Site iconSite icon Janayugom Online

അതിര്‍ത്തികളില്‍ അത്യാധുനിക റഡാര്‍ സംവിധാനം സജ്ജമാക്കി കരസേന

ഡ്രോണ്‍ ഭീഷണി ഉള്‍പ്പെടെയുള്ളവ നേരിടാന്‍ രാജ്യത്ത അതിര്‍ത്തികളില്‍ അത്യാധുനിക റഡാര്‍ സംവിധാനം സജ്ജമാക്കി കരസേന. ശത്രു സൈന്യത്തിന്റെ നീക്കം തിരിച്ചറിഞ്ഞ് പ്രതിരോധിക്കകുയാണ് ലക്ഷ്യം. കരസേനയുടെ ആകാശ്തീര്‍ വ്യോമപ്രതിരോധ ശൃംഖലയുമായി ഇതിനെ സംയോജിപ്പിക്കും. ഇതിലൂടെ യുദ്ധമുഖത്തുള്ള കമാന്‍ഡര്‍മാര്‍ക്ക് ശത്രുവിന്റെ വ്യോമഭീഷണികള്‍ക്ക് ഉടന്‍ മറുപടി നല്‍കാനാകും. 45 ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് വികസിത റഡാറുകള്‍ (എല്‍എല്‍എല്‍ആര്‍-ഇ), 48 വ്യോമപ്രതിരോധ അഗ്‌നിശമന റഡാര്‍ ഡ്രോണ്‍ ഡിറ്റക്ടേഴ്സ് (എഡിഎഫ്സിആര്‍-ഡിഡി) എന്നിവയാണ് സജ്ജീകരിക്കുക. സമ്പൂര്‍ണ വ്യോമനിരീക്ഷണം ഉറപ്പാക്കുന്നതും ലക്ഷ്യസ്ഥാനം പിന്തുടരാനിടയാക്കുന്നതുമായ പത്ത് പരിഷ്‌കരിച്ച ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് റഡാറുകളും (എല്‍എല്‍എല്‍ ആര്‍-1) ആര്‍മി ലക്ഷ്യമിടുന്നുണ്ട്. 

ത്രിമാനസ്വഭാവമുള്ള ആക്ടീവ് ഇലക്ട്രോണിക്കലി സ്‌കാന്‍ഡ് അറേ റഡാറുകളാണ് എല്‍എല്‍എല്‍ആര്‍-1. ആകാശത്ത് 50 കിലോമീറ്റര്‍വരെ ദൂരപരിധിയിലുള്ള ഏത് ശത്രുവിമാനങ്ങളെയും കണ്ടെത്തി തടയിടാന്‍ ഇവയ്ക്കാകും. ഒരേസമയം 100 ശത്രുവിമാനങ്ങളെവരെ പിന്തുടരാന്‍ ശേഷിയുണ്ട്. എല്‍എല്‍എല്‍ആര്‍-ഇയ്ക്ക് ഇലക്ട്രോ ഓപ്റ്റിക്കല്‍ ട്രാക്കിങ് സിസ്റ്റം അധികനേട്ടമാണ്. കുറഞ്ഞ ദൂരപരിധിയിലുള്ള ശത്രുഭീഷണികളെ കണ്ടെത്തി തടയിടാനുതകുന്ന വിധത്തില്‍ രൂപകല്പനചെയ്ത വ്യോമപ്രതിരോധസംവിധാനങ്ങള്‍ അടങ്ങിയതാണ് എഡിഎഫ്സിആര്‍-ഡിഡി.

ഓപ്പറേഷന്‍ സിന്ദൂര്‍ വേളയില്‍ വ്യോമനിരീക്ഷണത്തിനും പ്രത്യാക്രമണത്തിനുമായി പാകിസ്ഥാന്‍ വ്യാപകമായി ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. ഭാവിയില്‍ ഇത്തരം നീക്കങ്ങളെ കൂടുതല്‍ ഫലപ്രദമായി നിര്‍വീര്യമാക്കാനുതകുന്ന അത്യന്താധുനിക സാങ്കേതികവിദ്യകളോടെയുള്ള റഡാര്‍സംവിധാനങ്ങളാണ് സേന ലക്ഷ്യമിടുന്നത്.

Exit mobile version