Site iconSite icon Janayugom Online

ഗെയിം കളിക്കുന്നതിനിടെ തർക്കം; ഏഴാം ക്ലാസുകാരൻ കൂട്ടുകാരനെ കുത്തി കൊലപ്പെടുത്തി

ബംഗളൂരു ഹുബ്ബള്ളി നഗരത്തിലെ ഗുരുസിദ്ധേശ്വര നഗറിൽ ഗെയിം കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിൻറെ പേരിൽ ഏഴാം ക്ലാസുകാരൻ അയൽവാസിയായ സുഹൃത്തിനെ കുത്തിക്കൊന്നു.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ചേതൻ രക്കസാഗിയാണ്(15) മരിച്ചത്. കുറ്റാരോപിതനായ കുട്ടിയെ കസ്റ്റഡിയിലെടുത്ത് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ‘ഗെയിം കളിക്കുന്നതിനിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവമാണിത്. എന്റെ ഇതുവരെയുള്ള സർവിസിൽ നിസാര കാര്യത്തിന്റെ പേരിൽ ഇത്രയും ചെറിയ കുട്ടികൾ കൊലപാതകം ചെയ്യുന്നത് ഇതാദ്യമാണെന്നും’ പൊലീസ് കമീഷണർ എൻ ശശികുമാർ പറഞ്ഞു. രക്ഷിതാക്കൾ കുട്ടികളുടെ പെരുമാറ്റത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച രാത്രി കളിക്കിടെയുണ്ടായ നിസ്സാര തർക്കത്തെ തുടർന്ന് ഏഴാം ക്ലാസുകാരൻ വീട്ടിൽനിന്ന് കത്തി കൊണ്ടുവന്ന് ചേതന്റെ വയറ്റിൽ കുത്തുകയായിരുന്നു. ചേതൻ നിലത്തുവീണതോടെ മറ്റ് കുട്ടികൾ ഓടി രക്ഷപ്പെട്ടു. ഉടൻ തന്നെ ചേതനെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും വേനൽക്കാല അവധിക്കാലത്ത് മറ്റ് കുട്ടികളോടൊപ്പം പതിവായി കളിക്കുന്നതാണെന്നും രക്ഷിതാക്കൾ പൊലീസിനോട് പറഞ്ഞു.

Exit mobile version