എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനം പിടിച്ചുപറി സംഘത്തെപ്പോലെയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എത്രനാള്‍ വേണമെങ്കിലും തന്നെ കസ്റ്റഡിയില്‍ വച്ചോളൂ എന്നും ഡല്‍ഹി മദ്യനയ കേസില്‍ തനിക്കെതിരെ തെളിവുകളൊന്നും ഇഡിയുടെ പക്കല്‍ ഇല്ലെന്നും കെജ്‌രിവാള്‍ കോടതിയില്‍ സ്വയം വാദിച്ചു. ഇതേ കേസില്‍ കുറ്റാരോപിതനായ രാഘവ റെഡ്ഡി തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ 55 കോടി ബിജെപിക്ക് നല്‍കി. അദ്ദേഹം ജാമ്യം വിലകൊടുത്ത് വാങ്ങി. ഇതിലൂടെ യഥാര്‍ത്ഥ പണമിടപാടിന്റെ വഴികള്‍ വ്യക്തമാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ന് റോസ് അവന്യൂ സ്‌പെഷ്യല്‍ സിബിഐ കോടതിയില്‍ ഹാജരാക്കിയത്.
കസ്റ്റഡി നീട്ടുന്നതിനെ എതിര്‍ക്കുന്നില്ലെന്ന് കെജ്‌രിവാള്‍ കോടതിയെ അറിയിച്ചു. കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ്. രണ്ട് ലക്ഷ്യങ്ങളാണ് ഇഡിക്കുള്ളത്. എഎപിയെ തകര്‍ക്കുന്നതിന് അഴിമതിയുടെ പുകമറ സൃഷ്ടിക്കുക. അതിലൂടെ കൊള്ളസംഘത്തെ രക്ഷിച്ചെടുക്കുക. പക്ഷപാതപരമായ തെളിവു ശേഖരണവും അന്വേഷണവുമാണ് ഇഡി നടത്തുന്നത്. കേസിലെ മാപ്പുസാക്ഷിയെക്കൊണ്ട് തനിക്കെതിരെ മൊഴിനല്‍കാന്‍ ഇഡി സമ്മര്‍ദം ചെലുത്തി. കേസില്‍ നാലുപേര്‍ തനിക്കെതിരെ മൊഴി നല്‍കി. നാലുപേരുടെ മൊഴിമാത്രം മതിയോ ഒരു മുഖ്യമന്ത്രിയെ അറസ്റ്റു ചെയ്യാനെന്നും കെജ്‌രിവാള്‍ കോടതി മുമ്പാകെ ഇഡിയോട് ചോദിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ പരിഗണിച്ച ജഡ്ജി കാവേരി ബവേജ ഏപ്രില്‍ ഒന്നുവരെ കെജ്‌രിവാളിന്റെ കസ്റ്റഡി നീട്ടി. നേരത്തെ ആറു ദിവസം കെജ്‌രിവാളിനെ കസ്റ്റഡിയില്‍ വയ്ക്കാന്‍ ഇഡിക്ക് അനുമതി നല്‍കിയിരുന്നു. അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്ത് കെജ്‌രിവാള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം പുറപ്പെടുവിച്ചില്ല.
ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നില്ലെന്നും കേസില്‍ ഉള്‍പ്പെട്ട മറ്റ് ചിലര്‍ക്കൊപ്പം ഇരുത്തി കെജ്‌രിവാളിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇഡിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയെ ബോധിപ്പിച്ചു. അതിനാല്‍ ഏഴു ദിവസം കൂടി കെജ്‌രിവാളിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യമാണ് ഇഡി ഉന്നയിച്ചത്. കെജ്‌രിവാള്‍ മൊബൈലിന്റെ പാസ്‌വേഡ് അന്വേഷണ ഏജന്‍സിക്കു നല്‍കാന്‍ ഇനിയും തയ്യാറായിട്ടില്ലെന്നും ഇഡി കോടതിയെ അറിയിച്ചു.
കെജ്‌രിവാളിന്റെ അറസ്റ്റ് നിലപാട് ആവര്‍ത്തിച്ച് യുഎസ്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ നടപടികളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ആവര്‍ത്തിച്ച് അമേരിക്ക. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെകുറിച്ചും യുഎസ് വിദേശകാര്യ വക്താവ് മാത്യു മില്ലര്‍ പരാമര്‍ശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഉള്‍പ്പെടെ ബാധിക്കുന്ന തരത്തിലാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഈ വിഷയങ്ങളില്‍ സുതാര്യവും സമയോചിതവും നീതിയുക്തവുമായ നടപടികളെ അമേരിക്ക പ്രോത്സാഹിപ്പിക്കുമെന്നും മാത്യു മില്ലര്‍ വ്യക്തമാക്കി.
അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് ശേഷമുള്ള സാഹചര്യം നിരീക്ഷിക്കുന്നുവെന്നും അമേരിക്ക ആവര്‍ത്തിച്ചു. അമേരിക്കന്‍ നിലപാടിനെ ആരെങ്കിലും എതിര്‍ക്കേണ്ട കാര്യമില്ലെന്നും മാത്യൂ മില്ലര്‍ പറഞ്ഞു. കെജ്‌രിവാളിന്റെ അറസ്റ്റില്‍ ന്യായവും സുതാര്യവുമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ യുഎസ് പ്രതികരണം ഉണ്ടായതിന് പിന്നാലെ ഇന്ത്യയിലെ യു.എസ് പ്രതിനിധിയെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു.
English Summary: Arguing the case by himself, Kejriwal: ED snatched gang
You may also like this video