Site iconSite icon Janayugom Online

അർജുന്‍ രക്ഷാ ദൗത്യം ഒൻപതാം ദിവസത്തിലേക്ക്; സോണാർ സി​ഗ്നൽ ലഭിച്ച സ്ഥലത്ത് ഇന്ന് പരിശോധന

ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക് കടന്നു. ഗംഗവല്ലി പുഴയുടെ അടിത്തട്ടിലെ ലോഹ വസ്തുവിന്റെ സി​ഗ്നൽ കേന്ദ്രീകരിച്ചാകും തിരച്ചിൽ. 60 അടി താഴ്ചയിൽ നിന്ന് മണ്ണ് നീക്കാനുള്ള യന്ത്രം ഷിരൂരിലെത്തിച്ചു. ​സോണാർ സി​ഗ്നൽ ലഭിച്ച പ്രദേശം ബൂം മണ്ണുമാന്തി യന്ത്രം ഉപയോ​ഗിച്ച് പരിശോധിക്കുക. മുൻ സൈനിക ഉദ്യോ​ഗസ്ഥൻ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാ​ഗമാകും. ഇന്ന് വൈകിട്ടോടെ വ്യക്തത വരുമെന്ന് ഉന്നത സർക്കാർ ഉദ്യോ​ഗസ്ഥർ പറയുന്നു.

ഇന്നലെ ഗംഗവല്ലി പുഴയില്‍ സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് മുങ്ങല്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെങ്കിലും കനത്ത മഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ പുഴയിലെ തിരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നത്. തീരത്തോട് ചേര്‍ന്ന് മണ്ണിടിഞ്ഞ് കൂടിക്കിടക്കുന്ന മണ്‍കൂനകള്‍ ഒഴുക്കി കളയാനുള്ള ശ്രമങ്ങളായിരുന്നു നടത്തിവന്നിരുന്നത്.

അതേസമയം ഇപ്പോള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ തൃപ്തരാണെന്ന് അര്‍ജുന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ജൂലായ് 16‑ന് രാവിലെ കര്‍ണാടക‑ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഗൗരവമുള്ള വിഷയമെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. സംഭവത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. അര്‍ജുനു വേണ്ടി ഇതുവരെ നടത്തിയ രക്ഷാ ദൗത്യത്തിന്റെ വിവരങ്ങള്‍ കര്‍ണാടക ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചു. കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Eng­lish Sum­ma­ry: Arjun res­cue mis­sion into ninth day; Inspec­tion today at the place where the sonar sig­nal was received

You may also like this video

Exit mobile version