Site iconSite icon Janayugom Online

ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് സൈന്യത്തെ ഇറക്കണം

പശ്ചിമ ബംഗാൾ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിക്കാനുള്ള കൽക്കട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ പശ്ചിമ ബംഗാൾ സർക്കാരും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും നല്‍കിയ ഹര്‍ജികള്‍ ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് തള്ളി. ബംഗാളിലെ തെരഞ്ഞെടുപ്പുകളില്‍ അക്രമങ്ങള്‍ ഉണ്ടായതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ടെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ഭാരിച്ച ഉത്തരവാദിത്തമാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്നത്. 75,000 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകമായും നടത്തുന്നതിന് കേന്ദ്രസേനാ വിന്യാസം അനിവാര്യമാണ്. ഏത് സേനയെയാണ് വിന്യസിക്കുന്നത് എന്നല്ല, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെക്കുറിച്ചാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ആശങ്കപ്പെടേണ്ടതെന്ന് ബെഞ്ച് പറഞ്ഞു. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ എത്തുന്ന കേന്ദ്രസേന ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയല്ലെന്നും സംസ്ഥാന പൊലീസുമായി സഹകരിച്ചാവും പ്രവര്‍ത്തിക്കുകയെന്നും ജസ്റ്റിസ് നാഗരത്ന കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സേനാ വിന്യാസത്തെ സംസ്ഥാന സര്‍ക്കാര്‍ ഭയക്കുന്നതായി, ആവശ്യമുന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ അഭിഭാഷകന്‍ ഹരിഷ് സാല്‍വെ പറഞ്ഞു. പ്രശ്നബാധിതമായ 189 ബുത്തുകള്‍ മാത്രമാണ് ഉള്ളതെന്നും ഇവിടെ 50,000 പൊലീസുകാരെ വിന്യസിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. കൂടാതെ 8,000 പേരെ അധികമായി വിന്യസിക്കുമെന്നും അദേഹം കോടതിയെ ബോധിപ്പിച്ചു. ജൂലൈ എട്ടിന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പോർട്ട് ചെയ്യപ്പെട്ട അക്രമങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്ത് കേന്ദ്ര അർധസൈനിക വിഭാഗത്തെ വിന്യസിക്കാൻ ഹൈക്കോടതി കഴിഞ്ഞയാഴ്ചയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിച്ചത്. നാമനിർദേശ പത്രികാ സമര്‍പ്പണ നടപടികൾ ആരംഭിച്ചതിന് ശേഷം നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അക്രമത്തിൽ ഇതുവരെ ആറ് പേര്‍ കൊല്ലപ്പെട്ടു. ബലംപ്രയോഗിച്ച് നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിക്കുന്നതിന് പൊലീസ് നേരിട്ടിറങ്ങിയിരിക്കുകയാണെന്നാണ് പലയിടങ്ങളില്‍ നിന്നും വാര്‍ത്തകള്‍ വരുന്നത്. ദാസ്പൂർ, ബാരണ്യ തുടങ്ങിയ വിവിധ മേഖലകളിൽ ഇത്തരത്തില്‍ നാമനിർദേശ പത്രിക പിൻവലിപ്പിച്ചു. പരിക്കേറ്റ നിരവധി പേര്‍ ആശുപത്രിയിലാണ്. ഇടതുസ്ഥാനാര്‍ത്ഥി മാലിനിയെ വീട്ടില്‍ നിന്ന് ബലം പ്രയോഗിച്ച് ദാസ്പൂര്‍ ബിഡിഒ ഓഫിസിലെത്തിച്ച് പൊലീസ് സംരക്ഷണയിലാണ് പത്രിക പിന്‍വലിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ പ്രവര്‍ത്തകരെ വഴിയില്‍ പൊലീസ് തടയുകയും ചെയ്തു. മുർഷിദാബാദിലെ ബരണ്യയിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങളും മറ്റ് പേപ്പറുകളും വലിച്ചുകീറി. ചോപ്ര, കാനിങ്, സന്ദേശ്ഖാലി, മീനാഖ തുടങ്ങിയ പ്രദേശങ്ങളില്‍ പത്രിക നല്‍കുന്നത് തടസപ്പെടുത്തി. സൗത്ത് 24 പർഗാന ജീല്ലയില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയുടെ വീട് തൃണമൂൽ അക്രമികൾ വളഞ്ഞ വിവരം അറിയിച്ചിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ല. ദാസ്പൂർ‑1 ബ്ലോക്കിലെ നിഴ്നാരജോല്‍ പഞ്ചായത്തിലെ ഇടതു സ്ഥാനാർത്ഥി സുഷമ സൗവിനെ പൊലീസുകാര്‍ വലിച്ചിഴച്ചാണ് ബ്ലോക്ക് ഓഫിസിലെത്തിച്ച് പത്രിക പിന്‍വലിച്ചതായി അറിയിച്ചത്. എന്നാല്‍ താന്‍ അത് ചെയ്യില്ലെന്ന് ആവര്‍ത്തിച്ചപ്പോള്‍ മര്‍ദിക്കുകയും ചെയ്തു. അവരിപ്പോള്‍ ആശുപത്രിയിലാണ്. ബരാക്പൂർ ബ്ലോക്കില്‍ ബന്ദിപ്പൂർ പഞ്ചായത്തിലെ സ്ഥാനാർത്ഥി സോമ ഡേയുടെ നാമനിർദേശ പത്രിക പിൻവലിക്കാൻ തയാറാകാതിരുന്നതിനാല്‍ അക്രമികള്‍ തിങ്കളാഴ്ച രാത്രി വീട് അടിച്ചു തകർത്തു. പത്രിക പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന് തൃണമൂൽ ഭീഷണിപ്പെടുത്തിയതായി പ്രദേശവാസികൾ പറഞ്ഞു.

eng­lish summary;Army should be deployed for local elec­tions in Bengal

you may  also like this video;

;
Exit mobile version