Site iconSite icon Janayugom Online

പാർക്കിങ്ങിനെ ചൊല്ലി തർക്കം; കോടതി വളപ്പിൽ യുവാവിനെ ക്രൂരമായി തല്ലിചതച്ച് അഭിഭാഷകർ

കൊല്ലം കോടതി വളപ്പിൽ വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. അഭിഭാഷകർ കൂട്ടം ചേർന്ന് ആക്രമിച്ചതിനെ തുടർന്ന് യുവാവിന് സാരമായ പരിക്കേറ്റു. കൂടെയുണ്ടായിരുന്ന ബന്ധുവായ യുവതിക്കും പരിക്കേറ്റു. കൊല്ലം പള്ളിക്കൽ സ്വദേശി സിദ്ദീഖ്(36), കടക്കൽ സ്വദേശി ഷെമീന (33), അഭിഭാഷകൻ അഡ്വ. ഐ കെ കൃഷ്ണകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. 

ഷെമീനയും വാഹനത്തിന്‍റെ ഡ്രൈവറായ സിദ്ദീഖും കളക്ടറേറ്റ് അങ്കണത്തിലെ ആർ ടി ഓഫീസിൽ പണമടക്കാനെത്തിയതായിരുന്നു. ഓഫീസിലെ ആവശ്യം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ തങ്ങളുടെ വാഹനം പുറത്തിറക്കാൻ കഴിയാത്ത നിലയിൽ ഒരു അഭിഭാഷകൻ വാഹനം പാർക്ക് ചെയ്തിരുന്നുവെന്ന് സിദ്ദീഖ് പറയുന്നു. വാഹനം മാറ്റിത്തരാൻ ആവശ്യപ്പെട്ടിട്ടും അദ്ദേഹം കൂട്ടാക്കാതെ കോടതിയിലേക്ക് കയറിപ്പോയെന്നും, ആശുപത്രിയിൽ പോകേണ്ട ആവശ്യമാണെന്ന് പറഞ്ഞ് കോടതിമുറിക്കുമുന്നിൽ വരെ ചെന്ന് കെഞ്ചിയിട്ടും അഭിഭാഷകൻ ഗൗനിച്ചില്ലെന്നും സിദ്ദീഖ് പരാതിപ്പെടുന്നു. ഏകദേശം അരമണിക്കൂറിന് ശേഷമാണ് അഭിഭാഷകൻ തിരിച്ചെത്തിയത്. തുടർന്ന് പാർക്കിങ്ങിനെ ചൊല്ലിയും വാഹനം നീക്കാൻ തയ്യാറാകാത്തതിനെ ചൊല്ലിയും തർക്കമായി. ഇത് കൈയാങ്കളിയിലെത്തിയപ്പോൾ കൂട്ടമായി എത്തിയ അഭിഭാഷകർ സിദ്ദീഖിനെ മർദിക്കുകയായിരുന്നു. പിടിച്ചുമാറ്റാൻ ശ്രമിച്ച ത​ന്നെയും ചില അഭിഭാഷകർ മർദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്​തെന്നാണ് ഷെമീനയുടെ മൊഴി. തനിക്ക് സുഖമില്ലാത്തതിനാൽ ആശുപത്രിയിൽ പോകാൻ വന്നതാണെന്ന് പറഞ്ഞിട്ടും സ്ത്രീകളടക്കമുള്ള അഭിഭാഷകർ ഉപദ്രവിച്ചതായും അവർ ആരോപിച്ചു. സംഭവത്തിന്‍റെ വീഡിയോ പകർത്താൻ ശ്രമിച്ച തന്‍റെ മൊബൈൽ പിടിച്ചുവാങ്ങി നശിപ്പിച്ചതായും ഷെമീന വെളിപ്പെടുത്തി. ഇവർ വന്ന വാഹനത്തിനും കേടുപാടുണ്ടായിട്ടുണ്ട്. ഇതിനിടെ, സംഭവത്തിന്‍റെ വീഡിയോ പകർത്തിയ നാട്ടുകാരെ അഭിഭാഷകർ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. അതേസമയം, അഭിഭാഷകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലത്ത് വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്ത കൃഷ്ണകുമാറിനെ സിദ്ദീഖും ഷെമീനയും കൈയേറ്റം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

Exit mobile version