Site iconSite icon Janayugom Online

സമസ്ത യോഗത്തിൽ തർക്കം; പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയി

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുട മുശാവറ യോഗത്തിൽ നിന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയി. ജോയിന്റ് സെക്രട്ടറി ഉമർഫൈസി മുക്കത്തിനെതിരെയുള്ള അച്ചടക്ക നടപടി സംബന്ധിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു പ്രസിഡന്റ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. ഉമർഫൈസി മുക്കം നടത്തിയ ‘കള്ളൻമാർ’ എന്ന പ്രയോഗത്തിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. അധ്യക്ഷൻ ഇറങ്ങിപ്പോയതിന് പിന്നാലെ ഉപാധ്യക്ഷൻ മുശാവറ യോഗം പിരിച്ചുവിട്ടു. 

യോഗം തുടങ്ങിയപ്പോൾ തന്നെ ഈ വിഷയം ചർച്ച ചെയ്യുമ്പോൾ ഉമർ ഫൈസി മുക്കം യോഗത്തിൽ നിന്ന് മാറിനിൽക്കണമെന്ന് യോഗാധ്യക്ഷനായ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അജണ്ടയിലെ മറ്റ് വിഷയങ്ങൾ ചർച്ച ചെയ്ത ശേഷം ഉമർ ഫൈസി മുക്കവുമായി ബന്ധപ്പെട്ട കാര്യം ചർച്ചയ്ക്ക് വന്നപ്പോൾ അദ്ദേഹത്തോട് യോഗത്തിൽ നിന്ന് മാറിനിൽക്കാൻ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു. 

എന്നാൽ ഉമർ ഫൈസി മുക്കം ഇതിന് തയ്യാറായില്ല. ജിഫ്രി തങ്ങളുടെ ആവശ്യം നിരാകരിച്ച് യോഗത്തിൽ സംസാരിച്ച അദ്ദേഹം ‘കള്ളന്മാർ’ എന്ന പദപ്രയോഗം നടത്തിയതോടെ കുപിതനായി ജിഫ്രി തങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. അതേസമയം, സമസ്തയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ പ്രത്യേക മുശാവറ ചേരുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ടാഴ്ചക്കകം ചേരുന്ന മുശാവറയിൽ തർക്കങ്ങൾ വിശദമായി ചർച്ച ചെയ്യും. ഇസ്ലാമിക് കോളേജുകളുടെ കോർഡിനേഷൻ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മധ്യസ്ഥ തീരുമാനങ്ങൾ നടപ്പായില്ലെന്നും ഹക്കീം ആദൃശ്ശേരിയെ വീണ്ടും ജനറൽ സെക്രട്ടറിയാക്കിയതായും ജിഫ്രി തങ്ങൾ പറഞ്ഞു. 

Exit mobile version