അരിക്കൊമ്പന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം സര്‍ക്കാര്‍ സംവിധാനത്തിന്റെ പിഴവോ സൂഷ്മതക്കുറവോ അല്ലെന്ന് വനംമന്ത്രി എ കെ ശീശന്ദ്രന്‍. ചിലരുടെ തീവ്രനിലപാടാണ് മുഖ്യകാരണം. വനം വന്യജീവിയോട് സ്നേഹവും വാത്സല്യവും സ്വാഭാവികമാണ്. എന്നാല്‍ അത് അവയ്ക്കുകൂടി ഗുണമുണ്ടാകുന്നതാകണം. സര്‍ക്കാര്‍ തീരുമാനിച്ച പ്രകാരം അരിക്കൊമ്പന്‍ അവന്റെ ഇഷ്ടപ്പെട്ട ഭക്ഷണവും ആരോഗ്യപരിപാലനവുമെല്ലാമായി ജീവിക്കേണ്ടതായിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരമാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് പെരിയാറിലേക്ക് മാറ്റേണ്ടിവന്നതെന്ന് മന്ത്രി വിശദീകരിച്ചു.
പരിയാറില്‍ കൊണ്ടുവിട്ട സര്‍ക്കാര്‍ നടപടി തെറ്റായിരുന്നില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, കോടതി നിര്‍ദ്ദേശമാണ് അത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സ്ഥലം പെരിയാര്‍ ആയിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇനിയെങ്കിലും ഇത്തരം കാര്യങ്ങളില്‍ തീവ്രമായ നിലപാടുകളുമായി ആരും മുന്നോട്ട് പോകരുതെന്നും മന്ത്രി പറഞ്ഞു.
അരിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി മെരുക്കി സംരക്ഷിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനം. ഇതിനെതിരെ അരിക്കൊമ്പന്‍ ഫാന്‍സ് എന്ന പേരില്‍ ചിലര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുകയും വനംവകുപ്പിനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിക്കുകയും മറ്റ് പോംവഴി ആരായുകയുമായിരുന്നു. കുങ്കിയാനയാക്കേണ്ടെന്ന പറഞ്ഞ കോടതി, പറമ്പിക്കുളം വനവാസ മേഖലയിലേക്ക് വിടുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തെയും മറ്റൊരു ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ എതിര്‍ത്തു. ഇതേ തുടര്‍ന്നാണ് പെരിയാര്‍ കടുവാസങ്കേതത്തിലേക്ക് കൊണ്ടുവിട്ടത്.
തമിഴ്‌നാട് സര്‍ക്കാര്‍ മയക്കുവെടിവച്ച് കീഴടക്കിയ അരിക്കൊമ്പനെ വെള്ളിമല വനമേഖലയില്‍ തുറന്നുവിടാനാണ് കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്.
English Sammury: Arikomban’s condition is due to some extreme attitudes: Minister Saseendran