Site iconSite icon Janayugom Online

ക്രിക്കറ്റ് മത്സരത്തിനിടെ നോ ബോള്‍ വിളിച്ചു; അമ്പയറെ കുത്തിക്കൊന്നു

ഒഡിഷയിലെ കട്ടക്കിൽ ക്രിക്കറ്റ് മത്സരത്തിനിടെ അമ്പയറെ കുത്തിക്കൊന്നു. മഹിശിലാന്ദ സ്വദേശി ലക്കി റൗട്ട് ആണ് മരിച്ചത്. കളിക്കിടെ അമ്പയര്‍ നോ ബോള്‍ വിളിച്ചതാണ് വാക്കുതർക്കമായത്. തുടര്‍ന്ന് സ്‌മൃതി രഞ്ജൻ റൗട്ട് എന്ന യുവാവാണ് ഇയാളെ കൊലപ്പെടുത്തിയത്. ഞായറാഴ്‌ച കട്ടക്കിലെ ചൗദ്വാറിൽ നടന്ന ടൂർണമെന്‍റിനിടെ നിസാര കാര്യത്തിന്‍റെ പേരിലാണ് ക്രിക്കറ്റിൽ അമ്പയർ ആയിരുന്ന ലക്കി റൗട്ടിനെതിരെ ആക്രമണമുണ്ടായത്.

സംഭവത്തിന് ശേഷം പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

സംഭവം നടന്നത് ഇങ്ങനെ: ചൗദ്വാർ പൊലീസ് സ്റ്റേഷന്‍റെ കീഴിലുള്ള മഹിസലന്ദ ഗ്രാമത്തിൽ ഞായറാഴ്‌ച ക്രിക്കറ്റ് ടൂർണമെന്‍റ് നടക്കുകയായിരുന്നു. ഗ്രാമങ്ങളായ ബെർഹാംപൂരിലെയും ശങ്കർപൂരിലെയും ടീമുകൾ തമ്മിലായിരുന്നു മത്സരം. മത്സരത്തിനിടെ അമ്പയര്‍ ആയിരുന്ന ലക്കി റൗട്ട് തെറ്റായ തീരുമാനമെടുത്തെന്ന് ആരോപിച്ച് ബെർഹാംപൂരിൽ നിന്നുള്ള കളിക്കാരിലൊരാളായ ജഗ്ഗ ലക്കിയെ ബാറ്റുകൊണ്ട് അടിച്ചു.

ഇതിനിടെ ഗ്രൗണ്ടിലെത്തിയ സ്‌മൃതി രഞ്ജൻ റൗട്ട് എന്ന മോനു ലക്കിയെ മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലക്കി റൗട്ടിനെ ഉടൻ തന്നെ എസ്‌സിബി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

‘മത്സരത്തിനിടെ ആദ്യ പന്ത് കളിച്ച ബെര്‍ഹാംപൂരിന്‍റെ ബാറ്റ്‌സ്‌മാൻ പുറത്തായി. അമ്പയറുടെ തീരുമാനത്തെച്ചൊല്ലി ഇരു ടീമുകളും തമ്മിൽ വാക്ക് തർക്കമുണ്ടായി. വഴക്ക് മൂർച്ഛിക്കുകയും ബെർഹാംപൂരിൽ നിന്നുള്ള കളിക്കാരിലൊരാളായ ജഗ്ഗ ലക്കിയെ ബാറ്റുകൊണ്ട് അടിക്കുകയും ചെയ്‌തു. ദേഷ്യത്തിൽ, ഗാലറിയില്‍ ഉണ്ടായിരുന്ന സ്‌മൃതി രഞ്ജൻ റൗട്ട് ഗ്രൗണ്ടിൽ പ്രവേശിച്ച് ലക്കിയെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

സംഭവത്തില്‍ ലക്കിക്ക് ഗുരുതരമായി പരിക്കേറ്റു. ജഗ്ഗ പിന്നിൽ നിന്ന് വന്ന് ലക്കിയുടെ കൈകൾ പിടിച്ച് വച്ചു. പിന്നാലെ സ്‌മൃതി രഞ്ജൻ കുത്തുകയായിരുന്നു. അക്രമികളെ ഗ്രാമവാസികൾ പിടികൂടി’, സംഭവത്തിന്‍റെ ദൃക്‌സാക്ഷിയും അമ്പയർമാരില്‍ ഒരാളുമായ പൃഥിരഞ്ജൻ സമൽ പറഞ്ഞു.

Eng­lish Summary:Argument dur­ing crick­et game; The umpire was stabbed to death

You may also like this video

Exit mobile version