Site iconSite icon Janayugom Online

കരസേന നിയമ വിഭാഗം; വനിതാ പ്രാതിനിധ്യം കുറയുന്നതില്‍ വിമര്‍ശനം

ഇന്ത്യൻ ആർമിയുടെ നിയമ വിഭാഗത്തില്‍ വനിതാ പ്രാതിനിധ്യം കുറയുന്നതില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. ഇന്ത്യൻ വ്യോമസേനയിൽ വനിതകള്‍ റഫാല്‍ പറത്തുമ്പോള്‍ ആർമിയുടെ ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ചില്‍ എന്തുകൊണ്ട് വനിതാ ഓഫിസർമാർ ഇല്ലെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ആരാഞ്ഞു. ലിംഗഭേദമില്ലാതെ എല്ലാ മേഖലയിലും പുരുഷ‑വനിതാ പ്രാതിനിധ്യം 50:50 എന്ന കേന്ദ്രത്തിന്റെ അവകാശവാദത്തെയും കോടതി വിമര്‍ശിച്ചു. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നൽകുന്നുണ്ടെന്ന് പറയുമ്പോഴും തസ്തികകളുടെ എണ്ണം കുറയ്ക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. 

പുരുഷന്മാരെക്കാള്‍ റാങ്ക് നേടിയിട്ടും ജെഎജി വകുപ്പിലേക്ക് നിയമനം നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി വനിതാ ഓഫിസർമാരായ അർഷ്നൂർ കൗര്‍, അസ്ത ത്യാഗി എന്നിവര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നിയമനം വൈകിയതോടെ ഹര്‍ജിക്കാരില്‍ ഒരാളായ ത്യാഗി ഇന്ത്യൻ നാവികസേനയിൽ ചേർന്നതായും കോടതിയെ അറിയിച്ചു. ഇന്ത്യൻ വ്യോമസേനയിൽ ഒരു സ്ത്രീക്ക് റാഫേൽ യുദ്ധവിമാനം പറത്താൻ അനുവാദമുണ്ടെങ്കിൽ, ജെഎജിയിൽ കൂടുതൽ സ്ത്രീകളെ നിയമിക്കുന്നതില്‍ എന്താണ് ബുദ്ധിമുട്ടെന്ന് കേന്ദ്രത്തെയും സൈന്യത്തെയും പ്രതിനിധീകരിച്ച് ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോട് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ചോദിച്ചു.

Exit mobile version