനിരക്കായ 492.6 രൂപയും തമിഴ്‌നാട്ടിലെ 468.3 രൂപയും.

ഇതിനെല്ലാം ഉപരിയായിട്ടാണ് ആസൂത്രണ കമ്മിഷന് പകരക്കാരനായി ബിജെപിയുടെ കണ്ടുപിടുത്തമായ ‘നിതി’ ആയോഗ് രാജ്യത്തെ സംബന്ധിക്കുന്ന ആദ്യത്തെ ബഹുത്വമാനങ്ങളോടുകൂടിയ ദാരിദ്ര്യ സൂചിക‑മള്‍ട്ടി ഡയമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡെക്സ് (എംപിഐ) പ്രസിദ്ധീകരിക്കുന്നത്. എംപിഐ എന്ന പേരില്‍ നിതി ആയോഗ് നടത്തിയ ഒരു പഠന റിപ്പോര്‍ട്ടില്‍ 12 കാതലായ ഘടകങ്ങളാണുള്ളത്. ആരോഗ്യവും പോഷകാഹാരവും വിദ്യാഭ്യാസവും ജീവിതനിലവാരവും ശുദ്ധജലം, വൈദ്യുതി, ധനകാര്യ ഉള്‍ക്കൊള്ളല്‍, ഗര്‍ഭകാല സംരക്ഷണം തുടങ്ങിയ വിശാലമായ മേഖലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ദാരിദ്ര്യത്തിന്റെ അളവുകോല്‍ എംപിഐയുടെ വരവോടെ ദാരിദ്ര്യരേഖ എന്നത് അല്ലാതായിരിക്കുന്നു. നിതി ആയോഗിന്റെ റിപ്പോര്‍ട്ട് 2015–2016 കാലയളവിലേക്കു നടന്ന ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍എഫ്എച്ച്എസ്)യുടെ അടിസ്ഥാനത്തിലായിരുന്നു. എംപിഐ എന്ന ആശയത്തിനുതന്നെ രൂപം നല്കിയത് ഓക്സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡവലപ്മെന്റ് ഇനിഷിയേറ്റീവ് (ഒഎഎച്ച്ഐ)ന്റേയും യുണൈറ്റഡ് നേഷന്‍സ് ഡവലപ്മെന്റ് പ്രോഗ്രാ (യുഎന്‍ഡിപി)മിന്റേയും ശ്രമഫലമായിട്ടുമാണ്. യുഎന്‍ഡിപി റിപ്പോര്‍ട്ട് പുറത്തുവന്നത് 2010ലുമായിരുന്നു. അതായത് നിതി ആയോഗിന്റെ എംപിഐ റിപ്പോര്‍ട്ടിന് അന്തിമരൂപം നല്കപ്പെട്ടത് 12 കേന്ദ്ര മന്ത്രാലയങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍, ഓക്സ്‌ഫോര്‍ഡ് മനുഷ്യപഠന ഏജന്‍സിയായ ഒപിഎച്ച്ഐ, യുഎന്‍ഡിപി തുടങ്ങിയവയുടെ സംയുക്ത ശ്രമഫലമായിട്ടാണ്.

കേന്ദ്രാധികാരത്തില്‍ രണ്ടാംവട്ടവും എത്തിയിരിക്കുന്ന ബിജെപിയുടെ ആധിപത്യത്തിലുള്ള സര്‍ക്കാര്‍ ഭരണത്തിലിരിക്കുന്ന ബിഹാര്‍ സംസ്ഥാനമാണ് ദാരിദ്ര്യത്തിന്റെ അളവുകോലെടുത്താല്‍ ഏറ്റവും മോശപ്പെട്ട നിലവാരം പുലര്‍ത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഈ സംസ്ഥാനം നിരവധി വര്‍ഷങ്ങളായി മധ്യപ്രദേശ്, രാജസ്ഥാന്‍, യുപി, ഒറീസ തുടങ്ങിയ മറ്റു സംസ്ഥാനങ്ങളോടൊപ്പം ‘ബീമാറൗ’ (BIMARO) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ബിഹാര്‍ സംസ്ഥാനത്തിന്റെ 50 ശതമാനം പ്രദേശവും ഇപ്പോള്‍ പരമദാരിദ്ര്യത്തിലാണെന്നാണ്, മള്‍ട്ടിഡച്മെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡെക്സ് റിപ്പോര്‍ട്ട് സൂചിപ്പിച്ചിരിക്കുന്നത്. തൊട്ടുപിന്നാലെ ഝാര്‍ഖണ്ഡ് (42.16ശതമാനം), യുപി (37.79ശതമാനം), എംപി (36.65 ശതമാനം), മേഘാലയ(32.67 ശതമാനം) എന്നിങ്ങനെയാണ് കണക്കുകള്‍. ഈ പട്ടികയില്‍ ഏറ്റവും താണ സ്ഥാനം കേരളത്തിനാണ്- 0.71 ശതമാനം. തൊട്ടുപിന്നില്‍ പുതുശ്ശേരി (1.72 ശതമാനം) ലക്ഷദ്വീപ് (1.82 ശതമാനം), ഗോവ (3.76 ശതമാനം) സിക്കിം (3.82 ശതമാനം) എന്നിങ്ങനെയുമാണ് എംപിഐയുടെ കണക്കുകള്‍. തമിഴ്‌നാട്ടില്‍, ഈ വിഭാഗത്തില്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ് ഉള്‍പ്പെടുന്നത്. അതായത് 4.89 ശതമാനം, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ (4.30 ശതമാനം) ഡല്‍ഹി (4.79 ശതമാനം) എന്നിങ്ങനെയും പഞ്ചാബില്‍ 5.59 ശതമാനത്തോടെയും ഹിമാചല്‍പ്രദേശില്‍ 7.62 ശതമാനത്തോടെയും മിസോറാമില്‍ 9.8 ശതമാനത്തോടെയും എംപിഐയില്‍ 10 ശതമാനത്തില്‍ താഴെ റാങ്കുകളിലാണുള്ളത്.

സാമൂഹ്യമായ പാര്‍ശ്വവല്‍ക്കരണവും ഒറ്റപ്പെടലിനും പുറമെ ദാരിദ്ര്യത്തിന്റെ ആഴത്തിലും പരപ്പിലും 2021ലെ എംപിഐ പഠനമനുസരിച്ച് 109 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ സ്ഥാനം 66 ആണ്. വര്‍ഗം, ജാതി, ലിംഗം തുടങ്ങിയവയ്ക്ക് പുറമെ ധനകാര്യസ്ഥിതിയുടെ കാര്യത്തിലും ഈ അരികുവല്‍ക്കരണം ഇന്ത്യയുടെ ജനസംഖ്യയില്‍ പ്രകടമാണ്. ബഹുമുഖ ദാരിദ്ര്യത്തെത്തുടര്‍ന്ന് അവശത അനുഭവിക്കേണ്ടിവന്നിരിക്കുന്ന ദരിദ്രജനതയില്‍ 9.4 ശതമാനവും പട്ടികവര്‍ഗജനതയാണ്. ദാരിദ്ര്യത്തിന് വിധേയമായ ഇന്ത്യന്‍ ജനതയുടെ ആറിലൊന്ന് വരുന്നു ഈ വിഭാഗം മാത്രം. ഇവര്‍ക്കു പിന്നിലായി 33.3 ശതമാനത്തോടെ വിവിധ പട്ടികജാതി വിഭാഗക്കാരുമുണ്ട്. വിവിധ പട്ടികജാതി വിഭാഗക്കാരുടെ മൊത്തം എണ്ണമായ 83 മില്യനില്‍ 94 മില്യന്‍ വരും ഇവര്‍. എസ്‌സി വിഭാഗക്കാരെ കൂടാതെ മറ്റു പിന്നാക്ക സമുദായക്കാര്‍ 588 മില്യനോളമുണ്ട്.

ലോകരാജ്യങ്ങളുടെ കൂട്ടത്തില്‍ ആറാം ക്ലാസിനപ്പുറം സ്കൂള്‍ വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത സ്ത്രീകളുടെ എണ്ണം കൂടുതല്‍ കാണാന്‍ കഴിയുക ഇന്ത്യയിലാണ്. ആഗോളതലത്തില്‍ത്തന്നെ മൊത്തം 1.3 ബില്യന്‍ പരമദാരിദ്ര്യത്തിലകപ്പെട്ടിരിക്കുന്നജനങ്ങളുടെ കണക്കെടുത്താല്‍ മൂന്നില്‍ രണ്ടുഭാഗവും അതായത് 836 മില്യന്‍ പേരില്‍, ഒരൊറ്റ സ്ത്രീപോലും ആറ് വര്‍ഷത്തിലേറെ സ്കൂള്‍ വിദ്യാഭ്യാസം നേടിയവരായി ഉണ്ടാവില്ല. ഇത്തരം രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏഴ് രാജ്യങ്ങളിലെ 500 മില്യന്‍ പേരില്‍ ഇന്ത്യയില്‍ 227 മില്യന്‍, പാകിസ്ഥാനില്‍ 71 മില്യന്‍, എത്യോപ്യയില്‍ 59 മില്യന്‍, നൈജീരിയയില്‍ 54 മില്യന്‍, ചൈനയില്‍ 32 മില്യന്‍, ബംഗ്ലാദേശില്‍ 30 മില്യന്‍, റിപ്പബ്ലിക് ഓഫ് കോംഗൊയില്‍ 27 മില്യന്‍ എന്നിങ്ങനെയാണ് കണക്കുകള്‍ കാണിക്കുന്നത്.

ഇത്തരം ഗുരുതരമായ സാധ്യതകള്‍ കൂടി പരിഗണിച്ചതിനുശേഷമാണ് നിതി ആയോഗ് മള്‍ട്ടി ഡയമെന്‍ഷണല്‍ ദാരിദ്ര്യസൂചിക എന്ന സംവിധാനത്തിന് രൂപംനല്കാനും അതുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്താനും ഒരുമ്പെട്ടത് എന്നാണ് അതിന്റെ വൈസ് ചെയര്‍മാന്‍ ഡോ. രാജീവ് കുമാര്‍ അവകാശപ്പെടുന്നത്. നിലനില്‍ക്കുന്ന വികസന ലക്ഷ്യങ്ങള്‍ അടങ്ങുന്ന ഒരു ചട്ടക്കൂട് തയാറാക്കുമ്പോള്‍ 2015ല്‍ത്തന്നെ 193 ലോകരാജ്യങ്ങളിലെ വികസനനയങ്ങള്‍, മുന്‍ഗണനാക്രമങ്ങള്‍, പുരോഗതിയുടെ വിലയിരുത്തല്‍,‍ മാനദണ്ഡങ്ങള്‍ തുടങ്ങിയവ നിതി ആയോഗ് പഠനവിധേയമാക്കി. ഈവിധത്തില്‍ കണ്ടെത്താനായത് 17 ആഗോള വികസന ലക്ഷ്യങ്ങളും 169 മേഖലാ ലക്ഷ്യങ്ങളും മറ്റുമായിരുന്നു. ആസൂത്രണകമ്മിഷന്‍ നിലവിലുണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്ന ‘മില്ലെനിയം വികസനലക്ഷ്യങ്ങളെ‘ക്കാള്‍ വിപുലവും വിശദവുമായ ലക്ഷ്യങ്ങളാണ് നിതി ആയോഗിന്റെതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതെല്ലാം ഒരു വശത്ത് മോഡി സര്‍ക്കാരിന്റെ തായ അവകാശവാദങ്ങളുടെ ദീര്‍ഘമായ പട്ടികയില്‍ ഒന്നിനുപുറകെ മറ്റൊന്നായി ഇടം കണ്ടെത്തുമ്പോഴാണ് വേള്‍ഡ് ഇന്‍ഇക്വാലിറ്റി റിപ്പോര്‍ട്ട് 2022 പുറത്തുവരുന്നത്. അതിസമ്പന്നര്‍ ആധിപത്യം പുലര്‍ത്തുന്നതോടൊപ്പം ലോകരാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവുമധികം ദാരിദ്ര്യവും സാമ്പത്തികാസമത്വങ്ങളും നേരിടുന്നൊരു രാജ്യമാണ് ഇന്ത്യ എന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെ വരുമാനത്തിലുള്ള പങ്ക് വെറും 13 ശതമാനത്തില്‍ ഒതുങ്ങി. പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൗരന്മാരുടെ ശരാശരി വരുമാനം 2,04,200 രൂപയാണെങ്കില്‍, ഉന്നതതലത്തിലുള്ള 10 ശതമാനത്തിന്റെ ശരാശരി വരുമാനം 11,66,520 രൂപക്കും ഏറ്റവും താഴെത്തട്ടിലുള്ള 50 ശതമാനം പേരുള്ളത് 53,610 രൂപയുമാണ്. ഈ രണ്ട് തട്ടുകളും തമ്മിലുള്ള അന്തരം 20 ഇരട്ടിയോളവുമാണ്. ആഗോള അസമത്വ റിപ്പോര്‍ട്ട് തയാറാക്കിയ വിദഗ്ധന്മാരില്‍ ലോകപ്രശസ്ത ഫ്രഞ്ച് ധനശാസ്ത്രജ്ഞന്‍ ഡോ. തോമസ് പിക്കറ്റി, ആഗോള ഇന്‍ഇക്വാലിറ്റിലാബിന്റെ സഹഡയറക്ടര്‍ ഡാ. ലൂക്കാസ് ചാന്‍സെല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നുണ്ട്.

പുതുതായി പുറത്തുവന്നിരിക്കുന്ന ഈ റിപ്പോര്‍ട്ട് പറയുന്നത് 1980കള്‍ മുതല്‍ ക്രമേണ ഇന്ത്യന്‍ ഭരണകൂടങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കിവന്നിട്ടുള്ള നിയന്ത്രണമുക്തമായ സാമ്പത്തിക വികസനനയങ്ങളും ഉദാരവല്കരണ നയങ്ങളുമാണ് വരുമാനത്തിലും സ്വത്തിലും ഇത്രയേറെ പ്രകടമായ വിധത്തില്‍ അസമത്വം വെളിവാക്കുന്ന അസമത്വങ്ങള്‍ക്ക് ഇടം ഒരുക്കിയതെന്നാണ്. ഇന്ത്യക്ക് പുറമെ, മറ്റ് വികസ്വര രാജ്യങ്ങളിലും ഇതിന്റെ തനിയാവര്‍ത്തനമാണുണ്ടായിരിക്കുന്നതും ലിംഗപരമായ അസമത്വങ്ങളില്‍ ഇന്ത്യയിലെ അധ്വാനശക്തിയുടെ 18 ശതമാനം മാത്രമാണ് സ്ത്രീകളുടേതായ പങ്ക്.

 

കോവിഡ്-19ന്റെയും തുടര്‍ന്നുവരാനിരിക്കുന്ന ഒമിക്രോണിന്റെയും വ്യാപനത്തിന്റെ ആഘാതമെന്ന നിലയില്‍ വരുമാനത്തിലുള്ള അസമത്വങ്ങള്‍ കൂടുതല്‍ വഷളായിട്ടുണ്ടാകുമെന്നത് ഉറപ്പാണല്ലോ. സമ്പന്നരാജ്യ ഭരണകൂടങ്ങള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും കൂടുതല്‍ ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് വഴുതിവീഴാതിരിക്കാനും ശക്തവും സമയോചിതവുമായ ഇടപെടലുകളാണ് നടത്തിയിരുന്നതെങ്കില്‍ ഇന്ത്യയിലെ മോഡി ഭരണകൂടം രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ നേരിട്ടുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് മാത്രമായിരുന്നു ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ ജീവിതദുരന്തങ്ങള്‍ ലഘൂകരിക്കാനെങ്കിലും നടപടികളെടുത്തത്. നിരവധി സംസ്ഥാന സര്‍ക്കാരുകളും ഇതുതന്നെയാണ് ചെയ്തതെന്ന് നമുക്ക് അനുഭവമുള്ളതുമാണ്. ഈ ഘട്ടത്തിലാണ് വേള്‍ഡ് ഇന്‍ഇക്വാലിറ്റി റിപ്പോര്‍ട്ട് കൃത്യമായി സൂചിപ്പിക്കുന്നതുപോലെ സാമൂഹ്യ കാഴ്ചപ്പാടുകളുള്ള ഭരണവര്‍ഗത്തിന്റെയും സ്റ്റേറ്റ് എന്ന സംവിധാനത്തിന്റെയും പ്രസക്തി വെളിവാക്കപ്പെടുന്നത്.

ഗ്ലോബല്‍ഹങ്കര്‍ഇന്‍ഡെക്സ് റിപ്പോര്‍ട്ട്, 2021 സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പാകിസ്ഥാന്റെയും താഴെയാണ് (92). ഇറാഖ്- 86, നേപ്പാള്‍— 76, ബംഗ്ലാദേശ് ‑76, ശ്രീലങ്ക- 65 ഉം ആണെങ്കില്‍ ഇന്ത്യയുടെ സ്ഥാനം ഇവക്കെല്ലാം താഴെ 101 ആയിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടെത്തല്‍ വെളിവാക്കുന്നത് ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ നേരിടുന്നത് കനത്ത വെല്ലുവിളിയാണെന്നു തന്നെയാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ 15.3 ശതമാനം പോഷകാഹാരക്കുറവ് നേരിടുമ്പോള്‍, 34.7 ശതമാനം ശിശുക്കളും വളര്‍ച്ചാ മുരടിപ്പാണ് നേരിടുന്നതെന്നും 3.4 ശതമാനം ശിശുക്കള്‍ അഞ്ച് വയസ് തികയുന്നതിന് മുമ്പ് മരണത്തിന് കീഴടങ്ങുകയാണെന്നുമാണ് റിപ്പോര്‍ട്ടില്‍ കാണുന്നത്. ആഗോളതലത്തില്‍ അംഗീകാരമുള്ള ഏജന്‍സികള്‍ നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ടുകളിലെ കണ്ടെത്തലുകള്‍ ലോകരാജ്യങ്ങളെല്ലാം ശരിവച്ചിരിക്കുന്ന സാഹചര്യം നിലവിലിരിക്കെ, മോഡി സര്‍ക്കാര്‍ മാത്രം ഇവ തിരസ്കരിക്കുന്നതിനുള്ള കാരണമായി അതിന് അടിസ്ഥാനമായ രീതിശാസ്ത്രത്തെ പഴിചാരുന്നത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. സ്വന്തം പ്രതിഛായ നിലനിര്‍ത്തുന്നതിനായി യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ പുറംചാരി നില്‍ക്കുന്നത് ഹിന്ദു ധര്‍മ്മമാണോ, ഹിന്ദുത്വമാണോ എന്ന് ബന്ധപ്പെട്ടവര്‍ തന്നെ വ്യക്തമാക്കട്ടെ.