കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക രംഗത്ത് സ്വീകരിച്ച പുതിയ സമീപനങ്ങളും കേരളം പോലുള്ള സംസ്ഥാനങ്ങളോട് കാട്ടുന്ന കടുത്ത അവഗണനയും എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. എങ്കിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും വികസന രംഗത്തും ഒരു തടസവും വരാതെ മുന്നോട്ടുകൊണ്ടുപോകുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ കഠിന പ്രയത്നം നടത്തുന്നുണ്ട്. അവ നമ്മുടെ അനുഭവം കൂടിയാണ്. ഓണക്കാലത്ത് 18,000 കോടിയാണ് വിവിധ ആനുകൂല്യങ്ങള്‍ക്കായി ചെലവഴിച്ചത്. അവശ്യ ചെലവുകള്‍ക്ക് തടസം വരാതിരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ആകാവുന്നതെല്ലാം ഇപ്പോഴും ചെയ്യുന്നു. റബ്ബർ കർഷക സബ്സിഡി, നാളികേര സംഭരണം ഉൾപ്പെടെ എല്ലാ കാര്യങ്ങൾക്കും സഹായം നല്‍കിവരുന്നു. നെല്ല് സംഭരണത്തിന് 700 കോടി, ദേശീയ ആരോഗ്യ മിഷന് 50 കോടി, കാരുണ്യ ബെനവലന്റ് സ്കീമിന് 60 കോടി രൂപ വീതവും അനുവദിച്ചു. കെഎസ്ആർടിസിക്ക് കഴിഞ്ഞയാഴ്ചയാണ് 100 കോടി നല്‍കിയത്. രണ്ടരവർഷത്തിനിടെ ആകെ സഹായം 4,833 കോടിയായി. കുടിശിക നില്‍ക്കുകയാണെങ്കിലും അവശ്യസഹായമെന്ന നിലയില്‍ ഒരു മാസത്തെ ക്ഷേമ പെൻഷനായി 900 കോടിയും ഈ മാസം നീക്കിവച്ചു. റവന്യു ചെലവുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് വരുമാന വര്‍ധനയുണ്ടാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്ര വിഹിതത്തിലും മറ്റുമുണ്ടാകുന്ന വലിയ കുറവാണ് സാമ്പത്തിക പ്രതിസന്ധിക്ക് മൂലകാരണമെന്ന് കണക്കുകളും കേന്ദ്ര നിലപാടുകളും പരിശോധിച്ചാല്‍ വ്യക്തമാണ്. 2020–21ൽ സംസ്ഥാനത്തിന്റെ റവന്യുചെലവ് 1,19,930 കോടി രൂപയായിരുന്നത് 2021–22ൽ 1,41,950 കോടിയായി. ധൃതി പിടിച്ച് ചരക്കുസേവന നികുതി ഏര്‍പ്പെടുത്തിയതുമുതല്‍ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായി.
വിവിധരീതിയിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതുകാരണം കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന തുകകളിലും വായ്പാനുപാതത്തിലും 57,400 കോടി രൂപയുടെ ഇടിവാണ് ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകുന്നത്. എല്ലാവിധത്തിലും ഞെരുക്കുന്ന സമീപനം സംസ്ഥാനത്തോട് കേന്ദ്രം സ്വീകരിക്കുമ്പോഴും സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷവും ബിജെപിയും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്. ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ പോലും സര്‍ക്കാരിന്റെ മേല്‍ പഴിചാരി കുറ്റപ്പെടുത്തുകയാണ്. കേന്ദ്ര വിഹിതം യഥാസമയം ലഭിക്കാത്തതാണ് നെല്ല് സംഭരണ വില നല്‍കാന്‍ പ്രയാസം സൃഷ്ടിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കേ പകരം ആവിഷ്കരിച്ച സംവിധാനമാണ് (പിആര്‍എസ്). സംഭരിച്ച നെല്ലിന്റെ രശീതി പാഡി റസീറ്റ് ഷീറ്റ് (പിആര്‍എസ്) ബാങ്കുകൾക്ക് നല്‍കി, മറ്റ് ഈടൊന്നും കൂടാതെ വായ്പ അനുവദിക്കുകയാണ് രീതി. ഈ വായ്പയ്ക്ക് നോഡൽ ഏജൻസിയായ സപ്ലൈകോ ഈട് നിൽക്കുകയും തുകയും പലിശയും അടച്ചുതീർക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ വായ്പയുടെ ഉത്തരവാദിത്തവും ബാധ്യതയും കര്‍ഷകന്‍ വഹിക്കേണ്ടിവരാറില്ല. മുന്‍ വര്‍ഷങ്ങളിലും അതാണ് ചെയ്തുവന്നിരുന്നത്. ഇപ്പോള്‍ ആലപ്പുഴയില്‍ നടന്ന ഒരു ആത്മഹത്യയെ പിആര്‍എസിന്റെ പേരിലുള്ള വായ്പാ ബാധ്യതയെന്ന് തെറ്റായ പ്രചരണം നടത്തുന്നതിന് ശ്രമിക്കുകയാണ് അവര്‍. പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും മറ്റും ഉദ്ദേശ്യം വ്യക്തമാണ്.
ഇതുകൂടി വായിക്കൂ: ഇല്ലാത്ത അധികാരം കൈയാളുന്നവര്‍
എന്നാല്‍ ഇത്തരം പ്രചരണത്തില്‍ തീ കോരിയിടുന്ന സമീപനം സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ ഭാഗത്തുനിന്നുമുണ്ടായി. സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്നും അപ്പോഴും ധൂര്‍ത്താണ് സര്‍ക്കാര്‍ നടത്തുന്നത് എന്നുമാണ് അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തല്‍. എന്താണ് ധൂര്‍ത്ത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹമാണ് വിശദീകരിക്കേണ്ടത്. അത്തരമൊരു ആരോപണം ഉന്നയിച്ച് പ്രതിപക്ഷത്തിന്റെ റോള്‍ വഹിക്കുന്ന ഗവര്‍ണര്‍, സംസ്ഥാന സര്‍ക്കാരിനോട് തന്റെ ചെലവിനായി കൂടുതല്‍ പണം വേണമെന്ന് ആവശ്യപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്. അതിഥി, സൽക്കാര ചെലവുകള്‍ ഉള്‍പ്പെടെ വിവിധ ഇനങ്ങളിലായി ഇപ്പോള്‍ അനുവദിക്കുന്നതിന്റെ 36 ഇരട്ടി വരെ വർധനയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. അതിഥി സല്‍ക്കാരം, വിനോദം, യാത്ര, കരാര്‍ ജീവനക്കാര്‍ക്കുള്ള വേതനം, ഓഫിസ് ചെലവുകള്‍, ഫർണിച്ചറുകളുടെ നവീകരണ ചെലവുകള്‍ എന്നിവയുള്‍പ്പെടെ വന്‍തോതില്‍ ഉയര്‍ത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആറിനങ്ങളിൽ നൽകേണ്ട തുകയുടെ പരിധി 32 ലക്ഷത്തില്‍ നിന്ന് 2.60 കോടി രൂപയാക്കണമെന്നാണ് ആവശ്യം. നേരത്തെയും തന്റെ ഓഫിസ് ചെലവിന് അധിക തുക ആവശ്യപ്പെടുകയും അത് സര്‍ക്കാര്‍ ഒരു തടസവുമില്ലാതെ അനുവദിക്കുകയും ചെയ്തിരുന്നതാണ്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നുവെന്നുമുള്ള കുറ്റപ്പെടുത്തല്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗവര്‍ണറാണ് വീണ്ടും അധിക തുകയെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത് എന്നത് വിചിത്രമാണ്. ഇത്തരം ഒരു ആവശ്യമുന്നയിക്കുന്നയാള്‍, സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയല്ല കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായ വിഹിതം നേടിയെടുക്കുന്നതിന് സഹായിക്കുകയാണ് വേണ്ടത്. ഇവിടെയാണ് അദ്ദേഹത്തിന്റെ നിലപാടിലെ കാപട്യം തുറന്നുകാട്ടപ്പെടുന്നത്.