Site iconSite icon Janayugom Online

‘അരിസിക്കൊമ്പന്‍’ അതിര്‍ത്തിയില്‍; ജാഗ്രതാ സന്ദേശം നല്‍കി തമിഴ്‌നാട്

സംസ്ഥാന അതിര്‍ത്തിയിലെ ജനവാസ മേഖലയില്‍ ഒറ്റക്കൊമ്പന്റെ ആക്രമണം. മേഘമല തോട്ടം മേഖലയില്‍ വീട് തകര്‍ത്ത ആന പെരിയാര്‍ വനത്തിലേക്കുള്ള വഴിത്താരയിലേക്ക് മറയുന്നതിന്റെ ദൃശ്യങ്ങള്‍ തമിഴ്‌നാട് പത്രങ്ങള്‍ വാര്‍ത്ത സഹിതം പ്രസിദ്ധീകരിച്ചു. ആന അതിവേഗം നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച കേരള വനംവകുപ്പ് അധികൃതര്‍, അത് അരിക്കൊമ്പനാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട് വനംവകുപ്പ് ജനസംരക്ഷണ നടപടികളിലേക്ക് കടന്നു.

‘കേരള വനംവകുപ്പ് പെരിയാര്‍ കടവാ സങ്കേതത്തില്‍ തുറന്നുവിട്ട ‘അരിസി കൊമ്പൻ’ സംസ്ഥാന അതിര്‍ത്തിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. അതിനാല്‍ മേഘമല വനമേഖലയിലെ ഇരവങ്കലാരു, മണലാരു പ്രദേശങ്ങൾക്കിടയിൽ രാത്രികാല യാത്ര ഒഴിവാക്കണം. ജനങ്ങൾ ഭയപ്പെടേണ്ടതില്ല’ — തേനി ജില്ലാ വനംവകുപ്പ് അധികൃതര്‍ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

ബുധനാഴ്ചയാണ് അരിക്കൊമ്പനെ മേഘമല പ്രദേശത്ത് കണ്ടെത്തിയത്. പ്രദേശവാസികള്‍ പറയുന്നത് ഇങ്ങനെയാണ്: മറ്റ് കാട്ടാനകളോടൊപ്പം ചേരാതെ ഒറ്റയ്ക്ക് നടന്ന ആന തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ വാസസ്ഥലത്തേക്ക് കയറി. കറുപ്പസാമി എന്ന കൂലിത്തൊഴിലാളിയുടെ വീട്ടിൽ കയറി വീട്ടിലുണ്ടായിരുന്ന ഭക്ഷണവും അരിയും കേടുവരുത്തി പിൻവാതിലിലൂടെ പുറത്തേക്കിറങ്ങി. വൻശബ്ദങ്ങളോടെ വേഗത്തിലായിരുന്നു ആനയുടെ നടത്തം. ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചു. ഇവർ സ്ഥലത്തെത്തി ആന സഞ്ചരിക്കുന്ന പ്രദേശം പരിശോധിച്ചു. രാത്രിയിൽ ആരും പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചു. അരിക്കൊമ്പൻ രാത്രിയിലടക്കം ചുറ്റിക്കറങ്ങുന്നതിനാല്‍ തങ്ങള്‍ പരിഭ്രാന്തരാണ്. നാട്ടുകാര്‍ പറഞ്ഞു.

ആനയെ പെരിയാര്‍ കടുവാസങ്കേതത്തില്‍ കൊണ്ടുവിട്ടത് മാധ്യമങ്ങള്‍ വന്‍തോതില്‍ പ്രചരിപ്പിച്ചതോടെ തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തെ ജനങ്ങള്‍ അതിനെതിരെ പ്രതികരിച്ചിരുന്നു. തമിഴ് മാധ്യമങ്ങളും ജനങ്ങളും ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും തുടങ്ങിയിരുന്നു. അതിനിടെയാണ് റേഡിയോ കോളര്‍ തകരാറിലായ വിവരം കേരള വനംവകുപ്പ് പുറത്തുവിട്ടത്. ഇക്കാര്യം തമിഴ്‌നാട്ടിലെ മാധ്യമങ്ങളും വലിയ വാര്‍ത്തയാക്കി. ‘ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 10 പേരുടെ ജീവനെടുത്ത ‘അരിസി കൊമ്പൻ’ എന്ന ആനയെ മയക്കുവെടിവച്ച് പിടികൂടി, കഴുത്തിൽ സാറ്റലൈറ്റ് റേഡിയോ കോളർ ഘടിപ്പിച്ച് തമിഴ്‌നാട്-കേരള അതിർത്തിയിലെ തേക്കടി പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ടിരുന്നു. ഇപ്പോള്‍ റേഡിയോ കോളർ പ്രവര്‍ത്തന രഹിതമായിരിക്കുന്നതായാണ് കേരളം പറയുന്നത്. വീടിനുള്ളിൽ കയറി അരിയും ചോറും കഴിക്കുന്ന ശീലമുള്ളതാണ് ആന. മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണം- ഇങ്ങനെയായിരുന്നു, കഴിഞ്ഞ ദിവസം തമിഴ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍.

അതേസമയം, ഇപ്പോഴും സാറ്റലൈറ്റ് റേഡിയോ കോളർ സിഗ്നല്‍ ലഭ്യമായി തുടങ്ങിയിട്ടില്ല. വീഡിയോയില്‍ കാണുന്നതനുസരിച്ച് അരിക്കൊമ്പന്റെ നീക്കം വീണ്ടും പെരിയാര്‍ വനമേഖല ലക്ഷ്യമാക്കിയെന്നാണ് അധികൃതര്‍ പറയുന്നത്.

Eng­lish Sam­mury: Chin­nakkanal Arikkom­ban in tamil­nad Bor­der Mekhamalai

Exit mobile version