നീണ്ട കാത്തിരിപ്പിനൊടുവില്‍ ലോകകിരീടം ചൂടി അര്‍ജന്റീന. ഫൈനലില്‍ കരുത്തരായ ഫ്രാന്‍സിനെ തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. അര്‍ജന്റീനയ്ക്ക് മാത്രമല്ല ഇതിഹാസ താരം ലയണല്‍ മെസിക്കുള്ള സമ്മാനം കൂടിയാണ് ഈ കിരീടം. പെനാല്‍റ്റിയിലേക്ക് നീണ്ട മത്സരത്തില്‍ 3–2നാണ് അര്‍ജന്റീനയുടെ വിജയം. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്റീന ലോകകിരീടം നിലനിര്‍ത്തുന്നത്. മറഡോണയ്ക്ക് ശേഷം ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായ ലയണല്‍ മെസിക്ക് ഇനി ലോകിരീടനേട്ടത്തോടെ വിടപറയാം. ഗ്രൂപ്പ് ഘട്ടത്തില്‍ സൗദി അറേബ്യയോട് തോറ്റാണ് അര്‍ജന്റീന തുടങ്ങിയത്. പിന്നീട് ഒരു തോല്‍വിയുമറിയാതെയാണ് അവര്‍ ഇപ്പോള്‍ കിരീടം സ്വന്തമക്കിയതും. പരിശീലകന്‍ ലയണല്‍ സ്കലോണി അണിനിരത്തിയവര്‍ കിരീടം കൊണ്ടേ ഖത്തര്‍ വിടു എന്ന് ഉറച്ച തീരുമാനത്തോടെയിറങ്ങിയപ്പോള്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിന് മറുപടിയുണ്ടായിരുന്നില്ല.
4–3‑3–1 ശൈലിയിലാണ് കോച്ച് ദിദിയെര്‍ ദെഷാം ഫ്രഞ്ച് ടീമിനെ കളത്തിലിറക്കിയത്. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിന് കൂടി ഊന്നല്‍ നല്‍കി 4–4‑2 ശൈലിയിലാണ് അര്‍ജന്റീന പരിശീലകന്‍ ലയോണല്‍ സ്കലോണി ടീമിനെ വിന്യസിപ്പിച്ചത്. മെസി-എംബാപ്പെ പോരാട്ടമെന്ന നിലയില്‍ മത്സരത്തിന് മുമ്പേ ചര്‍ച്ചയായ ഫൈനല്‍ കിക്കോഫായി ആദ്യ മിനിറ്റുകളില്‍ തന്നെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ആവേശം പടര്‍ത്തി. മൂന്നാം മിനിറ്റില്‍ അര്‍ജന്റീന ആദ്യ മുന്നേറ്റം നടത്തി. അഞ്ചാം മിനിറ്റില്‍ മക്കലിസ്റ്ററിന്റെ ലോങ് റേഞ്ചര്‍ ശ്രമം ലോറിസിന്റെ കൈകള്‍ കടന്നില്ല. തൊട്ടുപിന്നാലെ ഡീപോളിന്റെ ഷോട്ട് വരാനെയില്‍ തട്ടി പുറത്തേക്ക് തെറിച്ചു. 17-ാം മിനിറ്റില്‍ മെസി നല്‍കിയ പാസ് സ്വീകരിച്ച എയ്ഞ്ചല്‍ ഡി മരിയയ്ക്ക് ഓപ്പണ്‍ ചാന്‍സ് ലഭിച്ചിട്ടും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 20-ാം മിനിറ്റില്‍ ഫ്രാന്‍സിന് സുവര്‍ണാവസരം ലഭിച്ചു. ഗ്രീസ്മാന്റെ മനോഹരമായ ഫ്രീകിക്കിന് ജിറൂദ് ഉയര്‍ന്നുചാടി ഹെഡ്ഡ് ചെയ്‌തെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
പിന്നീട് ഫ്രഞ്ച് ബോക്സിലേക്ക് അർജന്റീന താരങ്ങൾ നടത്തിയ മുന്നേറ്റത്തിനിടെ പന്ത് ജൂലിയൻ അൽവാരസിൽനിന്ന് വലതു വിങ്ങിൽ എയ്ഞ്ചൽ ഡി മരിയയിലേക്ക്. ബൈലൈനു സമീപത്തുനിന്ന് പന്തു വീണ്ടെടുത്ത് ഒസ്മാൻ ഡെംബലെയെ കബളിപ്പിച്ച് മുന്നോട്ടുകയറിയ മരിയയെ, പിന്നാലെയെത്തിയ ഡെംബെലെ വീഴ്ത്തി. യാതൊരു സംശയവും കൂടാതെ റഫറി പെനൽറ്റി സ്പോട്ടിലേക്കു വിരൽചൂണ്ടി. കിക്കെടുത്ത മെസി ഒരിക്കൽക്കൂടി യാതൊരു പിഴവും കൂടാതെ ലക്ഷ്യം കണ്ടു. സ്കോർ 1–0.
ആദ്യ ഗോളിന്റെ ആവേശത്തിൽ വർധിതവീര്യത്തോടെ പൊരുതിയ അർജന്റീന 10 മിനിറ്റ് കൂടി പിന്നിടുമ്പോഴേയ്ക്കും ലീഡ് വർധിപ്പിച്ചു. ഇത്തവണ ലക്ഷ്യം കണ്ടത് എയ്‍ഞ്ചൽ ഡി മരിയ. ഫ്രഞ്ച് മുന്നേറ്റത്തിന്റെ മുനയൊടിച്ച് അർജന്റീന നടത്തിയ കൗണ്ടർ അറ്റാക്കിൽനിന്നാണ് രണ്ടാം ഗോളിന്റെ പിറവി. പന്തുമായി മുന്നേറിയ ലയണൽ മെസി മുന്നിൽ ഓടിക്കയറിയ മാക് അലിസ്റ്ററിനു പന്തു മറിച്ചു. ഷോട്ടെടുക്കാൻ അവസരമുണ്ടായിരുന്നെങ്കിലും ബോക്സിന്റെ ഇടതുഭാഗത്ത് മാർക്ക് ചെയ്യപ്പെടാതെ നിന്ന ഡി മരിയയ്ക്ക് അലിസ്റ്റർ പന്തു മറിച്ചു. അപകടം മണത്ത് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് മുന്നോട്ടു കയറിയെത്തിയെങ്കിലും എയ്ഞ്ചൽ ഡി മരിയയുടെ തകർപ്പൻ ഫിനിഷിൽ പന്തു വലയിൽ കയറി. ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡുമായി അര്‍ജന്റീന സുരക്ഷിതത്വം ഉറപ്പിച്ചു.
രണ്ടാം പകുതിയിലും അർജൻ്റീനയുടെ മുന്നേറ്റമായിരുന്നു കൂടുതൽ. ഫ്രാൻസും വെറുതെയിരുന്നില്ല. ഗോൾ മടക്കാനുറച്ച് അവരും മികച്ച ആക്രമണങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കാണുന്നതിൽ പിഴച്ചു. അർജൻ്റീന തുറന്നെടുത്ത അവസരങ്ങളും ഹ്യൂഗോ ലോറിസിന് മുന്നിൽ അവസാനിച്ചു. 79-ാം മിനിറ്റുവരെ വിജയപ്രതീക്ഷയിലുണ്ടായിരുന്ന അര്‍ജന്റീനയെ ഞെട്ടിച്ച് തുടര്‍ച്ചായായി രണ്ട് ഗോളുകള്‍ നേടി ഫ്രാന്‍സ് സമനില കണ്ടെത്തി. രണ്ട് ഗോളുകളും നേടിയത് കിലിയന്‍ എംബാപ്പെയും. 80-ാം മിനിറ്റിലെ പെനാല്‍റ്റിയില്‍ നിന്നുമായിരുന്നു ആദ്യഗോള്‍. അധികം വൈകിയില്ല. ഒരു മിനിറ്റായപ്പോഴേക്കും മികച്ച മുന്നേറ്റത്തിലൂടെ വീണ്ടും ഫ്രാന്‍സ് വലകുലുക്കി സമനിലയിലെത്തുകയായിരുന്നു. നിശ്ചിത സമയത്ത് മത്സരം സമനിലയായതോടെ എക്സ്ട്രാടൈമിലേക്ക് മത്സരം നീളുകയായിരുന്നു. 108-ാം മിനിറ്റില്‍ മെസിയിലൂടെ വീണ്ടും അര്‍ജന്റീന മൂന്നാം ഗോള്‍ നേടി. എന്നാല്‍ 118-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി എംബാപ്പെ ഗോളാക്കിയതോടെ മത്സരം സമനിലയായി. പെനാല്‍റ്റിയിലേക്ക് നീണ്ട മത്സരത്തില്‍ 3–2ന് അര്‍ജന്റീന സ്വന്തമാക്കി.