പാകിസ്ഥാന്‍ സായുധ ഡ്രോണുകള്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചു വീഴ്ത്തിയതായി റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ സൈന്യം എക്സില്‍ കുറിച്ചു. പഞ്ചാബിലെ അമൃത്സറിലാണ് പാകിസ്ഥാന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടത്. ആയുധം വഹിക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ബുനിയന്‍ മര്‍സൂസ് എന്ന രഹസ്യനാമത്തില്‍ ഇസ്ലാമാബാദ് ഇന്ത്യക്കെതിരെ ആക്രമണം പ്രഖ്യാപിച്ചെന്ന വിവരങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഡ്രോണുകള്‍ തകര്‍ത്തതായി അറിയിച്ചത്.
പുലർച്ചെ 5 മണിയോടെ അമൃത്സറിലെ ഖാസ കാന്റിന് മുകളിലൂടെ പറക്കുന്ന ഒന്നിലധികം സായുധ ഡ്രോണുകൾ കണ്ടു. വ്യോമ പ്രതിരോധ യൂണിറ്റുകൾ തൽക്ഷണം ഡ്രോണുകൾ നശിപ്പിച്ചു — ഇന്ത്യൻ ആർമി എക്‌സ് പോസ്റ്റിൽ പറഞ്ഞു. പടിഞ്ഞാറൻ അതിർത്തിയിലും നിയന്ത്രണരേഖയിലും വെള്ളി രാത്രിയും ഡ്രോൺ ആക്രമണമുണ്ടായിരുന്നു. ഇന്ത്യന്‍ സേന ശക്തമായി പ്രതിരോധിച്ചു. വ്യാഴം രാത്രി മുതൽ പടിഞ്ഞാറൻ അതിർത്തിയിലുടനീളം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് കനത്ത ആക്രമണം നടത്തിയശേഷമാണ് വെള്ളിയാഴ്‌ചയും പാകിസ്ഥാൻ പ്രകോപനം തുടരുന്നത്.
അന്താരാഷ്‌ട്ര യാത്രാവിമാനങ്ങളെ മറയാക്കിയാണ് പാകിസ്ഥാൻ ആക്രമണം നടത്തിയതെന്ന് ഇന്ത്യൻ സേനയും വിദേശമന്ത്രാലയവും കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. സംഘർഷമേഖലയിൽ പോലും വ്യോമമേഖല അടച്ചിടാൻ പാകിസ്ഥാൻ തയ്യാറായില്ല. കറാച്ചി–-ലാഹോർ റൂട്ടിൽ അന്താരാഷ്‌ട്രവിമാനങ്ങൾ ഈ ഘട്ടത്തിൽ പറന്നു. നിരപരാധികളായ വിമാനയാത്രികരുടെ ജീവന് അപകടം വരാത്തവിധം അങ്ങേയറ്റം സംയമനം പാലിച്ചായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണമെന്നും വിങ് കമാൻഡർ വ്യോമിക സിങ്ങും കേണൽ സോഫിയ ഖുറേഷിയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

