മഹാരാഷ്ട്രയിലെ വസായ്‌യിൽ ടിവി കാണുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 15കാരൻ അമ്മായിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ടിവി ഓണാകാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 60 വയസ്സുകാരിയായ ദുർഗ ബൻസോദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൗമാരക്കാരനെയും മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്മാർട്ട് ടിവിയിലെ ബഫറിംഗ് കാരണം ടിവി ഓണാകാൻ വൈകിയതിനെച്ചൊല്ലിയാണ് തർക്കം തുടങ്ങിയത്. ടിവി കൃത്യമായി കൈകാര്യം ചെയ്യുന്നില്ലെന്നും പഠനത്തിൽ ശ്രദ്ധിക്കുന്നില്ലെന്നും പറഞ്ഞ് ദുർഗ അനന്തരവനെ ശകാരിച്ചു. ഇതിൽ പ്രകോപിതനായ കുട്ടി മുളവടി കൊണ്ട് അമ്മായിയുടെ തലയ്ക്ക് മൂന്ന് തവണ അടിക്കുകയായിരുന്നു. തലയോട്ടി തകർന്ന് രക്തം വാർന്നാണ് ഇവർ മരിച്ചത്. കൊലപാതകത്തിന് ശേഷം പ്രതി, തന്റെ സുഹൃത്തിനെ വിളിച്ചുവരുത്തി മൃതദേഹം സോഫയ്ക്കടിയിൽ ഒളിപ്പിക്കുകയും മൊബൈൽ ഫോണുകൾ നശിപ്പിക്കുകയും ചെയ്തു.
ദുർഗയുടെ ഫോണിലേക്ക് മകൾ വിളിച്ചിട്ട് കിട്ടാതായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്ന വീടിന്റെ ജനാലയിലൂടെ നോക്കിയ മകൻ അമ്മ രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടു. പൊലീസ് എത്തി ഏകദേശം മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ബാത്ത്റൂം ജനാല വഴി അകത്തുകയറിയാണ് പരിശോധന നടത്തിയത്. അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു വാതിലുകൾ. സംഭവസ്ഥലത്തുണ്ടായിരുന്ന അനന്തരവന്റെ പരിഭ്രമമാണ് പൊലീസിന് സംശയമുണ്ടാക്കിയത്. ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചു. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

