Site icon Janayugom Online

ആരിഫ് മുഹമ്മദ്ഖാന്റെ രാജ്ഭവന്‍: ധൂര്‍ത്തിന്റെ രാജധാനി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നാടുനീളെ ആദര്‍ശം വിളമ്പി സംഘ്പരിവാര്‍ രാഷ്ട്രീയം കളിക്കുന്നതിനിടെ രാജ്ഭവന്‍ നാഥനില്ലാക്കളരിയാവുന്നു. പിന്‍വാതില്‍ നിയമനത്തിന്റെയും അഴിമതിയുടെയും ധൂര്‍ത്തിന്റെയും കളിയരങ്ങായും രാജ്ഭവന്‍ മാറി. രാജു വാഴക്കാല എന്ന പൊതുപ്രവര്‍ത്തകന്‍ നല്‍കിയ വിവരാവകാശ അപേക്ഷയുടെ മറുപടി കേരളത്തെ നാണം കെടുത്തുന്നതാണ്.

165 ജീവനക്കാരാണ് രാജ്ഭവനിലുള്ളത്. അതിഥി സല്‍ക്കാരത്തിനുമാത്രം 24 ലക്ഷം രൂപ ചെലവിടുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഒരു വര്‍ഷം നൂറില്‍ താഴെ ഫയലുകള്‍ മാത്രമാണിവിടെ പരിശോധനകള്‍ക്കായി എത്തുന്നത്. ഇവിടെയുള്ള ജീവനക്കാരില്‍ പലരെയും രാജ്ഭവന്‍ സെക്രട്ടറി പിന്‍വാതില്‍ വഴി നിയമിച്ചതാണെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു. എന്നാല്‍ ഇവരുടെ ശമ്പളം ഖജനാവില്‍ നിന്ന് കൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയാണ്. 165 ജീവനക്കാരില്‍ 675 രൂപ ദിവസവേതനം വാങ്ങുന്നവര്‍ മുതല്‍ 2,24,100 രൂപ പ്രതിമാസ ശമ്പളം വാങ്ങുന്നവര്‍ വരെയുണ്ട്. ഇവരില്‍ കുറച്ചുപേര്‍ മാത്രമാണ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വഴി എത്തിയിട്ടുള്ളത്. 

സുധീര്‍ ഇബ്രാഹിം എന്ന സാമൂഹിക പ്രവര്‍ത്തകനാണ് രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ രേഖയുടെ പകര്‍പ്പ് സഹിതം ഈ വസ്തുതകള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. നിയമനാധികാരി ആരെന്ന ചോദ്യത്തിന് രാജ്ഭവന്‍ സെക്രട്ടറി എന്നാണ് ഉത്തരം നല്‍കിയിട്ടുള്ളത്. ഗവര്‍ണര്‍ അറിയാതെ സെക്രട്ടറിക്ക് ഇതിന് അധികാരമില്ലെന്ന് ചട്ടത്തില്‍ പറയുന്നുണ്ട്. ആരിഫ് മുഹമ്മദ്ഖാന്‍ ചുമതലയേറ്റ 2019 സെപ്റ്റംബര്‍ ആറ് മുതല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 21വരെ നിയമിച്ചവരുടെ പട്ടികയും മറുപടിയിലുണ്ട്. ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫായി കോ ടെര്‍മിനസ് വ്യവസ്ഥയില്‍ ആര്‍എസ്എസ് നേതാവ് ഹരി എസ് കര്‍ത്തയടക്കം ആറ് പേരെ നിയമിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഒരു ഫോട്ടോഗ്രാഫറുടെ തസ്തിക സൂപ്പര്‍ ന്യൂമറി ആയി സൃഷ്ടിച്ചതായും പറയുന്നു.

പേഴ്സണല്‍ സ്റ്റാഫ് ആയിരുന്നവരുടെ അടക്കം പെന്‍ഷനും അതിന്റെ പ്രായവും സര്‍ക്കാര്‍ സര്‍വീസ് റൂള്‍ പ്രകാരം തന്നെ നല്‍കുന്നുണ്ട്. ഗവർണറുടെ ‘ദാനം’ പദ്ധതി പ്രകാരം 2020–21ൽ 13,50,000 രൂപ സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. 2021–22ൽ രാജ്ഭവനിലെ അതിഥി സല്‍ക്കാരത്തിന് മാത്രമായി 4,38,788 രൂപ ചെലവഴിച്ചു. വിമാനയാത്രാക്കൂലി ഇനത്തിൽ 2020–21ൽ ചെലവഴിച്ചത് 53,4821 രൂപയാണ്. 2021–22ൽ 12,90309 രൂപയും. മൂന്നര ലക്ഷം രൂപയാണ് ഗവർണറുടെ പ്രതിമാസ ശമ്പളം.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ പെന്‍ഷനും നിയമനവുമടക്കം അടുത്ത കോലാഹലത്തിന് ആയുധമാക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ആരിഫ് മുഹമ്മദ്ഖാന്റെ ആസ്ഥാനത്തെ ധൂര്‍ത്താണ് ഇപ്പോള്‍ പുറത്തുവന്നത്. 

You may also like this video

Exit mobile version